കൊച്ചി എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; കുട്ടികളുടെ ആരോഗ്യനില തൃപ്തികരം, ചികിത്സയിൽ തുടരുന്നു
ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ കൊച്ചി കാക്കനാട്ടെ എൻസിസി ക്യാമ്പ് പിരിച്ചുവിട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. കാക്കനാട് കെഎംഎം കോളേജിലെ ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 73 വിദ്യാർഥികളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആംഭിച്ചു. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. പലരും തകർന്നുവീണു
തലകറക്കവും തളർച്ചയും അനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ക്യാമ്പിനുള്ളിൽ മർദനമേറ്റതായി ചില കുട്ടികൾ ആരോപിച്ചു. സീനിയർ വിദ്യാർഥികൾ മർദിച്ചെന്നാണ് ആരോപണം.