വരും ജന്മം നിനക്കായ്: ഭാഗം 57

രചന: ശിവ എസ് നായർ
“ഇപ്പോ ഉള്ള കേസിന്റെ കൂടെ ഒരു ഗാർഹിക പീഡന കുറ്റം നിങ്ങളുടെ നേരെയും ഞാൻ കൊടുക്കട്ടെ. കല്യാണം കഴിഞ്ഞു വന്ന് കേറിയ പിറ്റേ ദിവസം തന്നെ നിങ്ങളെന്റെ കരണത്തടിച്ചത് ഞാൻ മറന്നിട്ടില്ല.” ഓർമ്മയുണ്ടോ നിങ്ങൾക്കത്.” ഗായത്രിയുടെ ചോദ്യം കേട്ട് ഊർമിള അവളെ ഭയത്തോടെ നോക്കി.
“അന്ന് എനിക്കൊരു അബദ്ധം പറ്റിയതല്ലേ ഗായത്രി. നീ അതൊക്കെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുകയാണോ?” ഊർമിളയുടെ മുഖത്ത് ഭീതി പടരുന്നത് കണ്ട് ഗായത്രി ഊറി ചിരിച്ചു.
“ഞാനൊന്നും മറന്നിട്ടില്ലെന്ന് നിങ്ങളെ ഓർമിപ്പിച്ചതാ. വയസാം കാലത്ത് മോന്റെ കൂടെ കോടതി കേറിയിറങ്ങി ജയിലിൽ കിടക്കണ്ട എന്നുണ്ടെങ്കിൽ ഇനി മേലിൽ ആ വൃത്തികെട്ട സന്തതിക്ക് വക്കാലത്തുമായി നിങ്ങളെ ഈ വഴിക്ക് കണ്ട് പോകരുത്.
അച്ഛന് തോന്നിയ മനസ്സലിവ് പോലും നിങ്ങൾക്ക് തോന്നിയില്ലല്ലോ. അതും മോന്റെ എല്ലാ വൃത്തികെട്ട സ്വഭാവവും അറിഞ്ഞ് വച്ചുകൊണ്ട് തന്നെ.
ഇനിയൊരു പെൺകുട്ടി കൂടെ അവന്റെ ചതിയിൽ വീഴാൻ പാടില്ല. അതുകൊണ്ട് ഞാനിത് കേസ് ആക്കുക തന്നെ ചെയ്യും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്ത് നാണക്കേട് എനിക്ക് അനുഭവിക്കേണ്ടി വന്നാലും എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഉണ്ടാവാൻ പോവുന്നില്ല.”
ഗായത്രിയുടെ സ്വരം ദൃഡമായിരുന്നു.
“ഗായത്രീ… ഞാൻ നിന്നോട് കെഞ്ചി ചോദിക്കുവാ… പ്ലീസ്… എന്റെ മകനെ വെറുതെ വിട്ടേക്ക്. അവനു കൊടുക്കാനുള്ളത് നീ തന്നെ കൊടുത്തില്ലേ, ഇനിയും വേണോ.” ഊർമിള അറിയാതെ കരഞ്ഞു പോയി.
“ഞാൻ പറഞ്ഞല്ലോ എന്റെ തീരുമാനത്തിന് ഇനി മാറ്റമുണ്ടാവില്ലെന്ന്. നിങ്ങളുടെ പേരിലും കൂടി ഞാൻ കേസ് കൊടുക്കണ്ടെങ്കിൽ മര്യാദയ്ക്ക് ഇവിടുന്ന് പൊയ്ക്കോ. ഇനി ഇക്കാര്യം പറഞ്ഞ് എന്റെ കണ്മുന്നിൽ പോലും കണ്ട് പോകരുത്.”
ഗായത്രിയുടെ ആ ഭീഷണി ഏറ്റു. കുറച്ചു സമയം അവളെ നോക്കി കണ്ണീർ വാർത്ത് നിന്നിട്ട് പകയെരിയുന്ന മനസ്സോടെ ഊർമിള അവിടെ നിന്നും പിൻവാങ്ങി.
🍁🍁🍁🍁🍁
“ഗായത്രി കേസ് പിൻവലിക്കാൻ വിസമ്മതിച്ചുവല്ലേ..!” മുഖം കുനിച്ചിരിക്കുന്ന ഭാര്യയേ നോക്കി സുധാകരൻ പരിഹാസത്തോടെ ചോദിച്ചു.
