കാത്തിരിപ്പ് നീളും: അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റിവെച്ചു
സൗദി അറേബ്യ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റിവെച്ചു. മോചന ഉത്തരവ് ഇന്നുണ്ടാകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സാങ്കേതിക തടസ്സങ്ങളാൽ കോടതി നടപടികൾ ഉണ്ടാകാത്തതാണ് വിധി മാറ്റിവെക്കാൻ കാരണമെന്നാണ് അറിയാൻ കഴിയുന്നത്.
റഹീമിന്റെ കേസ് മാത്രമല്ല റിയാദ് ജയിലിൽ നിന്നുള്ള എല്ലാ കേസുകളുടെയും സിറ്റിംഗ് തിയതി മാറ്റിയെന്നാണ് വിശദീകരണം. മോചനം വൈകുമ്പോൾ ആവലാതിയോടെ കാത്തിരിക്കുകയാണ് റഹീമിന്റെ കുടുംബം. കഴിഞ്ഞ രണ്ട് തവണയും കേസിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. മോചന ഹർജിയിൽ ആദ്യ സിറ്റിംഗ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്ന് പറഞ്ഞ് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ നവംബർ 17ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ മറ്റൊരു സിറ്റിങ്ങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബർ എട്ടിന് നടന്ന അടുത്ത സിറ്റിംഗിലും വിധി പറഞ്ഞില്ല. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുകയാണ് റഹീം.