Gulf

ദുബൈക്ക് പിന്നാലെ അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസയുമായി റാസല്‍ ഖൈമയും രംഗത്ത്

റാസല്‍ഖൈമ: ദുബൈക്ക് പിന്നാലെ അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രോഗ്രാം പ്രഖ്യാപിച്ച് റാസല്‍ഖൈമ രംഗത്ത്. പൊതു-സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കാണ് ഗോള്‍ഡന്‍ വിസക്ക് അര്‍ഹതയുണ്ടാവുക. യോഗ്യതാ ആവശ്യകതകള്‍ നിറവേറ്റുന്ന പ്രൊഫഷണലുകള്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്ത ദീര്‍ഘകാല റെസിഡന്‍സി സ്‌കീം നല്‍കുമെന്ന് റാസല്‍ ഖൈമ നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സ്‌കൂള്‍ ഡയറക്ടര്‍മാര്‍ എന്നിങ്ങനെ സ്‌കൂള്‍ ലീഡര്‍മാരാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ഒരു വിഭാഗം. ഇതിനു പുറമെ, നിലവില്‍ റാസല്‍ഖൈമയിലെ പൊതു, സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന എല്ലാ യോഗ്യതയുള്ള അധ്യാപകര്‍ക്കും പുതിയ വിസ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനാവുമെന്നും വകുപ്പ് അറിയിച്ചു. സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ 10 വര്‍ഷത്തെ വിസയ്ക്ക് യോഗ്യരല്ലെന്ന് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ പുറത്തിറക്കിയ യോഗ്യതാ ഗൈഡില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റാസല്‍ ഖൈമയില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ റെസിഡന്‍സിയും ജോലിയും, പ്രസക്തമായ ഒരു ഉന്നത ബിരുദവും ഉള്ള തങ്ങളുടെ സ്‌കൂളിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ കാര്യമായ സംഭാവന ചെയ്ത വ്യക്തികളായിരിക്കണം.

ഔദ്യോഗിക അപ്പോയിന്റ്‌മെന്റ് ലെറ്റര്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍സിയുടെയും ജോലിയുടെയും രേഖകള്‍, സ്‌കൂള്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിന് അവര്‍ നല്‍കിയ സംഭാവനകളുടെ തെളിവുകള്‍ എന്നിവ സമര്‍പ്പിക്കണം. ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചുകഴിഞ്ഞാല്‍, റാസല്‍ ഖൈമ നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് അവ അവലോകനം ചെയ്യും. അര്‍ഹരായ ആളുകള്‍ക്ക് ഇതേക്കുറിച്ച് സന്ദേശം അയക്കും. ഗോള്‍ഡന്‍ വിസ പ്രോസസ്സിംഗിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി)യെയാണ് ഇവര്‍ സമീപിക്കേണ്ടതെന്നും റാസല്‍ ഖൈമ നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു.

Related Articles

Back to top button