National

മഹാരാഷ്ട്രയിൽ എൻഡിഎ ലീഡ് നിലയിൽ കേവലഭൂരിപക്ഷം കടന്നു, ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം

എൻഡിഎ മുന്നണിയും ഇന്‍ഡ്യ മുന്നണിയും നേർക്കുനേർ നിന്ന് പോരാടിയ സംസ്ഥാനങ്ങൾ എന്ന നിലയിൽ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രധാന്യമുണ്ട്. കോൺ​ഗ്രസ്, ശിവസേന യുബിടി, എൻസിപി ശരദ് പവാർ വിഭാ​ഗം എന്നിവർ അണിനിരന്ന മഹാവികാസ് അഘാഡിയയും ബിജെപി, ശിവസേന ഷിൻഡെ വിഭാ​ഗം എൻസിപി അജിത് പവാ‍ർ വിഭാ​ഗം എന്നിവ‍ർ ചേരുന്ന മഹായുതി സഖ്യവുമാണ് മഹാരാഷ്ട്രയിൽ ഏറ്റുമുട്ടുന്നത്. നിലവിൽ ഭരണസഖ്യമായ മഹായുതി സഖ്യം നേട്ടമുണ്ടാക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്.

288 നിയമസഭാ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണ്. സഖ്യകക്ഷികൾ പരസ്പരം മത്സരിക്കുന്ന ഒരു ഡസനിലേറെ മണ്ഡലങ്ങളും മഹാരാഷ്ട്രയിലുണ്ട്. അതിനാൽ തന്നെ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാലും നാടകീയ സംഭവവികാസങ്ങൾ രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ 66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്കുള്ള പോളിങ്ങായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 61.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 61.29 ആയിരുന്നു പോളിങ്. ജാ‍‍ർ‌ഖണ്ഡിൽ മഹാഖഡ്ബന്ധനും എൻഡിഎ സഖ്യവുമാണ് മുഖാമുഖം വരുന്നത്. ജെഎംഎം, കോൺ​ഗ്രസ്, രാഷ്ട്രീയ ജനതാദൾ, സിപിഐഎംഎൽ ലിബറേഷൻ എന്നിവരാണ് മഹാഖഡ്ബന്ധൻ സഖ്യത്തിലുള്ളത്. എൻഡിഎ സഖ്യത്തിൽ ബിജെപി, ജെഡിയു, ലോക് ജനശക്തി രാം വിലാസ് പസ്വാൻ, ഓൾ ജാ‍ർഖണ്ഡ് സ്റ്റുഡൻ്റ് യൂണിയൻ എന്നിവരാണ് ഉള്ളത്. ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായാണ് ആകെയുള്ള 88 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ജാ‍ർഖണ്ഡിൽ കേവല ഭൂരിപക്ഷത്തിനായി 45 സീറ്റുകളാണ് ആവശ്യമുള്ളത്. എക്സിറ്റ് പോൾ ഫലസൂചനകളിൽ ഭരണസഖ്യമായ മഹാഖഡ്ബന്ധന് തിരിച്ചടി നേരിടുമെന്നാണ് പ്രവചനം. ജാ‍ർഖണ്ഡിൽ 67.74 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 65.38 ശതമാനം പോളിങ്ങാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 66.80 ശതമാനമായിരുന്നു ഇവിടുത്തെ പോളിങ് ശതമാനം.

Related Articles

Back to top button
error: Content is protected !!