Gulf

ഖലീജ് ടൈംസ് മുന്‍ ജനറല്‍ മാനേജര്‍ സി എ ഖലീല്‍ അന്തരിച്ചു

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃനിരയിലെ വിശിഷ്ട വ്യക്തിത്വവും യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസിന്റെ മുന്‍ ജനറല്‍ മാനേജറുമായ എസ് എം സെയ്ദ് ഖലീലുല്‍ റഹ് മാന്‍(86) എന്ന സി എ ഖലീല്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മങ്കൂളിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യമെന്ന് മകന്‍ റെയ്‌സ് അഹമ്മദ് വെളിപ്പെടുത്തി.

കാലിനുള്ള ബലക്കുറവ് ഉള്‍പ്പെടെയുള്ള വാര്‍ധക്യസഹജമായ അസുഖങ്ങളുമായി ആശുപത്രിയില്‍ കഴിയവേ ഇരട്ട ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച ഖലീല്‍ ഇന്റര്‍നാഷ്ണല്‍ ട്രേഡിങ് രംഗത്തെയും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. ഐസിഎഐ(ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ)യുടെ സ്ഥാപക അംഗമായിരുന്നതിനൊപ്പംതന്നെ 1987 മുതല്‍ 1994 വരെയുള്ള കാലഘട്ടത്തില്‍ സംഘടനയുടെ ചെയര്‍മാനുമായിരുന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന അദ്ദേഹം ആദ്യം മഹീന്ദ്ര യൂജിന്‍ സ്റ്റീലിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ഖലദാരി കുടുംബത്തോടൊപ്പം ചേരുകയായിരുന്നു. ഖലീജ് ടൈംസിലെ സേവനത്തിനുശേഷം ഇലിയാസ് ആന്റ് മുസ്തഫ ഖലദാരി ഗ്രൂപ്പിലേക്ക് എക്‌സിക്യൂട്ടീവ് ഡയരക്ടറായി നിയമിക്കപ്പെടുകയായിരുന്നു. കര്‍ണാടകയിലെ ബട്കല്‍ സ്വദേശിയാണ്. മരണ വാര്‍ത്ത വന്നതും ഇന്ത്യന്‍ സമൂഹം അക്ഷരാര്‍ഥത്തില്‍ ദുഃഖാര്‍ത്തരായി, പ്രത്യേകിച്ചും ബട്കല്‍ സ്വദേശികള്‍.

Related Articles

Back to top button