Sports

ഈ ടി20 ഐ പി എല്ലിനേക്കാളും ആവേശകരമാണ്; ട്വിസ്റ്റുണ്ട്, വെടിക്കെട്ടുണ്ട്, ഒട്ടനവധി റെക്കോര്‍ഡുകളുമുണ്ട്; പക്ഷെ കാണികള്‍ ഇല്ലെന്ന് മാത്രം

ചാനലുകള്‍ തഴയുന്ന കളി ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകര്‍

പരസ്യങ്ങളില്ലാത്തതിനാല്‍ ചാനലുകള്‍ പിന്നാലെ പോകാത്ത ഒരു ദേശീയ ടി20 മത്സരം രാജ്യത്ത് നടക്കുന്നുണ്ട്. ഐ പി എല്ലിനേക്കാളും ആവേശകരമായ മത്സങ്ങളും അതിനേക്കാള്‍ കൂടുതല്‍ ടീമുകളും അണിനിരക്കുന്ന ടി20 മത്സരമായിട്ട് പോലും വേണ്ടത്ര ജനകീയമാക്കാന്‍ ശ്രമിക്കാത്തത് രാജ്യത്തെ കുത്തക കമ്പനികളുടെയും ചാനലുകളുടെയും ബോധപൂര്‍വമായ മൗനമാണ്. ഐ പി എല്ലിന് കിട്ടേണ്ട ജനശ്രദ്ധ ഒരുപക്ഷെ ഈ ടി20ക്ക് കിട്ടുമോയെന്ന പേടിയാണ്.

പറഞ്ഞുവരുന്നത് സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനെ കുറിച്ചാണ്. ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, മുഹമ്മദ് ഷമി തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്ന മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരവധി റെക്കോര്‍ഡുകളും ട്വിസ്റ്റുകളും ആവേശകരമായ അട്ടിമറികളും സംഭവിക്കുന്ന ഈ മത്സരത്തിന്റെ വാര്‍ത്തകള്‍ ലൈവായി ജനങ്ങളിലേക്ക് എത്തിക്കാന്‍ ചാനലുകള്‍ മടിക്കുകയാണ്. കാണികള്‍ ഇല്ലാത്തതിന്റെ കാരണവും അധികൃതരുടെയും രാജ്യത്തെ കുത്തക കമ്പനികളുടെയും അലംബാവമാണെന്ന് പറയുന്നത് അതിശയോക്തിയാകില്ല.

ബി സി സി ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന മുഷ്താഖ് അലി ട്രോഫി 2006 മുതലാണ് ആരംഭിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 38 ടീമുകള്‍ മാറ്റുരക്കുന്ന മത്സരങ്ങളില്‍ അഞ്ച് ഗ്രൂപ്പുകളാണുള്ളത്.

ഇപ്പോള്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന കേരളാ ടീം ഗ്രൂപ്പ് ഇ യിലാണുള്ളത്.

ഹൈദരബാദ് ടീമിന്റെ ക്യാപ്റ്റനായ തിലക് വര്‍മയുടെ റെക്കോര്‍ഡ് സെഞ്ച്വറി പിറന്നത് ഈ മത്സരത്തിലാണ്. ടീം ബറോഡക്ക് വേണ്ടി പാഡ് അണിയുന്ന ഹാര്‍ദിക് പാണ്ഡ്യ അടിച്ചു കസറുന്നതും ഈ മത്സരത്തിലാണ്. കരുത്തരായ മുംബൈയെ മുട്ടുകുത്തിച്ച് കേരളം മിന്നും വിജയം നേടിയതും കഴിഞ്ഞ ദിവസമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുഖ്യധാര മാധ്യമങ്ങള്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.

നിലവില്‍ പഞ്ചാബ് ആണ് മുഷ്താഖ് അലി ട്രോഫിയിലെ ചാമ്പ്യന്മാര്‍. ഏറ്റവും കൂടുതല്‍ കിരീടം ചൂടിയത് തമിഴ്‌നാടാണ്. കേരളത്തിന് ഇതുവരെ കിരീടം ലഭിച്ചിട്ടില്ലെന്നത് സങ്കടകരമാണ്. ഇക്കുറി കിരീടം ലഭിക്കാന്‍ പ്രാപ്തമായ ടീമും പ്രകടനവുമാണ് കേരളം കാഴ്ചവെക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതമാണ് അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുക. നിലവില്‍ നാല് മത്സരങ്ങളില്‍ നിന്നായി മൂന്ന് വിജയവും ഒരു തോല്‍വിയുമായി 12 പോയിന്റോടെ കേരളം ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ആന്ധ്ര പ്രദേശാണ് ഒന്നാം സ്ഥാനത്ത്. കരുത്തരായ മുംബൈ നാലാം സ്ഥാനത്താണ്.

ഐ പി എല്ലിനേക്കാള്‍ മുകളില്‍ പോകുന്ന ഈ മത്സരത്തോട് അധികാരികള്‍ കാണിക്കുന്ന നിസ്സംഗത കായിക പ്രേമികളെ നിരാശയിലാക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!