സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍. നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച തൃശൂര്‍ കാസര്‍കോട് ജില്ലകളിലെ അഗണ്‍വാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകമാകുക. നേരത്തേ പ്രഖ്യാപിച്ച പരീക്ഷകക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല.
അതേസമയം, ട്യൂഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുജില്ലകളിലും മദ്രസകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയാല്‍ കുട്ടികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോകുന്ന സാഹചര്യമുണ്ടാകുമെന്നും അത് കൂടുതല്‍ അപകടം വരുത്തുമെന്നും വിലയിരുത്തിയാണ് തീരുമാനം.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കൊല്ലത്തും തിരുവനന്തപുരത്തും മഴ മുന്നറിയിപ്പില്ല.
ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുണ്ട്.