കുത്തേറ്റ് മരിച്ച മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് നാലു ലക്ഷം റിയാല്‍ നഷ്ടപരിഹാരം
ദമാം: ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ കുത്തേറ്റ് മരിച്ച മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് നാലു ലക്ഷം റിയാല്‍(ഏകദേശം ഒരു കോടി രൂപ) നഷ്ടപരിഹാരം ലഭിച്ചു. പ്രവാസിയായിരുന്ന ചെറുകര കട്ടുപ്പാറ പൊരുതിയില്‍ മുഹമ്മദലിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലായിരുന്നു 2023 ജനുവരിയില്‍ പ്രവാസി സമൂഹത്തെ ഒന്നടങ്കം നടുക്കിയ കൊല നടന്നത്.
മുഹമ്മദലി ജോലിചെയ്യുന്ന കമ്പനിയിലെ ലേബര്‍ ക്യാംപില്‍ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങവേ ചെന്നൈ സ്വദേശിയായ മഹേഷ് പ്രകോപനമില്ലാതെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ മുഹമ്മദലിയെ കമ്പനി അധികാരികള്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മുഹമ്മദലിയെ ജുബൈലില്തന്നെയായിരുന്നു ഖബറടക്കിയത്.
വിഷാദരോഗം ബാധിച്ച മഹേഷ് കൊല ചെയ്തതിന്റെ കുറ്റബോധത്തില്‍ ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ഇയാള്‍ സഊദി ജയിലില്‍ തടവ് അനുഭവിച്ച് വരികയാണ്. ജോലിയില്‍ ഇരിക്കേ മരിച്ചാല്‍ കമ്പനിയില്‍നിന്നും നഷ്ടപരിഹാരമായി ഇന്‍ഷൂറന്‍സ് തുക ലഭിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ജുബൈല്‍ കെഎംസിസി പ്രസിഡന്റ് ഉസ്മാന് ഒട്ടുമ്മലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളാണ് നഷ്ടപരിഹാരമായി ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിലേക്ക് എത്തിയത്.
കമ്പനിയുടെ എക്കൗണ്ടിലേക്ക് എത്തിയ തുക ഇന്ത്യന്‍ എംബസിയുടെ എക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. അധികം വൈകാതെ മുഹമ്മദലിയുടെ കുടുംബത്തിന്റെ നാട്ടിലുള്ള എക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ആവുമെന്നാണ് കരുതുന്നത്. ഭാര്യയും നാലു പെണ്‍കുട്ടികളുമാണ് മുഹമ്മദലിക്കുള്ളത്. ഇവരുടെ ഭാവി ശോഭനമാക്കാനായിരുന്നു മുഹമ്മദലി മണലാരണ്യത്തിലേക്ക് പുറപ്പെട്ടത്.