15 ദിവസത്തിനിടയില്‍ എഐ ക്യാമറകളില്‍ പതിഞ്ഞത് 18,778 ഗതാഗത നിയമലംഘനങ്ങള്‍
കുവൈറ്റ് സിറ്റി: പുതുതായി സ്ഥാപിച്ച എഐ ക്യാമറകളില്‍ 15 ദിവസത്തിനിടെ 18,778 ഗതാഗത നിയമലംഘനങ്ങള്‍ പതിഞ്ഞതായി ജനറല്‍ ട്രാഫിക് ഡിപാര്‍ട്ട്മെന്റിലെ ഗതാഗത ബോധവത്കരണ വിഭാഗം അസി. ഡയരക്ടര്‍ കേണല്‍ അബ്ദുല്ല ബു ഹസ്സന് വെളിപ്പെടുത്തി. ഡ്രൈവറും മുന്‍ സീറ്റില്‍ ഇരിക്കുന്ന ആളും സീറ്റ് ബെല്‍റ്റ് ധരിക്കാതെ പോകുന്നത്, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിക്കുന്നത് തുടങ്ങിയ നിയമലംഘനങ്ങളാണ് ക്യാമറയിലൂടെ കണ്ടെത്തിയിരിക്കുന്നത്.
2023മായി താരതമ്യപ്പെടുത്തുമ്പോള്‍ വാഹനാപകടങ്ങളിലെ മരണത്തില്‍ 2024ല്‍ കുറവുണ്ടായിട്ടുണ്ട്. 2023ല്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി മൊത്തം 296 പേര്‍ക്ക് ജീവന് നഷ്ടമായപ്പോള്‍ 2024ല്‍ ഇത് 284 ആയി കുറഞ്ഞിട്ടുണ്ട്. ഗതാഗത വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസുഫ് അല്‍ ഖുദ്ദയുടെ നേതൃത്വത്തില്‍ വകുപ്പ് നടത്തിവരുന്ന ശക്തമായ ബോധവത്കരണമാണ് അപകട മരണം കുറയാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.