“മ്മ്മ്… എന്റെ പേരിൽ ഗാർഹിക പീഡന കുറ്റം കൂടി ചുമത്തി അവൾ കേസ് കൊടുക്കുമെന്ന് പറഞ്ഞ് എന്നെ ഭീഷണി പെടുത്തിയേക്കുന്നു. അവളുടെ ഈ അഹങ്കാരം പിടിച്ച സ്വഭാവം സഹിക്കാൻ വയ്യാതെയായിരിക്കും ശിവപ്രസാദ് ഇങ്ങനെ ചെയ്തത്. അതിലവനെ പൂർണ്ണമായും കുറ്റപ്പെടുത്താനും പറ്റില്ല.”
“ഛീ… നിർത്തടി… ഇനി അവനെ ന്യായീകരിക്കാൻ നീ എന്തെങ്കിലും പറഞ്ഞാൽ അടിച്ചു നിന്റെ കരണം പുകയ്ക്കും ഞാൻ. തെറ്റ് ചെയ്തത് നമ്മുടെ മോനാ… ഭാര്യയേ കേറിപ്പിടിക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല.”
“ഒരു ഭാര്യ എന്ന രീതിയിൽ അവള് നിന്ന് കൊടുക്കാത്തത് കൊണ്ടാവും അവനിങ്ങനെ ചെയ്യേണ്ടി വന്നത്. അവരുടെ ആദ്യ രാത്രി പോലും മാസങ്ങൾ കഴിഞ്ഞ ഒന്ന് നടന്നത്. അപ്പോൾ തന്നെ ഊഹിക്കാം അവൾ എത്തരക്കാരി ആണെന്ന്. അതുവരെ നമ്മുടെ മോൻ ക്ഷമിച്ചു നിന്നില്ലേ. അവളെ കേറിപ്പിടിക്കാൻ ശ്രമിച്ചില്ലല്ലോ. ഒരു ഭാര്യയുടെ കടമ നിർവഹിക്കാത്തത് കൊണ്ടാണ് ഗായത്രിക്ക് ഈ ഗതി വന്നത്.” അരിശത്തോടെ ഊർമിള പറഞ്ഞു.
“മതി ഇതോടെ നിർത്തിക്കോ നീ..” സുധാകരൻ ക്രോധത്തോടെ അവരെ അടിക്കാനായി കയ്യോങ്ങി. പിന്നെ എന്തോ ഓർത്തിട്ടെന്ന പോലെ കൈ വലിച്ചു.
ഊർമിള ശരിക്കും ഭയന്ന് പോയിരുന്നു. ഭർത്താവിനെ അത്രയും കോപത്തോടെ അവർ മുൻപെങ്ങും കണ്ടിട്ടില്ല.
അയാളുടെ ദേഷ്യം കണ്ട് ബാക്കി പറയാൻ വന്നതൊക്കെ ഊർമിള വിഴുങ്ങി. അവരെ കലിപ്പിച്ചൊന്നു നോക്കിയിട്ട് സുധാകരൻ കാർ സ്റ്റാർട്ട് ചെയ്തു.
പിന്നീട് വീടെത്തുന്നത് വരെ ഇരുവരും ഒന്നും മിണ്ടിയില്ല.
ശിവപ്രസാദിന്റെ ഭാവി ഇനി എന്തായി തീരുമെന്ന് ഓർത്തിട്ട് ഊർമിളയ്ക്ക് നല്ല ടെൻഷനുണ്ടായിരുന്നു.
🍁🍁🍁🍁
“മോനേ വിഷ്ണു… നീയിത് എവിടാ?” വീട്ടിൽ എത്തിയപാടെ ഊർമിള ആദ്യം തന്നെ ഇളയ മകനെ വിളിച്ചു.
ഇനി അവനാണ് ഒരാശ്രയം.
“വിഷ്ണു കുളിക്കാ അമ്മേ… ഇപ്പോ വരും.” ഫോണിലൂടെ ഗൗരിയുടെ ശബ്ദം കേട്ടപ്പോൾ അവർക്ക് അരിശം തോന്നി.
