കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ആര്‍ടിഎ

ദുബൈ: വാഹനം ഓടിക്കുന്നവര്‍ ചെറിയ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തും വിധം നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് ആര്‍ടിഎ സിഇഒ ഹുസൈന്‍ അല്‍ ബന്ന. 10 വയസ്സിന് താഴെയുള്ള കുട്ടികളെയോ, 145 സെന്റീമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികളെയോ മുന്‍ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കില്ല. ഈ നിയമലംഘനത്തിന് 400 ദിര്‍ഹം പിഴയാണ് ഈടാക്കുക. നാലു വയസ്സിന് താഴെയുള്ള കുട്ടികളെ ഉചിതമായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സീറ്റുകളില്ലാതെ കൊണ്ടുപോകുന്നവര്‍ക്കും 400 ദിര്‍ഹമായിരിക്കും പിഴ.
ഈ നിയമങ്ങള്‍ ലംഘിക്കുന്ന രക്ഷിതാക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരേയാണ് അധികൃതരുടെ മുന്നറിയിപ്പ്. ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കുഞ്ഞുകുട്ടികളുടെ അമ്മമാര്‍ക്ക് സൗജന്യ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ഓര്‍മിപ്പിച്ചത്. നവജാതശിശുക്കള്‍ ഉള്‍പ്പെടെ ചെറിയ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ദുബൈയിലെ 24 ആശുപത്രികളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനും ഇടയില്‍ പ്രസവിച്ച അമ്മമാര്‍ക്കായി 450 ചൈല്‍ഡ് കാര്‍ സീറ്റുകളാണ് ആര്‍ടിഎ സമ്മാനിച്ചത്.