ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഡിംഗ ഡിംഗ വൈറസിന്റെ ഭീതിയില്‍. പനിച്ചു പനിച്ച് നൃത്തം ചവിട്ടും പോലെ രോഗികള്‍ക്ക് വിറയല്‍ അനുഭവപ്പെടുന്ന അസാധാരണ രോഗം ഉഗാണ്ടയില്‍ പടരുകയാണ്. ഉഗാണ്ടയിലെ ബുണ്ടിബുഗിയോ ജില്ലയില്‍ മാത്രം 300 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നും വൈറസിന്റെ ഉറവിടം തേടി വിദഗ്ധര്‍ അലയുകയാണെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അസുഖ ബാധിതരില്‍ കൂടുതലും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ലിംഗ വ്യത്യാസം വൈറസിനുണ്ടോയെന്നും സംശയമുണ്ട്.
രോഗത്തിന്റെ ലക്ഷണങ്ങളും അവസ്ഥയും വിചിത്രമാണ്. രോഗം ബാധിച്ചവര്‍ നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കുന്നുവെന്നതാണ് പ്രത്യേകത. നൃത്തം ചെയ്യുന്ന പോലെ വിറയ്ക്കുക എന്നാണ് ഡിങ്ക ഡിങ്ക എന്ന വാക്കിന്റെ അര്‍ഥവും. വിറയല്‍ കാരണം രോഗികള്‍ക്ക് നടക്കാനാവത്ത അവസ്ഥ വരുന്നു. വിറയലിനെ കൂടാതെ തീവ്രമായ പനി, ക്ഷീണം അപൂര്‍മായി പക്ഷാഘാതം എന്നിവയും രോഗികളെ ബാധിക്കുന്നു.
രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഉഗാണ്ടന്‍ ആരോഗ്യ മന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയമായ ചികിത്സാ രീതിക്ക് പുറമെ വലിയൊരു ശതമാനം രോഗികളും മന്ത്രവാദത്തിലേക്കാണ് രോഗമുക്തിക്കായി പോകുന്നതെന്നും റിപോര്‍ട്ടുണ്ട്. ഇത് വൈറസ് വന്‍തോതില്‍ പടരുന്നതിലേക്ക് നയകിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നിട്ടുണ്ടെന്നാണ് സംശയം. എബോളക്കും കൊവിഡിനും ശേഷം വലിയ ഭീതി ജനിപ്പിക്കുന്ന അസുഖമായി ഇത് മാറുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.