ഖത്തര്‍ പൊതുബജറ്റിന് അമീറിന്റെ അംഗീകാരം
ദോഹ: 2025ലേക്കുള്ള ഖത്തര്‍ പൊതുബജറ്റിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ അംഗീകാരം. 21,020 കോടി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിനാണ് ഇന്നലെ അമീര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 19,700 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. 1,320 കോടിയുടെ കമ്മിയും അടുത്ത വര്‍ഷത്തേക്കുള്ള പൊതുബജറ്റ് പ്രതീക്ഷിക്കുന്നു.
നടപ്പു വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ മൊത്തം ചെലവിനത്തില്‍ 4.6 ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ട്. ബജറ്റില്‍ 20 ശതമാനത്തോളം മാറ്റിവെച്ചിരിക്കുന്നത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്കായാണ്. 6,750 കോടി റിയാല്‍ വരും ഇതിനായുള്ള തുക. 2024നെ അപേക്ഷിച്ച് 5.5 ശതമാനം വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. 2024നെ അപേക്ഷിച്ച് വരുമാനത്തില്‍ 2.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടാവുകയെന്ന് ധനമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ ഖുവാരി അറിയിച്ചു. 2024ല്‍ മുഖ്യ വരുമാന മാര്‍ഗമായ എണ്ണക്ക് ബാരലിന് 60 ഡോളര്‍ പ്രതീക്ഷിച്ചാണ് ബജറ്റ് നടപ്പാക്കിയത്. ആ വില നിലവാരം തന്നെയാണ് ഇത്തവണയും പിന്തുടര്‍ന്നിരിക്കുന്നത്.