ഊട്ടിയിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കണമെന്ന് മുന്നറിയിപ്പ്; വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ, ബസിന് മുകളിൽ മണ്ണും പാറയും വീണു
ഊട്ടി: കനത്ത മഴയെത്തുടർന്ന് മേട്ടുപ്പാളയം – ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം – കോത്തഗിരി സംസ്ഥാനപാതയിലും പലയിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി. ബർലിയാറിൽ അർദ്ധരാത്രി സർക്കാർ ബസിന് മുകളിൽ മണ്ണും പാറയും വീണു. ബസിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.
ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെ കനത്ത മഴയാണ് നീലഗിരി ജില്ലയിലും താഴ്‌വാര പ്രദേശമായ മേട്ടുപ്പാളയത്തും പെയ്യുന്നത്. കൂനൂർ റോഡിൽ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡിൽ മൂന്ന് സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളടങ്ങുന്ന സഞ്ചാരികളുടെ വാഹനങ്ങൾ രാത്രി മണിക്കൂറുകളോളം കുടുങ്ങിയെങ്കിലും പുലർച്ചെയോടെ സുരക്ഷിതമായി മേട്ടുപ്പാളയത്തിൽ നിന്ന് പുറപ്പെട്ടു.
കൂനൂർ – മേട്ടുപ്പാളയം കാനന പാതയിൽ റോഡിൽ ബർളിയാറിനും കൂനൂരിനും ഇടയിൽ വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ പിടിച്ചിട്ടിരിക്കുകയാണ്. സ്ഥലത്ത് കോയമ്പത്തൂർ മേഖലാ ഐജി രമ്യ ഭാരതിയുടെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്. ഇപ്പോൾ മേട്ടുപ്പാളയത്തുവച്ച് തന്നെ ഊട്ടി ഭാഗത്തേക്കുള്ള വാഹനങ്ങളെല്ലാം തടഞ്ഞിരിക്കുകയാണ്. നീലഗിരി ജില്ലയിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളും മാർഗങ്ങളും സുരക്ഷ മുൻനിർത്തി പൊലീസ് അടച്ചിട്ടു.
ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ നീലഗിരിയിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കണമെന്ന് അധികൃതർ അറിയിച്ചു. ഊട്ടിയിലേക്കുള്ള സർക്കാർ ബസ് സർവീസ് ഉൾപ്പെടെ നിർത്തിവച്ചു. ഒരാഴ്‌ച മുമ്പാണ് മഴയ്‌ക്ക് ശേഷമുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് പാറ വീണ് കാർ യാത്രക്കാരനായ വിമുക്തഭടൻ കൊല്ലപ്പെട്ടത്. ഇപ്പോഴും പലയിടങ്ങളിലും മണ്ണിടിച്ചിൽ തുടരുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം
