ബിബി55 ഉള്‍പ്പെടെയുള്ള ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലം 28ന് നടക്കുമെന്ന് ആര്‍ടിഎ
ദുബൈ: പലരും ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ആരാധകരാണ്; പ്രത്യേകിച്ചും ബിസനസുകാരും കോടീശ്വര•ാരുമെല്ലാം. ഇത് തിരിച്ചറിഞ്ഞാണ് കാലങ്ങളായി ഇത്തരം ഫാന്‍സി നമ്പറുകള്‍ ലേലത്തില്‍ പിടിക്കാന്‍ ദുബൈ ആര്‍ടിഎ അവസരം ഒരുക്കുന്നത്. രണ്ട് അഞ്ച് ഡിജിറ്റുകളിലുള്ള നമ്പര്‍ പ്ലേറ്റുകളാണ് ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വിളിച്ചെടുക്കാനാവുക. 90 പ്രീമിയം വെഹിക്കിള്‍ ലൈസന്‍സിങ് നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തില്‍ വെക്കുകയെന്ന് ആര്‍ടിഎ അറിയിച്ചു.
എഎ, ബിബി, കെ, ഒ, ടു, യു, വി, ഡബ്ലിയു, എക്‌സ്, വൈ, സെഡ് എന്നീ കോഡുകളിലുള്ളവയാണിവ. എഎ21, ബിബി55 തുടങ്ങിയ സൂപര്‍ പ്ലേറ്റുകളും ഇക്കൂട്ടത്തിലുണ്ട്. 28ന് ശനിയാഴ്ച വൈകിയിട്ട് 4.30ന് ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റെര്‍കോണ്ടിനെന്റല്‍ ഹോട്ടലിലാണ് ലേലം നടക്കുക. ഇതിനായുള്ള രജിസ്‌ട്രേഷന്‍ 22ന് ആരംഭിക്കും. ആര്‍ടിഎയുടെ വെബ്‌സൈറ്റിലൂടെയോ, ദെയ്‌റ ഉമ്മുല്‍ റമൂലിലെയും അല്‍ ബര്‍ഷയിലെയും കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളിലൂടെയോ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കി.