ഈദ് അല്‍ ഇത്തിഹാദ്: ഗതാഗത നിയമലംഘനങ്ങള്‍ക്ക് 50,000 ദിര്‍ഹംവരെ പിഴ

ദുബൈ: യുഎഇയുടെ 53ാമത് ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് 50,000 ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ആഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാനും റോഡില്‍ അപകടം കുറക്കാനും സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് ദുബൈ പൊലിസിന്റെ നടപടി. ദുബൈയിലെ താമസക്കാരും സന്ദര്‍ശകരായി എത്തിയവരും ആഘോഷത്തില്‍ പങ്കാളികളാവുമ്പോഴും റോഡ് സുരക്ഷയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രമിക്കണമെന്നും പൊലിസ് അഭ്യര്‍ഥിച്ചു.
ആഘോഷ ദിനമായതിനാല്‍ റോഡില്‍ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും ഉന്നതതലത്തില്‍ റോഡ് പട്രോളിങ് ഉണ്ടായിരിക്കും. നിയമലംഘര്‍ക്ക് 50,000 ദിര്‍ഹംവരെ പിഴയാണ് നല്‍കേണ്ടിവരിക. 2023ലെ 30ാം നമ്പര്‍ ഡിക്രി പ്രകാരം കണ്ടുകെട്ടിയ വാഹനം തിരിച്ചെടുക്കുന്നതിനാണ് 50,000 ദിര്‍ഹംവരെ നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് പിഴയായി ഒടുക്കേണ്ടിവരിക.
പൊലിസ് നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക, ഒറ്റപ്പെട്ട മാര്‍ച്ചുകളിലും കൂടിച്ചേരലുകളിലും പങ്കാളികളാവാതിരിക്കുക, ഡ്രൈവര്‍മാരും യാത്രക്കാരും കാല്‍നട യാത്രികരും ആഘോഷം കളറാക്കുന്ന പാര്‍ട്ടി സ്പ്രേകള്‍ ഉപയോഗിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കുക. വാഹനം ആഘോഷത്തിനായി അലങ്കരിക്കുമ്പോള്‍ പിന്നിലെ നമ്പര്‍ പ്ലേറ്റ് മറയാത്ത രീതിയില്‍ നിലനിര്‍ത്തുക, വാഹനങ്ങളെ ഒരു തരത്തിലും ആഘോഷത്തിനായി രൂപമാറ്റം വരുത്താതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പൊലിസ് വ്യക്തമാക്കി.