അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നു; കേസ് പരിഗണിക്കുന്നത് ഏഴാം തവണയും മാറ്റി
റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നു. കേസ് പരിഗണിക്കുന്നത് തുടര്‍ച്ചയായ ഏഴാം തവണയും റിയാദിലെ കോടതി മാറ്റിവെച്ചു.കേസ് മാറ്റിവെച്ചതിന്റെ കാരണം ഇത്തവണയും വ്യക്തമല്ല.
അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദ് കോടതി പരിഗണിക്കുമ്പോള്‍ ഓരോ തവണയും കുടുംബം പ്രതീക്ഷയിലായിരുന്നു.18 വര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ മകന് നാട്ടിലെത്തും എന്ന പ്രതീക്ഷ. .പക്ഷേ ഇത്തവണയും നിരാശയായിരുന്നു.കേസ് തുടര്‍ച്ചയായ ഏഴാം തവണയും മാറ്റിവെച്ചു.എന്തുകൊണ്ട് മാറ്റിവെച്ചു എന്ന് റഹീം നിയമസഹായ സമിതിക്കോ വീട്ടുകാര്‍ക്കോ അറിയില്ല.കേസ് നീട്ടിവെക്കുന്നതിന്റെ കാരണം അറിയണമെന്നാണ് നാട്ടുകാരും പറയുന്നത്.
2006 ലാണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. കഴിഞ്ഞ ജൂലൈ 2 ന് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നല്‍കിട്ടും മോചനം വൈകുന്നതില്‍ ആശങ്കയും സങ്കടവുമെല്ലാം കുടുംബത്തിനുണ്ട്.