പൊതുമധ്യത്തിൽ അപമാനിച്ചെന്ന് സാന്ദ്ര തോമസിന്റെ പരാതി; സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ കേസ്
പൊതുമധ്യത്തിൽ അപമാനിച്ചെന്ന നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. നിർമാതാവ് ആന്റോ ജോസഫ് കേസിൽ രണ്ടാം പ്രതിയാണ്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിൽ പറയുന്നു
സാന്ദ്രയുടെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്ന് തന്നെ മാറ്റിനിർത്തി, സാന്ദ്ര തോമസിനോട് സഹകരിക്കരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടു, തൊഴിൽ സ്വാതന്ത്ര്യത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിലുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമർശിച്ചിരുന്നു. സിനിമയുടെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെയും പോലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സാന്ദ്രയെ ചലചിത്ര നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കുകയായിരുന്നു.