BusinessKerala

കോഴിക്കും മത്തിക്കും വില കുറയുമ്പോള്‍ ആട്ടിറച്ചിക്കും പാലിനും വില കുതിക്കുന്നു

ആട്ടിന്‍ പാലിന് 100 രൂപ; ഇറച്ചിക്ക് 900

ഏറെ ഔഷധ ഗുണങ്ങളുള്ള ആട്ടിന്‍ പാലിനും ആട്ടിറച്ചിക്കും വില കുതിക്കുന്നു. ലിറ്ററിന് 70 രൂപയുണ്ടായിരുന്ന ആട്ടിന്‍ പാലിന് 100 രൂപയായിട്ടുണ്ട്. ആട്ടിറച്ചിയുടെ വില തൊള്ളായിരം രൂപയിലേക്ക് എത്തിയിട്ടുണ്ട്. കോഴിക്കും മത്തിക്കും വില കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മാംസ വിപണിയില്‍ ആട് വില വര്‍ധനവില്‍ വിരാചിക്കുന്നത്.

അതേസമയം, കേരളത്തില്‍ നാടന്‍ ആടിനും ആട്ടിന്‍ പാലിനും ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ആട് കര്‍ഷകരുടെ പ്രത്യേകിച്ച് നാടന്‍ ആടിനെ പോറ്റുന്നവരും ഇത്തരം ഫാമുകളും കുത്തനെ കുറഞ്ഞതാണ് വില വര്‍ധനക്ക് കാരണമെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

പശുവിന്‍ പാലിനേക്കാള്‍ ഗുണപ്രദമാണ് ആട്ടിന്‍പാല്‍. മാത്രമല്ല പ്രായമായവര്‍ക്കും ഹൃദ്രോഗമുള്ളവര്‍ക്കും ഏറെ നല്ലതാണ് ഇത്. അതിനാല്‍ തന്നെ ആട്ടിന്‍പാലിന് ആവശ്യക്കാരേറെയാണ്. മണ്ണുത്തിയിലെ സര്‍ക്കാര്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിലവില്‍ നൂറ് രൂപയ്ക്കാണ് ഒരുലിറ്റര്‍ നാടന്‍ ആട്ടിന്‍പാല്‍ വില്‍ക്കുന്നത്.

ആടുകള്‍ക്ക് നല്‍കാനുള്ള തീറ്റക്ക് മുന്‍ വര്‍ഷത്തെക്കാള്‍ വില ഉയര്‍ന്നിട്ടുണ്ട്. 15 രൂപയായിരുന്ന ഗോതമ്പ് ഉമിക്ക് ഇപ്പോള്‍ 33 രൂപയും പിണ്ണാക്കിന് 55 മുതല്‍ 60 വരെയുമാണ് വില. ഇതിനൊപ്പം ആടുകള്‍ക്ക് രോഗങ്ങള്‍ കൂടി പിടിപെടുന്നത് കര്‍ഷകരെ വലയ്ക്കുന്നുണ്ട്.

Related Articles

Back to top button