Gulf

ഡിസംബറോടെ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ

അബുദാബി: സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഡിസംബര്‍ അവസാനത്തോടെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. ലക്ഷ്യം കൈവരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച ആനുകൂല്യങ്ങളും വീഴ്ചവരുത്തുന്നവര്‍ക്ക് കനത്ത പിഴയും ഉണ്ടാവുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 14 നിര്‍ദിഷ്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ 20 മുതല്‍ 49 വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സ്വദേശിവല്‍ക്കണ നയങ്ങള്‍ ബാധകമാണ്. ഈ സ്ഥാപനങ്ങള്‍ കുറഞ്ഞത് ഒരു സ്വദേശിയെയെങ്കിലും പുതുതായി നിര്‍മിക്കേണ്ടതുണ്ട്.

2024 ജനുവരി 1ന് മുമ്പ് നിയമിച്ച സ്വദേശികളെ ജോലിയില്‍ നിലനിര്‍ത്തുകയും വേണം. നിയമിക്കാത്ത ഓരോ സ്വദേശി ജീവനക്കാരനും പകരം 96,000 ദിര്‍ഹം സംഭാവന ഈ സ്ഥാപനങ്ങള്‍ നല്‍കേണ്ടിവരും. അമ്പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് എമിറേറ്റൈസേഷന്‍ പോളിസികള്‍ ബാധകമാണ്. വര്‍ഷാവസാനത്തോടെ വിദഗ്ധ തസ്തികകളിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനം വര്‍ധനവ് ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

20,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ സ്വദേശിവത്കരണം നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. കേസിന്റെ തീവ്രതയനുസരിച്ച്, നിയമലംഘനം നടത്തുന്ന കമ്പനിയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യും. എമിറേറ്റൈസേഷന്‍ നയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം മന്ത്രാലയത്തിന്റെ കോള്‍ സെന്ററില്‍ 600590000 എന്ന നമ്പറിലോ, മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്പ് വഴിയോ, വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു

രാജ്യത്തെ 22,000 സ്വകാര്യമേഖലാ കമ്പനികള്‍ സ്വദേശിവത്ക്കരണ ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി. വിവിധ മേഖലകളിലെ എമിറാത്തി തൊഴിലന്വേഷകരുമായി ബന്ധപ്പെടുന്നതിന് നാഫിസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ മന്ത്രാലയം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് ഈ കമ്പനികള്‍ക്ക് ആവശ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പിന്തുണ നല്‍കും. സ്വദേശി ജീവനക്കാരെ പെന്‍ഷന്‍, റിട്ടയര്‍മെന്റ്, സാമൂഹിക സുരക്ഷാ സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം(ഡബ്ല്യുപിഎസ്) വഴി അവരുടെ പ്രതിമാസ ശമ്പളം പ്രോസസ്സ് ചെയ്യാനും മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. സ്വദേശിവത്ക്കരണ ലക്ഷ്യങ്ങള്‍ ശരിയാംവിധം പൂര്‍ത്തീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എമിറേറ്റൈസേഷന്‍ പാര്‍ട്‌ണേഴ്‌സ് ക്ലബ് നല്‍കുന്ന വിവിധ ആനുകൂല്യങ്ങളില്‍ നിന്ന് പ്രയോജനവും കിട്ടും.

1,934 സ്വകാര്യ കമ്പനികള്‍ എമിറേറ്റൈസേഷന്‍ നയങ്ങള്‍ ലംഘിച്ചതായി ബുധനാഴ്ച കണ്ടെത്തിയതായി യുഎഇ അതോറിറ്റി അറിയിച്ചു. 2022 പകുതി മുതല്‍ 2024 നവംബര്‍ 19വരെയുള്ള കാലത്തെ കണാക്കാണിത്. ഈ കമ്പനികള്‍ നയങ്ങള്‍ ലംഘിച്ച് 3,035 യുഎഇ പൗര•ാരെ വ്യാജമായി നിയമിച്ചതായി കാണിച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. എമിറേറ്റൈസേഷന്‍ ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഏതൊരു ശ്രമവും കര്‍ശനമായും നിയമത്തിന് അനുസൃതമായും നേരിടുമെന്നും അതോറിറ്റി താക്കീത് നല്‍കി.

സ്വദേശിവാത്കരണം കാര്യക്ഷമായി നടപ്പാക്കുന്ന കമ്പനികള്‍ക്ക് മന്ത്രാലയ ഫീസില്‍ 80 ശതമാനം വരെ കിഴിവുകളും സര്‍ക്കാര്‍ നടപടികളില്‍ മുന്‍ഗണനയും നല്‍കും. വ്യാജ എമിറേറ്റൈസേഷന്‍ സ്‌കീമുകള്‍ വഴി സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങളില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങളില്‍ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണം. വ്യാജ എമിറേറ്റൈസേഷന്‍ സ്‌കീമുകളുടെ ഭാഗമാകാതിരിക്കാനും നഫീസ് പ്രോഗ്രാമില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനുമായി തൊഴില്‍ വാഗ്ദാനങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ എമിറാത്തി തൊഴിലന്വേഷകരോട് മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Back to top button