ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും; സെക്രട്ടേറിയറ്റിൽ ചർച്ചയാകും
ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. അതിനിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ട് എത്തി ഡോ പി സരിന് വേണ്ടി പ്രചാരണം നടത്തും. ഇപി ജയരാജന്റെ ആത്മകഥയിൽ ഡോ പി സരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപിയുടെ നീക്കം.
സിപിഎമ്മിനെ സംഘടനാപരവുമായും പ്രതിരോധത്തിൽ ആക്കുന്നതാണ് ഇ.പി.ജയരാജന്റെ ആത്മകഥ. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തളളിപ്പറയുന്നതും ജാവദേക്കർ കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലെ അതൃപ്തിയും ഇപി പുസ്തകത്തിൽ പറയുന്നുണ്ട്.
ആറ് പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ പങ്ക് വെയ്ക്കുന്ന ഇ.പി.ജയരാജന്റെ ആത്മകഥ സാധാരണ നിലയിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രമായി കൂടി മാറേണ്ടതാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പുറത്തുവന്ന ആത്മകഥയിലെ വിവരങ്ങൾ പാർട്ടിയെ വെട്ടിലാക്കുന്നതായിരുന്നു.