രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും ഉൾപ്പെട്ട പോസ്റ്റുകൾ നീക്കുന്നു; മെറ്റയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യൂത്ത് കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പേരോ ചിത്രമോ ഉൾപ്പെട്ട പോസ്റ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റ നീക്കം ചെയ്യുന്നതായി ആരോപിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിൽ കോൺഗ്രസ് പ്രവർത്തകരുടെ പോസ്റ്റുകൾ നിയന്ത്രിക്കുന്നതായാണ് പരാതി.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി മനു ജെയിനാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. മെറ്റയുടെ ഓട്ടോമാറ്റിക് കണ്ടന്റ് ബ്ലോക്കിങ് സംവിധാനമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും കീവേഡുകളായി പരിഗണിച്ച് രാഷ്ട്രീയവും വ്യക്തിപരവുമായ പോസ്റ്റുകൾ തടയുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
സെപ്റ്റംബർ 29 മുതൽ നവംബർ 23 വരെ വിവിധ കോൺഗ്രസ് പ്രവർത്തകർക്ക് പോസ്റ്റുകൾ ഇന്ത്യയിൽ ലഭ്യമല്ലെന്ന അറിയിപ്പ് ലഭിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധിയെ വിവാഹത്തിന് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ്, ജന്മദിന ആശംസകൾ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്റ്, രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങൾ, ചിക്കാഗോ സർവകലാശാലയിലെ അദ്ദേഹത്തിന്റെ പ്രഭാഷണവുമായി ബന്ധപ്പെട്ട പോസ്റ്റ് എന്നിവയും നിയന്ത്രിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
2026 ഫെബ്രുവരിയിൽ ഭേദഗതി ചെയ്ത ഐടി ചട്ടങ്ങളിലെ റൂൾ 4(4)-ന്റെ ഭരണഘടനാ സാധുതയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. മതിയായ അറിയിപ്പോ കാരണമോ നൽകാതെ ഉള്ളടക്കങ്ങൾ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തടയുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ വാദം.
നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും നടപടികൾക്ക് ആധാരമായ ഉത്തരവുകളും മാനദണ്ഡങ്ങളും വെളിപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ മെറ്റയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാടും നിർണായകമാകും.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അയ്യപ്പഭക്തരുമായി വാക്കുതർക്കം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

തെളിവുകളില്ലാത്ത ഇസ്രയേൽ ആരോപണങ്ങളുടെ പേരിൽ പലസ്തീൻ ജീവനക്കാരെ പിരിച്ചുവിട്ടു; യുഎൻ ട്രൈബ്യൂണലിന്റെ നിർണായക വിധി

അമേരിക്കയിൽ സൈന്യം സ്ഫോടനം നടത്തി; ഒരു മൈൽ അകലെ വരെ പുക ദൃശ്യമായി: ആശങ്കയിൽ ജനങ്ങൾ

സൗരവ് ദാസിന്റെ യുകെ യാത്രാ വിവാദം: പാസ്പോർട്ടിലെ ജന്മസ്ഥല വിവരങ്ങളിൽ പൊരുത്തക്കേട്; വിശദീകരണം നൽകാൻ ഏഴ് ദിവസം അനുവദിച്ച് വിദേശകാര്യ മന്ത്രാലയം

ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് 25 ശതമാനം വരെ തീരുവ; ചൈനയ്ക്ക് 40 ശതമാനം വരെ അധിക നികുതി നിർദേശിച്ച് അമേരിക്ക