“നീയും നിന്റെ നശിച്ച ചേച്ചിയും കാരണം ഈ കുടുംബം മുടിഞ്ഞു. എന്നിട്ട് നീ അവന്റെ കൂടെ സുഖിച്ചു ജീവിക്കുവാ അവിടെ. നീയൊന്നും ഒരിക്കലും ഗുണം പിടിക്കില്ല. എന്റെ മൂത്ത മോന്റെ ജീവിതം നിന്റെ ചേച്ചി നശിപ്പിച്ചത് പോലെ വിഷ്ണൂന്റെ ജീവിതം കൂടി ഹോമിക്കരുത് നീ.” ഊർമിള പ്രാകി.
അപ്പോഴേക്കും വിഷ്ണു കുളി കഴിഞ്ഞു ബാത്റൂമിൽ നിന്ന് ഇറങ്ങി വരുന്നത് ഗൗരി കണ്ടു. അവൾ അവനും കൂടി കേൾക്കാൻ പാകത്തിൽ ഫോൺ സ്പീക്കറിൽ ഇട്ടു.
“അമ്മ ഇത്രയ്ക്കൊക്കെ പറയാൻ മാത്രം എന്റെ ചേച്ചി എന്ത് തെറ്റ് ചെയ്തു.”
“എന്റെ മോനേ നിന്റെ ചേച്ചി പോലീസിനെ കൊണ്ട് പിടിപ്പിച്ചു. അവനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കള്ള കേസ് കൊടുത്തു ജയിലിലാക്കി.”
“അമ്മേ… അമ്മ എന്തൊക്കെയാ ഈ പറയുന്നത്. ചേച്ചി എന്തിനു അങ്ങനെ ചെയ്യണം?” ഗൗരി കേട്ടത് വിശ്വസിക്കാൻ കഴിയാതെ തനിച്ചിരുന്നു.
വിഷ്ണുവും ഷോക്കിലായിരുന്നു.
“എനിക്കൊന്നും അറിയാൻ പാടില്ല… ഞാൻ ഉച്ചക്ക് പുറത്ത് പോകാൻ നിൽക്കുമ്പോ ഗായത്രി കോളേജിൽ നിന്ന് നേരത്തെ വന്നു. ശിവപ്രസാദ് ഒരാഴ്ചത്തേക്ക് ലീവായത് കൊണ്ട് അവനും ഉണ്ടായിരുന്നു വീട്ടിൽ.
പുറത്ത് പോയി വൈകുന്നേരം ഞാൻ എത്തുമ്പോ കാണുന്നത് പോലിസുകാർ ശിവ മോനെ ജീപ്പിൽ കേറ്റി കൊണ്ട് പോകുന്നതാ. സ്റ്റേഷനിൽ പോയി ചോദിച്ചപ്പോ അവര് പറയാ അവൻ നിന്റെ ചേച്ചിയേ പീഡിപ്പിച്ചുവെന്ന് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞിട്ടാ അവനെ അറസ്റ്റ് ചെയ്തതെന്ന്.
വല്ലാത്തൊരു ചതിയ ഗായത്രി എന്റെ മോനോട് ചെയ്തത്. അവൾക്ക് അവനെ കെട്ടുന്നത് ആദ്യമേ ഇഷ്ടമല്ലായിരുന്നല്ലോ. അവനെ ഒഴിവാക്കാൻ അവൾക്ക് ഇങ്ങനെയൊരു കള്ളക്കേസ് ഉണ്ടാക്കണ്ടായിരുന്നു. പാവം എന്റെ ചെറുക്കനെ അവളെ അടിച്ചു കൊല്ലാറാക്കി..
നിന്റെ ചേച്ചി ഇത്രേം കാഞ്ഞ ബുദ്ധി ഉള്ളവൾ ആണെന്ന് വിചാരിച്ചില്ല. എന്റെ മോന്റെ ജീവിതം നശിപ്പിച്ചു ആ മൂദേവി. അവൾക്കവനെ വേണ്ടെങ്കി ഡിവോഴ്സ് വാങ്ങി പോകാമായിരുന്നു. ഇങ്ങനത്തെ നാടകം കളിക്കണ്ടായിരുന്നു.”
