Kerala

ട്രെയിനിൽ വന്‍ ഹവാല വേട്ട; 32 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി കോട്ടയത്ത് പിടിയിൽ

കോട്ടയം: മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ (30) ആണ് കോട്ടയം റെയിൽവെ എസ്ഐ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

ട്രെയിനിലെ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി റെയിൽവെ പൊലീസും, എക്‌സൈസും, ആർപിഎഫും സംയുക്തമായി പരിശോധന നടത്താറുണ്ട്. മഹാരാഷ്ട്രയിൽ നിന്നും കൊച്ചുവേളിയിലേക്കുള്ള ട്രെയിനിൽ പരിശോധന നടത്തുമ്പോൾ യുവാവിനെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു.

ബാഗിനുള്ളിൽ കണ്ട പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ പ്ലാസ്റ്റിക് കൂട് സംശയം വർധിപ്പിച്ചു. അകത്ത് എന്താണെന്ന് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ യുവാവ് തയ്യാറായില്ല. ഇതേ തുടർന്ന് പൊലീസ് ബാഗ് തുറന്ന് നടത്തിയ പരിശോധനയിലാണ് 500 രൂപയുടെ 12 കെട്ടുകൾ കണ്ടെത്തിയത്.

ഓച്ചിറയിലെ പത്മിനി ഗോൾഡ് ഷോപ്പിലേയ്ക്ക് നൽകാൻ കൊണ്ട് പോവുകയാണെന്ന മൊഴിയാണ് യുവാവ് നൽകിയത്. തുടർന്ന്, മഹ്‌സർ അടക്കം തയ്യാറാക്കിയ ശേഷം പ്രതിയെ കോട്ടയം റെയിൽവെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിന് ശേഷം ഈ വിവരം ഇൻകം ടാക്‌സ് അധികൃതരെ അറിയിക്കുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ ഇൻകം ടാക്‌സ് അധികൃതർ റെയിൽവെ പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. പിടിച്ചെടുത്ത പണം എസ്ബിഐയ്ക്ക്‌ കൈമാറി. കള്ളനോട്ടാണോ എന്ന് പരിശോധിച്ച് ബാങ്ക് അധികൃതർ നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.

റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ റെജി പി ജോസഫ്, എക്‌സൈസ് ഇൻസ്‌പെക്‌ടർ രാജേന്ദ്രൻ, എഎസ്ഐ റൂബി, ഇൻ്റലിജൻസ് ഉദ്യോഗസ്ഥനായ ശരത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!