ഷാര്‍ജ പുസ്തകോത്സവത്തില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരെത്തും; ഇന്ന് അഖില്‍ പി ധര്‍മജനും നാളെ റഫീഖ് അഹമ്മദും രാമചന്ദ്രനും വിനോയ് തോമസും വായനക്കാരുമായി സംവദിക്കും
ഷാര്‍ജ: 43ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം അവസാന ലാപ്പിലേക്ക് എത്തിനില്‍ക്കേ മേളയെ സമ്പനന്നമാക്കാന്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാര്‍ എത്തുന്നു. മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളുമാണ് ഗള്‍ഫിലെ ആസ്വാദകരുമായി സംവദിക്കാനെത്തുന്നത്. ഇന്ന് രാത്രി എട്ട് മുതല്‍ 9:30 വരെ ഇന്റലക്ച്വല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജന്‍ വായനക്കാരുമായി സംവദിക്കും.
‘പുസ്തകത്തിനപ്പുറമുള്ള കഥകള്‍ – റാം C/O ആനന്ദിയുടെ കഥാകാരന്‍ അഖില്‍ പി ധര്‍മജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ കൃതികള്‍ സ്വയം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നൂവെന്ന് വിശദീകരിക്കുക. സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും ജനപ്രിയനായ നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് അഖില്‍ പി ധര്‍മജന്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ മാത്രം റാം C/O ആനന്ദിയുടെ 2,70,000 കോപ്പികളാണ് വിറ്റുപോയത്.
നാളെ(16 ശനി) പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും. രാത്രി 7:15 മുതല്‍ 8:15 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. 16ന് രാത്രിതന്നെ 8:15 മുതല്‍ 9:15വരെ ഇന്റലക്ച്വല്‍ ഹാളില്‍ കാവ്യസന്ധ്യ നടക്കും. പ്രിയപ്പെട്ട കവികളായ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും കവിതകളുമായി എത്തും. ഇരുവരും കവിതാലാപനത്തിനൊപ്പം സദസ്യരുമായി സംവദിക്കും.