വ്യാജ കറന്‍സി: സഊദിയില്‍ ആറ് പൗരന്മാര്ക്ക് അഞ്ച് വര്‍ഷം വീതം തടവും അര ലക്ഷം റിയാല്‍ പിഴയും
റിയാദ്: കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ ആറ് സ്വദേശികള്‍ക്കെതിരേ അഞ്ച് വര്‍ഷം തടവും അര ലക്ഷം റിയാല്‍ പിഴയും വിധിച്ച് സഊദിയിലെ പ്രത്യേക കോടതി. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സഊദി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതികള്‍ വന്‍തോതില്‍ രാജ്യത്ത് കള്ളപ്പണം എത്തിച്ച് വിതരണം ചെയ്യുന്നതിന് നേതൃത്വം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് കേസും തടവും അനുഭവിക്കേണ്ടി വന്നത്.
കള്ളപ്പണം, വ്യാജ കറന്‍സി നിര്‍മാണം എന്നിവ സംബന്ധിച്ച ക്രിമിനല്‍ നിയമവും സാമ്പത്തിക തട്ടിപ്പ്, വിശ്വാസലംഘനം എന്നിവയെ ചെറുക്കുന്നതിനുള്ള നിയമവും ലംഘിച്ചതിന് പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പൗരന്മാര്ക്കെതിരെ കുറ്റം ചുമത്തി അന്വേഷണം നടത്തിയത്.
രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റില്‍നിന്ന് പ്രതികളിലൊരാള്‍ ഒരു ലക്ഷം റിയാല്‍ കള്ളപ്പണം ആവശ്യപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ പ്രതി സഊദി കറന്‍സികളുടെ വ്യാജനോട്ടുകള്‍ രാജ്യത്ത് എത്തിച്ച് ഉപയോഗിക്കുകയും മറ്റ് സഊദികള്‍ക്കൊപ്പം അവ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ, കള്ളനോട്ടുകള്‍ ഉപയോഗിച്ച് വലിയ തോതില്‍ സ്വത്ത് സമ്പാദിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തതായും പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചിരുന്നു.