ഓസ്ട്രേലിയ ഒന്നാമിന്നിംഗ്സിൽ 445ന് പുറത്ത്; 22 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം
ഗാബ ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 445 റൺസിനെതിരെ ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് 22 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. യശസ്വി ജയ്സ്വാൾ 4 റൺസുമായും ശുഭ്മാൻ ഗിൽ ഒരു റൺസിനും വിരാട് കോഹ്ലി 3 റൺസിനുമാണ് പുറത്തായത്.
ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 22ന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 13 റൺസുമായി കെഎൽ രാഹുലാണ് ക്രീസിലുള്ളത്. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് 445 റൺസിന് അവസാനിച്ചിരുന്നു. 7ന് 405 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് 40 റൺസ് കൂടി കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളു.
മിച്ചൽ സ്റ്റാർക്ക് 18 റൺസെടുത്തും നഥാൻ ലിയോൺ രണ്ട് റൺസിനും അലക്സ് ക്യാരി 70 റൺസെടുത്തും ഇന്ന് പുറത്തായി. ഇന്നലെ ഓസീസിനായി ട്രാവിസ് ഹെഡ് 152 റൺസും സ്റ്റീവ് സ്മിത്ത് 101 റൺസുമെടുത്തിരുന്നു. ഇന്ത്യക്കായി ബുമ്ര ആറ് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും ആകാശ് ദീപ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റും നേടി.