നഴ്സിംഗ് വിദ്യാർഥിനി ലക്ഷ്മിയുടെ മരണത്തിൽ ദൂരൂഹതയെന്ന് ബന്ധുക്കൾ; പരാതി നൽകും
കോഴിക്കോട് ഗവ. നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല. ഞായറാഴ്ചയാണ് നാട്ടിൽ നിന്ന് കോഴിക്കോടേക്ക് മടങ്ങിയതെന്നും ബന്ധു പറഞ്ഞു
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ലക്ഷ്മിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. രക്ഷിതാക്കളിൽ നിന്നും ലക്ഷ്മിക്കൊപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്നവരിൽ നിന്നും പോലീസ് മൊഴിയെടുക്കും. ലക്ഷ്മിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷണർക്ക് പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ അസുഖമാണെന്ന് പറഞ്ഞ് ലക്ഷ്മി ക്ലാസിൽ പോയിരുന്നില്ല. 11.30ഓടെ ഹോസ്റ്റൽ മുറി വൃത്തിയാക്കാൻ ആളുകൾ വന്നപ്പോവാണ് ഫാനിൽ ഷാൾ കെട്ടി തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.