റാന്നിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം; ഗ്യാങ് വാർ എന്ന് പോലീസ്
പത്തനംതിട്ട റാന്നിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. റാന്നി സ്വദേശി അമ്പാടിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് അമ്പാടിയെ കാറിടിക്കുന്നത്. അപകടത്തിൽ മരിച്ചുവെന്ന രീതിയിലായിരുന്നു ആദ്യ അന്വേഷണം. എന്നാൽ പിന്നീടാണ് കൊലപാതകമെന്ന സംശയമുയർന്നത്
വിശദമായ അന്വേഷണത്തിലാണ് അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ബീവറേജസ് മദ്യവിൽപ്പനശാലക്ക് മുന്നിലുണ്ടായ അപിടിയെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികൾ
യുവാവിനെ കൊലപ്പെടുത്തിയ ശേഷം യുവാക്കൾ കാർ ഉപേക്ഷിച്ച് ഒളിവിൽ പോകുകയായിരുന്നു. ഗ്യാങ് വാർ ആണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. റാന്നി ബീവറേജസിന് മുന്നിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്.
പിന്നീട് മടങ്ങിപ്പോയവർ രണ്ട് കാറുകളിലായി മന്ദമരുതിയിൽ എത്തി. ഒരു കാറിൽ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോൾ എതിർ ഗ്യാങ് കാർ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയും ചെയ്തു.