രണ്ട് വര്‍ഷത്തിനിടെ ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത് മയക്കുമരുന്നായി ഉപയോഗിക്കാവുന്ന 27,000 പെട്ടി തുള്ളിമരുന്നുകള്‍
ദുബൈ: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മയക്കുമരുന്നായി ഉപയോഗിക്കാന്‍ കഴിയുന്ന 27,000 പെട്ടി കണ്ണില്‍ ഉറ്റിക്കുന്ന തുള്ളിമരുന്നുകള്‍ പിടിച്ചെടുത്തതായി ദുബൈ കസ്റ്റംസ് അറിയിച്ചു. യുഎഇയില്‍ നിയന്ത്രിത പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മരുന്നാണിത്. രാജ്യത്ത് മെഡിക്കല്‍ കുറിപ്പടി ഇല്ലാതെ വില്‍ക്കുന്നതിനോ, ഉപയോഗിക്കുന്നതിനോ നിരോധനമുള്ളതുകൂടിയാണിവയെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഖാലിദ് അഹമ്മദ് യൂസഫ് വ്യക്തമാക്കി.
2021 ലെ ഫെഡറല്‍ ഡിക്രിയിലെ മുപ്പതാം നമ്പര്‍ നിയമം അനുസരിച്ച് മയക്കുമരുന്ന് പദാര്‍ത്ഥങ്ങളുടെ ഉപയോഗം, വിതരണം, കടത്ത് തുടങ്ങിയവ യുഎഇ കര്‍ശനമായി നിരോധിച്ചിരിക്കുന്നതാണ്. മയക്കുമരുന്നുകള്‍ക്കും സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍ക്കും എതിരായ പോരാട്ടത്തിന് ശക്തിപകരുന്നതാണ് ഈ നിയമം. അത്തരം വസ്തുക്കളുടെ ഇറക്കുമതി, കയറ്റുമതി, നിര്‍മ്മാണം, കൈവശം വയ്ക്കല്‍, എന്നിവയും കര്‍ശനമായ നിയന്ത്രണ മേല്‍നോട്ടമില്ലാതെ അവ ഉള്‍പ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത തുള്ളി മരുന്ന് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയും മെഡിക്കല്‍ മേല്‍നോട്ടമില്ലാതെ അത് കഴിക്കുന്നവരില്‍ മയക്കുമരുന്നിന് സമാനമായ ലഹരി ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വാക്വം സീല്‍ ചെയ്ത ബാഗുകളില്‍ ഒളിപ്പിച്ച് 13 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ഒരു ക്രിമിനല്‍ പദ്ധതി ദുബൈ കസ്റ്റംസ് കണ്ടെത്തി തകര്‍ത്തിരുന്നു. നിയമവിരുദ്ധമായ സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ കടത്തിയതിനും കൈവശം വച്ചതിനും കഴിഞ്ഞ ദിവസം ഒരാളെ ദുബൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. യുഎഇയില്‍ ജീവപര്യന്തം ശിക്ഷ 25 വര്‍ഷമാണെന്നും ഇയാള്‍ക്ക് രണ്ടുലക്ഷം ദിര്‍ഹം പിഴ ചുമത്തുകയും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. 47 കാരനായ മലേഷ്യന്‍ പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ദുബൈ കസ്റ്റംസ് പിടികൂടിയ ഇയാളില്‍നിന്ന് ഗണ്യമായ അളവില്‍ കെറ്റാമൈന്‍ ഒളിപ്പിച്ച രണ്ട് ഷിപ്പ്‌മെന്റുകള്‍ പിടിച്ചെടുത്തിരുന്നു. 2023 ഡിസംബര്‍ 15ന് ബെല്‍ജിയത്തില്‍ നിന്നുള്ള വിമാനത്തിലായിരുന്നു ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാട്ടര്‍ ഫില്‍ട്ടറില്‍ ഒളിപ്പിച്ച നിലയില്‍ 2,892 ഗ്രാം കെറ്റാമൈന്‍ കണ്ടെത്തുകയായിരുന്നൂവെന്നും ഖാലിദ് അഹമ്മദ് വെളിപ്പെടുത്തി.