പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ ജയിലിലെത്തി സന്ദർശിച്ച് പികെ ശ്രീമതിയും പിപി ദിവ്യയും
പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിലെത്തി സന്ദർശിച്ച് സിപിഎം നേതാക്കളായ പികെ ശ്രീമതിയും പിപി ദിവ്യയും. ഉദുമ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിലെത്തി പ്രതികളെ സന്ദർശിച്ചത്
ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചത് എല്ലാവരും പ്രതീക്ഷിച്ച കാര്യമാണെന്ന് പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. നാല് പേരുടെ കാര്യത്തിൽ മേൽക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ തന്നെ പറഞ്ഞതാണ്. മനുഷ്യത്വപരമായ കാര്യത്താലാണ് പ്രതികളെ കാണാനെത്തിയതെന്നും പികെ ശ്രീമതി പറഞ്ഞു
ഹൈക്കോടതി ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം അനുവദിച്ച നാല് പ്രതികളെയും അഞ്ച് വർഷം തടവിനാണ് സിബിഐ കോടതി ശിക്ഷിച്ചിരുന്നത്. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, വെളുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.