യുഎഇയുടെ ജിഡിപി ആദ്യപാദത്തില്‍ 3.6 ശതമാനം വളര്‍ച്ച നേടി
അബുദാബി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം(ജിഡിപി) വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 3.6 ശതമാനം വളര്‍ച്ച നേടിയതായി യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി അറിയിച്ചു. ഫെഡറല്‍ കോംപറ്റിറ്റീവ്‌നസ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യം ലോകത്തെ ഒരു പ്രമുഖമായ സാമ്പത്തിക ശക്തിയായി യുഎഇ വളര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ പ്രതിഫലമാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്.
യുഎഇയുടെ മൊത്തം ജിഡിപി 879.6 ബില്യണ്‍ ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് 3.6 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ എണ്ണേതര ജിഡിപി 660 ബില്യണ്‍ ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 4.4 ശതമാനത്തിന്റെ അഭിമാനകരമായ വര്‍ധനവ് ഉണ്ടായിരിക്കുന്നൂവെന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. മൊത്തം വരുമാനത്തില്‍ ഈ മേഖലയുടെ സംഭാവന 75 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണെന്നും ബിന്‍ തൗഖ് വിശദീകരിച്ചു.