“അമ്മ എന്തൊക്കെയാ ഈ പറയുന്നത്. ഇതൊക്കെ ഇന്ന് നടന്നതാണോ. എന്നിട്ട് ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ. ചേച്ചി ഇപ്പോ എവിടെയുണ്ട്?” ഗൗരിക്ക് എല്ലാം കൂടി കേട്ടപ്പോ ആകെ വെപ്രാളമായി. വിഷ്ണുവും കേട്ടത് വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയാണ്.
“അവള് ആശുപത്രിയിൽ കിടപ്പുണ്ട്. എന്നാൽ അല്ലെ കള്ള തെളിവുകൾ ഉണ്ടാക്കി അവനെ ജയിലിൽ ഇടാൻ പറ്റു.
നിന്റെ ചേച്ചിയോട് മര്യാദക്ക് കേസ് പിൻവലിക്കാൻ പറഞ്ഞോ. അല്ലെങ്കിൽ നിന്റെ കെട്ടുതാലി വലിച്ചു പൊട്ടിച്ചിട്ട് നിന്നെ ഉപേക്ഷിക്കാൻ ഞാൻ വിഷ്ണുനോട് പറയും. നീയൊക്കെ രണ്ടെണ്ണം ഈ കുടുംബത്തിൽ കാലെടുത്തു വച്ചപ്പോൾ പോയതാ ഈ കുടുംബത്തിന്റെ സ്വസ്ഥതക്കേട്. ചേച്ചി കാണിച്ച അഹങ്കാരത്തിന് നിന്റെ ജീവിതം കൂടി പോകണ്ടെങ്കി എന്ത് ചെയ്തിട്ടാണെങ്കിലും ഈ കേസ് പിൻവലിച്ചിരിക്കണം.
അല്ലെങ്കിൽ പിന്നെ നീയൊരിക്കലും വിഷ്ണുവിന്റെ ഭാര്യയായി വാഴില്ല. അവനെന്റെ മോനാ, ഞാൻ പറയുന്നതേ അവൻ കേൾക്കു. അവന്റെ ചേട്ടന് വേണ്ടി അവൻ അത് ചെയ്യുമെന്ന് എനിക്കറിയാം.” ഊർമിള വീറോടെ പറഞ്ഞു.
അമ്മയുടെ വാക്കുകൾ കേട്ട് ഗൗരി പേടിയോടെ വിഷ്ണുവിനെ നോക്കി.
“ചേട്ടൻ കാണിച്ച തോന്ന്യാസത്തിന് ഞാൻ എന്തിന് എന്റെ ഭാര്യയെ ഉപേക്ഷിക്കണം. ഇവളെ ഇറക്കി വിടാൻ അമ്മ പറഞ്ഞാൽ ഞാൻ കേൾക്കുമെന്ന് വിചാരിക്കണ്ട. ഞങ്ങൾ നിങ്ങളെ ചിലവിലല്ല ജീവിക്കുന്നത്.” പെട്ടെന്ന് ഫോണിലൂടെ വിഷ്ണുവിന്റെ വാക്കുകൾ കേട്ടതും ഊർമിളയ്ക്ക് ദേഷ്യം പെരുത്തു.
“നീ എന്റെ മകനായതിന് ശേഷമാ അവളെ ഭർത്താവ് ആയത്. നിങ്ങളെ കല്യാണം നടത്തിയത് ഞങ്ങളാ. നിന്റെ ചേട്ടൻ ജയിലിൽ ആവാൻ കാരണക്കാരിയായവളുടെ അനിയത്തിയേയാണ് നീ വച്ച് വാഴിക്കുന്നത്. നിന്റെ ചേട്ടന്റെ ജീവിതത്തിനേക്കാൾ വലുതാണോ നിനക്കവൾ.
തന്നിഷ്ടം കാണിക്കാൻ ആണ് നിന്റെ ഭാവമെങ്കിൽ അമ്മയെ പിന്നെ നീ ജീവനോടെ കാണില്ല വിഷ്ണു.” ഊർമിള രണ്ടും കല്പിച്ചായിരുന്നു. ശിവപ്രസാദിന്റെ ജീവിതം തകർന്ന് കഴിഞ്ഞു. ഇനി ഗായത്രിയുടെ അനിയത്തി തന്റെ മകന്റെ ജീവിതത്തിൽ വേണ്ടെന്ന് അവർക്ക് തോന്നി……കാത്തിരിക്കൂ………