സൂര്യനെ മോഹിച്ചവൾ: ഭാഗം 50
[ad_1]
രചന: ശിവ എസ് നായർ
“നിർമല നിന്നെ ചതിച്ചുവെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല സൂര്യാ.”
“എനിക്കിപ്പോഴും ഒന്നും ഉൾകൊള്ളാൻ പറ്റുന്നില്ല അഭി.”
“അവളോട് ഇതേക്കുറിച്ച് ചോദിച്ചില്ലേ നീ.”
“ചോദിച്ചു.”
“അപ്പോ അവളെന്താ പറഞ്ഞത്.”
“ഞാനില്ലാത്ത ഒരു ദിവസം അവൻ വീട്ടിൽ വന്ന് അവളെ ഉപദ്രവിച്ചതാണ് എന്നെ ചതിച്ചതല്ല എന്ന്. എനിക്കെന്തോ അത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല. അവൾ തെറ്റൊന്നും ചെയ്തിട്ടില്ലായിരുന്നെങ്കിൽ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ എന്നോട് അന്നുതന്നെ തുറന്ന് പറയേണ്ടതല്ലേ.”
“നീ പറഞ്ഞത് ശരിയാണ് സൂര്യാ. പക്ഷേ അവൾ പറഞ്ഞത് സത്യമാണെങ്കിൽ നിർമലയുടെ ഭാഗത്ത് നിന്നൊന്ന് കൂടെ നമ്മൾ ചിന്തിക്കണ്ടേ.”
“ഞാനതേ കുറിച്ചൊന്നും ആലോചിച്ചില്ല അഭി. എന്റെ ഭാര്യയുടെ വയറ്റിൽ മറ്റൊരുത്തന്റെ കുഞ്ഞ് വളരുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം തൊട്ട് ഞാനാകെ മനസ്സ് തകർന്ന് നിൽക്കയാ. നീ എന്താ പറഞ്ഞു വരുന്നത്.”
“കല്യാണ ശേഷം നിർമല നിന്നിൽ നിന്ന് എന്തെങ്കിലും മറയ്ക്കുന്നതായോ അവൾക്ക് മറ്റൊരു അടുപ്പം ഉള്ളതിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ നിനക്ക് തോന്നുകയോ ചെയ്തിരുന്നോ?”
“ഇല്ല അഭി… ആദ്യരാത്രി തന്നെ നിർമല അവളെ ജീവിതത്തിൽ നടന്നതൊക്കെ എന്നോട് തുറന്ന് പറഞ്ഞിരുന്നല്ലോ. പിന്നീട് അങ്ങോട്ട് അവളെന്നെ സ്നേഹിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ശരീരം പങ്കിടാൻ മാത്രമേ അവൾക്ക് കഴിയാതിരുന്നുള്ളു. മനസ്സ് കൊണ്ട് എന്നോട് അവൾ അടുക്കുകയായിരുന്നു. പിന്നെ പെട്ടെന്ന് കുറച്ചു നാൾ കഴിഞ്ഞപ്പോ ഒരകൽച്ച അവള് കാണിക്കുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി.”
“അത് എപ്പോ മുതലാ?”
“ഏകദേശം രണ്ട് മാസം മുൻപ് തൊട്ടാണെന്നാണ് എന്റെ ഓർമ്മ.” ആലോചനയോടെ സൂര്യൻ പറഞ്ഞു.
“അങ്ങനെയാണെങ്കിൽ ആ സമയത്തെന്തെങ്കിലും അസ്വഭാവികത നിർമല കാണിച്ചിരുന്നതായി ഓർമ്മയുണ്ടോ. മഹേഷ് ഉപദ്രവിച്ചുവെന്ന് അവൾ പറഞ്ഞ സ്ഥിതിക്ക് പിടിവലിക്കിടയിൽ ശരീരത്തിൽ വല്ല മുറിവോ ചതവോ ഒക്കെ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണല്ലോ.” തന്റെ പോലിസ് ബുദ്ധിയിൽ തോന്നിയ സംശയം അഭിഷേക് അവനോട് പങ്ക് വച്ചു.
“ഉണ്ട് അഭി… ഒരു ദിവസം ഞാൻ ടൗണിൽ പോയിട്ട് വൈകുന്നേരം മടങ്ങി എത്തിയ ദിവസം നിർമലയുടെ കൈമുട്ടും ചുണ്ടുമൊക്കെ മുറിഞ്ഞ് ചോര കല്ലിച്ചിരിപ്പുണ്ടായിരുന്നു. കുളിമുറിയിൽ വഴുക്കി വീണ് മുറിഞ്ഞതാണെന്നാണ് അവളന്ന് പറഞ്ഞത്. ഞാനത് വിശ്വസിക്കേം ചെയ്തു. മുറിവിലൊക്കെ ഡെറ്റോൾ പുരട്ടി കൊടുക്കുമ്പോ നിർമലയ്ക്ക് എന്തോ വലിയ സങ്കടം ഉണ്ടെന്ന് തോന്നിയിരുന്നു എനിക്ക്.
