ഹാഫര്‍ അല്‍ ബത്തീനില്‍ ആറ് കോടി തൈകള്‍ വെച്ചുപിടിപ്പിക്കും
റിയാദ്: ഹാഫര്‍ അല്‍ ബത്തീന്‍ മേഖലയില്‍ പ്രകൃതിയുടെ സുസ്ഥിരത ഉറപ്പാക്കാന്‍ ആറ് കോടി വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് എന്‍സിവിസി(നാഷ്ണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍) സിഇഒ ഖാലിദ് അല്‍ അബ്ദുല്‍ഖാദര്‍ വ്യക്തമാക്കി. മരുഭൂവത്കരണത്തെ ചെറുക്കാനാണ് ഈ വമ്പന്‍ ഉദ്യമം ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ കൂടി സഹകരണത്തോടെയാണ് മേഖലയില്‍ പച്ചപ്പ് വര്‍ധിപ്പിക്കാന്‍ പദ്ധതി നടപ്പാക്കുന്നത്.
സുസ്ഥിരമായ വികസനം ഉറപ്പാക്കുന്നതിനൊപ്പം വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും പരിസ്ഥിതി സന്തുലനം ഉറപ്പാക്കാനും രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുന്നതെന്നും അല്‍ അബ്ദുല്‍ഖാദര്‍ പറഞ്ഞു. മേഖലയിലെ വെള്ളപ്പൊക്ക സാധ്യത ഇല്ലാതാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് മരം നട്ടുപിടിപ്പിക്കുന്നത്. രാജ്യത്തിന്റെ പച്ചപ്പ് മേഖല വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സഊദി പ്രസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.