ഷാര്‍ജ പുസ്തകോത്സവം: യുഎഇയുടെ ചരിത്രം പറയുന്ന മെലീഹ പ്രദേശത്തെക്കുറിച്ചുള്ള പുസ്തകത്തിന് പ്രത്യേക ഇടം
ഷാര്‍ജ: അപൂര്‍വ ചരിത്രശേഷിപ്പുകള്‍ക്കും പുരാവസ്തു കണ്ടെത്തലുകള്‍ക്കും പേരുകേട്ട ഷാര്‍ജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. രാജ്യത്തിന്റെ സാംസ്കാരികോത്സവമായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ‘മെലീഹ – ആന്‍ഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് അസൗലിന് പ്രസിദ്ധീകരണങ്ങള്‍ക്ക് മാത്രമായി പ്രത്യേക പവലിയനും ഒരുക്കിയിരിക്കുകയാണ് ഷാര്‍ജ ഹൗസ് ഓഫ് വിസ്ഡം. പുസ്തകത്തിന്റെ റീ-റിലീസിങ്ങാണ് നടന്നത്. ഷാര്‍ജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്) ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൂദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് അസൗലിന് പവിലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
‘പ്രിയപ്പെട്ട ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഈ പുതിയ ശേഖരമെന്നും വിദ്യാര്ഥികള്ക്കുംഗവേഷകര്ക്കുമെല്ലാം പല നാടുകളുടെയും സംസ്കാരവും ചരിത്രവും അടുത്തറിയാനും അത് വഴി സ്വന്തം ദേശത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും ഈ പുസ്തകങ്ങള്‍ പ്രേരകമാവുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇന്നത്തെ ഷാര്‍ജയും യുഎഇയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കും നമ്മുടെ പൈതൃകത്തിലേക്കും വാതില്‍ തുറക്കുന്ന പുസ്തകമാണിത്. ഷാര്‍ജ ആര്‍ക്കിയോളജി വകുപ്പിലെ വിദഗ്ധര്‍, ഗവേഷകര്‍, വിഷയത്തില്‍ അവഗാഹമുള്ള പണ്ഡിതര്‍ എന്നിവരുമെല്ലാമായി സഹകരിച്ച് മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറന്‍സായി മാറും. അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകള്‍ക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കും’ – പവിലിയന് ഉദ്ഘാടനം ചെയ്തുകൊണ്ട് ശൈഖ ബൂദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി വ്യക്തമാക്കി.
ചരിത്ര കുതുകികള്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ അറിവുകള്‍ തേടുന്ന ഏത് സന്ദര്‍ശകനും ഒരുപോലെ ഉപകാരപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണിയാണ് അസൗലിന് പ്രസിദ്ധീകരണങ്ങള്‍ക്കായുള്ള ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ആഗോള കല, ചരിത്രം, സംസ്കാരം എന്നിവയിലേക്കുള്ള ജാലകം തുറക്കുന്നതോടൊപ്പം യുഎഇയുടെ പൈതൃകത്തോടുള്ള ജിജ്ഞാസ ഉണര്‍ത്താനും സന്ദര്‍ശകര്‍ക്ക് അതേക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുകയുമാണ് പ്രത്യേകം തയാറാക്കിയ ഈ പുസ്തക ശേഖരത്തിലൂടെ പുസ്തകോത്സവത്തിന്റെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഹൗസ് ഓഫ് വിസ്ഡത്തില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം അതോറിറ്റി (എസ്സിടിഡിഎ) ചെയര്‍പേഴ്സണ്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ, ഷുറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അല്‍ ഖസീര്‍, ഹൗസ് ഓഫ് വിസ്ഡം ഡയറക്ടര്‍ മര്‍വ അല്‍ അഖ്റൂബി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി സന്നിഹിതരായിരുന്നു.