അന്നെന്നോട് അവൾ വേണ്ടാത്ത കുറേ ചോദ്യങ്ങൾ ചോദിച്ചതൊക്കെ എനിക്ക് ഓർമ്മയുണ്ട്.”
“എന്താ അവള് ചോദിച്ചത്.” ആകാംഷയോടെ അഭിജിത്ത് ചോദിച്ചു.
“അവളെ ആരെങ്കിലും ഉപദ്രവിച്ചാൽ എന്തായിരിക്കും എന്റെ പ്രതികരണമെന്ന്?”
“എന്നിട്ട് നീയെന്ത് പറഞ്ഞു?”
“അവളെ ആരെങ്കിലും അങ്ങനെ ചെയ്താൽ ചെയ്തവനെ കൊന്നിട്ട് ജയിലിൽ പോകുമെന്ന്. ഇനി മേലിൽ ഇങ്ങനെ കൊനഷ്ട് ചോദ്യം ചോദിക്കരുതെന്ന് പറഞ്ഞ് വഴക്കും പറഞ്ഞു.” നിർമലയുമായി അന്ന് നടന്ന സംഭാഷണങ്ങൾ സൂര്യൻ വിവരിച്ചു.
“നീ പറഞ്ഞത് വച്ച് നോക്കുമ്പോ നിർമല പറഞ്ഞത് സത്യം ആവാനാണ് സാധ്യത. നിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോർത്ത് പേടിച്ചായിരിക്കും അവളൊന്നും തുറന്ന് പറയാതിരുന്നത്.”
“അഭീ… ഞാൻ ഇത്രയ്ക്കൊന്നും ചിന്തിച്ചില്ല. അവൾ ഗർഭിണി ആണെന്ന് കേട്ടപ്പോൾ തന്നെ മറ്റൊന്നും പിന്നെ എന്റെ മനസ്സിലേക്ക് വന്നില്ല. അവളോട് വഴക്കിട്ട് ഇറങ്ങി വരുമ്പോഴും ഉള്ളിന്റെ ഉള്ളിൽ അവളോട് സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ അവൾക്ക് എങ്ങനെ ചതിക്കാൻ കഴിഞ്ഞെന്നോർത്ത് നീറിപ്പുകയുകയായിരുന്നു ഞാൻ. സത്യമതല്ലെങ്കിൽ നിർമലയ്ക്ക് എന്നോട് തുറന്ന് പറയാമായിരുന്നല്ലോ… ഒന്നും പറയാത്തത് കൊണ്ട് അവൾ നുണ പറയുകയാണൊന്നൊക്കെ ഞാൻ ഓർത്ത് പോയി.”
“നിർമലയെ ജീവന് തുല്യം സ്നേഹിക്കുന്ന നിനക്ക്, അവൾക്ക് എന്തെങ്കിലും സംഭവിച്ചുവെന്ന് കേട്ടാലോ അവളെ ആരെങ്കിലും ഉപദ്രവിച്ചുവെന്ന് അറിഞ്ഞാലോ സഹിക്കാൻ കഴിയുമോ? അവളെ തൊട്ടവനെ നീ പോയി കൊല്ലില്ലെ. അങ്ങനെയല്ലേ നിർമലയോട് നീ പറഞ്ഞത്. അത് കേട്ട് പേടിച്ചിട്ട് ആ പാവം നിന്നോട് ഒന്നും പറയാത്തതാവും… എന്നാലും ആ മഹേഷ് എന്ത് ധൈര്യത്തിലാ നിന്റെ തറവാട്ടിൽ കേറി വന്ന് പഴയ ബന്ധത്തിന്റെ പേരിൽ അവളെ കൈവയ്ക്കാൻ മുതിർന്നത്. ആ ചെറ്റയെ വെറുതെ വിടാൻ പാടില്ല നീ. അവനെ കണ്ട് പിടിച്ച് കൈയ്യും കാലും തല്ലിയൊടിക്കണം.”
“മഹേഷിനുള്ള പണി ഞാൻ കൊടുത്തോളം അഭി.”
“നാളെ തന്നെ നിർമലയുടെ അടുത്തേക്ക് പോയി അവളോട് സംഭവിച്ചതൊക്കെ ചോദിച്ചറിയണം നീ. പിന്നെ ആദ്യം തന്നെ അവളെ ഏതെങ്കിലും ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി വയറ്റിലുള്ളത് കളയിക്കണം. എന്തിനാ വല്ലവന്റേം കുഞ്ഞിനെ നീ ചുമക്കേണ്ട കാര്യം.”
“നീ കൂടെ വാടാ അഭി. ഇതൊന്നും എന്നെകൊണ്ട് ഒറ്റയ്ക്ക് വയ്യ… പാവം നിർമലയെ ഞാൻ ഒരുപാട് വേദനിപ്പിക്കേം ചെയ്തു. ഇന്നുതന്നെ അവളോട് അവിടെ നിന്ന് ഇറങ്ങി പോണോന്ന് പറഞ്ഞിട്ടാ ഞാൻ വന്നത്. ഇനി ഞാനങ്ങ് ചെല്ലുമ്പോഴേക്കും നിർമല സ്വന്തം വീട്ടിലേക്ക് പോയിട്ടുണ്ടാകുമോ?”
“ഏയ്… അവൾക്ക് അങ്ങനെയൊന്നും നിന്നെ വിട്ട് പോകാൻ കഴിയുമെന്നെനിക്ക് തോന്നുന്നില്ല സൂര്യാ. നീ വരുന്നത് കാത്തിരിപ്പുണ്ടാവും പാവം. പിന്നെ നിന്നെ ഞാനൊരിക്കലും കുറ്റം പറയില്ല. സ്വന്തം ഭാര്യയുടെ വിരൽത്തുമ്പിൽ പോലുമൊന്നും തൊട്ട് നോക്കാതിരിക്കുമ്പോ ഓർക്കാപ്പുറത്ത് അവള് ഗർഭിണിയാണെന്ന് അറിഞ്ഞാൽ ആരായാലും ഇതിന്റെ അപ്പുറമായിരിക്കും പ്രതികരിക്കുക. നീ ഒന്നുല്ലേലും കാര്യങ്ങൾ വിവേകത്തോടെ മനസ്സിലാക്കി നിർമലയെ വിശ്വസിക്കാൻ കൂട്ടാക്കിയല്ലോ. നിന്റെ സ്ഥാനത്ത് മാറ്റാരായാലും നിർമലയെ ഒരിക്കലും വിശ്വസിക്കേയില്ലായിരുന്നു.”
“എനിക്കിപ്പോഴും ആ ഞെട്ടൽ മാറിയിട്ടില്ല അഭി. നല്ല പോലെ പൊയ്ക്കൊണ്ടിരുന്ന ഞങ്ങളുടെ ജീവിതം കുളം തോണ്ടാൻ വന്ന ആ തെണ്ടിയെ ഞാൻ വെറുതെ വിടില്ല അഭി.” മുഷ്ടി ചുരുട്ടി കോപമടക്കി സൂര്യൻ പറഞ്ഞു.
“എടുത്ത് ചാടി ഒന്നും ചെയ്യരുത് സൂര്യാ. അവന്റെ ജീവനെടുക്കുന്ന പരിപാടിക്കൊന്നും നിൽക്കരുത് നീ. എങ്കിൽ പിന്നെയുള്ള നിന്റെ ജീവിതം ജയിലിലാകും. നിർമല വീണ്ടും തനിച്ചായി പോവുകയും ചെയ്യും.”
“അക്കാര്യമോർത്ത് നീ പേടിക്കണ്ട. അങ്ങനെയുള്ള മണ്ടത്തരമൊന്നും ഞാൻ ചെയ്യില്ല അഭി.”
“എങ്കിൽ പിന്നെ നീയിന്ന് നന്നായൊന്ന് വിശ്രമിച്ച ശേഷം നാളെ തന്നെ തിരിച്ചു പൊയ്ക്കോ. അമ്മയുടെ അസുഖം പെട്ടെന്ന് ഭേദമായാൽ അധികം വൈകാതെ ഞാനും വരും.”
സൂര്യന്റെ തോളിൽ തട്ടി പറഞ്ഞുകൊണ്ട് അഭി അവിടെ നിന്നും പോയി.
അന്നത്തെ ദിവസം യാത്രാക്ഷീണം കാരണം നന്നേ തളർന്ന് പോയ സൂര്യൻ അഭിഷേകിന്റെ നിർബന്ധത്താൽ പകൽ മുഴുവനും നന്നായൊന്ന് വിശ്രമിച്ച ശേഷം രാത്രിയോടെ പല്ലാവൂർ ഗ്രാമത്തിലേക്ക് പുറപ്പെട്ടു.
രാവിലെ പത്ത് മണിയോടെയാണ് സൂര്യൻ നാട്ടിൽ എത്തിച്ചേർന്നത്. പതിവിന് വിപരീതമായി അന്ന് കവലയിലുള്ള കടകളൊന്നും തന്നെ തുറന്നിട്ടില്ലെന്നത് കണ്ട് അവനൊന്ന് അമ്പരന്നു. വഴിയിലെങ്ങും ഒരു മനുഷ്യ കുഞ്ഞിനെ പോലും കാണാനുണ്ടായിരുന്നില്ല.
“ഇതെന്താ ഇന്ന് കടകളെല്ലാം അടഞ്ഞു കിടക്കുന്നത്. പത്ത് മണി കഴിഞ്ഞിട്ടും വഴിയിലൊന്നും ആരെയും കാണുന്നുമില്ലല്ലോ.” സ്വയം പിറുപിറുത്തു കൊണ്ട് സൂര്യൻ അമ്പാട്ട് പറമ്പിൽ തറവാട് ലക്ഷ്യമാക്കി ജീപ്പ് പായിച്ചു.
തറവാടിനോട് അടുക്കുംതോറും വഴിയിൽ കൂടി നിൽക്കുന്ന ആളുകളെ കണ്ട് സൂര്യന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. അവൻ വരുന്നത് കണ്ടതും കൂട്ടം കൂടി നിന്ന ആളുകൾ എന്തൊക്കെയോ രഹസ്യമായി അടക്കം പറഞ്ഞുകൊണ്ട് ഇരുവശത്തേക്കുമായി ഒതുങ്ങി നിന്നു.
പടിപ്പുര വാതിൽ കടന്ന് അമ്പാട്ടെ തറവാട്ട് മുറ്റത്തേക്ക് വണ്ടി കൊണ്ട് നിർത്തുമ്പോൾ അവിടെ നിർത്തിയിട്ടിരിക്കുന്ന പോലിസ് ജീപ്പ് കണ്ട് സൂര്യനാകെ പരിഭ്രമിച്ചു. തറവാട്ട് പരിസരത്തും ചുറ്റുപാടും നാട്ടുകാരെ കൊണ്ട് നിറഞ്ഞിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. എല്ലാവരും അവനെ നോക്കി നിൽക്കുകയാണ്.
“ഭാര്യയെ കൊന്നിട്ട് മുങ്ങിയവൻ ഇന്ന് എന്തിനാണാവോ വന്നിരിക്കുന്നത്.”
“നല്ല തങ്കം പോലത്തൊരു കൊച്ചായിരുന്നു. ഇവന് അതിനെ വേണ്ടെങ്കിൽ കൊന്ന് കളയണമായിരുന്നോ.”
“നഷ്ടം അവളുടെ വീട്ട് കാർക്ക് മാത്രം.”
“എന്നാലും അവന്റെ ധൈര്യം സമ്മതിച്ചു. ഇരുചെവി അറിയാതെ ഭാര്യയെ നിഷ്കരുണം കുളത്തിൽ മുക്കി കൊന്നിട്ട് ഇവനെങ്ങനെ യാതൊരു കൂസലുമില്ലാതെ ഇറങ്ങി നടക്കാൻ പറ്റുന്നു.”
സൂര്യനെ കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങൾ നാട്ടുകാർക്കിടയിൽ നിന്ന് പൊന്തി വന്നു. അതെല്ലാം അവന്റെ കാതിലും പതിഞ്ഞിരുന്നു.
ഭാര്യയെ കൊന്നവൻ എന്ന് കേട്ടപ്പോ തന്നെ സൂര്യന്റെ ശരീരത്തിലൊരു വിറയൽ ബാധിച്ചു. ആൾക്കൂട്ടത്തിനിടയിലേക്ക് അവൻ രൂക്ഷമായോന്ന് നോക്കി. താനൊന്ന് മാറി നിന്നപ്പോഴേക്കും അവിടെ എന്താണ് സംഭവിച്ചതെന്നറിയാതെ അവൻ വ്യാകുലനായി. പ്രിയപ്പെട്ടവളെ കണ്ണുകൾ കൊണ്ട് ചുറ്റും തേടിയെങ്കിലും എവിടെയും കണ്ട് കിട്ടാത്തത് സൂര്യന്റെ ഭയം ഇരട്ടിച്ചു.
തറവാട്ട് കുളത്തിനരികിൽ നിന്നും ശബ്ദ കോലാഹലങ്ങൾ ശ്രവിച്ച സൂര്യൻ വിറയ്ക്കുന്ന കാലടികളോടെ അങ്ങോട്ടേക്ക് ചുവടുകൾ വച്ചു.
അവിടെ, ശരീരത്തിന്റെ പകുതിയോളം വെള്ളത്തിലും തല ഭാഗം കുളപ്പടവിലുമായി നിർമലയുടെ ചേതനയറ്റ ശരീരം കണ്ടവൻ ഞെട്ടി വിറച്ച് നിന്നു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]