നിലാവിന്റെ തോഴൻ: ഭാഗം 31
[ad_1]
രചന: ജിഫ്ന നിസാർ
“അവളൊരു പെൺകുട്ടിയാണ് “
നിസ്സഹായതയോടെയായിരുന്നു ഡെയ്സിയുടെ ആ ഓർമപ്പെടുത്തൽ.
വർക്കിയുടെ ചുണ്ടിലെ പുച്ഛം അവരെ വീണ്ടും വേദനിപ്പിച്ചു.
“അവളെന്റെ മോളാണ്. അവൾക്കറിയാമെല്ലാം.നീ നിന്റെ പണി നോക്ക് “
അങ്ങേയറ്റം പുച്ഛത്തോടെ വർക്കി ഡെയ്സിയെ നോക്കി.
“നിങ്ങളുടെ മകളാണ്. സമ്മതിച്ചു. പക്ഷേ ഞാൻ.. ഞാനവളുടെ അമ്മ കൂടിയാണ്. അത് മറക്കണ്ട “
ഡെയ്സി അയാളെ നോക്കി.
“അങ്ങനൊരു കുറവ് മാത്രമേ എന്റെ മക്കൾക്കൊള്ളൂ “
ഉറക്കെ പൊട്ടി ചിരിച്ചു കൊണ്ട് വർക്കി ഡെയ്സിയെ നോക്കി.
അവരൊന്നും മിണ്ടിയില്ല.
“കെട്ട്യോൻ ചത്തിട്ടു ഒരു കൊല്ലം തികയുന്നതിന് മുൻപ് എന്നെ സ്വീകരിച്ചവളല്ലേ നീ.. എനിക്കറിയാം നിന്റെ മനസ്സിലിരിപ്പ്.എനിക്ക് എന്റെ മോളെക്കാൾ നിന്നെയാണ് സംശയം “
ഡെയ്സിയുടെ കാതിനരികിൽ വന്നു നിന്നിട്ട് അയാളത് പറയുമ്പോൾ ഡെയ്സി കണ്ണുകൾ ഇറുക്കിയടച്ചു കളഞ്ഞു.
കെട്ടികേറി വന്നതിൽ പിന്നെ ഈയൊരു ആരോപണം കേൾക്കാത്ത ദിവസങ്ങൾ വളരെ വിരളമാവും.
എന്നിട്ടും എപ്പോൾ കേട്ടാലുമവർ പൊള്ളി പിടയാറുണ്ട്.
“അത് കൊണ്ട് നീ കൂടുതലങ്ങോട് അമ്മ കളിക്കാതെ കയറി പോ “
അത് കൂടി പറഞ്ഞിട്ട് അയാൾ അകത്തേക്ക് പോയിട്ടും ഡെയ്സി തളർന്നു കൊണ്ടാ സോഫയിൽ ഇരുന്നു.
അവരുടെ മനസ്സിൽ എന്തൊക്കെയോ അനാവശ്യചിന്തകൾ നിറഞ്ഞു കവിഞ്ഞു.
എത്ര ഒതുക്കി പിടിച്ചിട്ടും അതങ്ങനെ വളർന്നു വലുതായി കൊണ്ടേയിരുന്നു.. ഓരോ നിമിഷവും.
കാരണം അവരൊരു അമ്മയാണ്..
❣️❣️❣️
“സന്തോഷമായില്ലേ? “
തന്നെയിറുക്കി കെട്ടിപിടിച്ചു നിൽക്കുന്ന ലില്ലിയെ ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.
നനഞ്ഞ കണ്ണോടെ തന്നെ ലില്ലി അവനെ നോക്കി അതേയെന്ന് തലയാട്ടി കാണിച്ചു.
“നാളെ തന്നെ വന്നു ജോയിൻ ചെയ്യുകയല്ലേ?”
അവരുടെ സന്തോഷത്തിലേക്ക് നോക്കി നിറഞ്ഞ ചിരിയോടെ തന്നെ ഷാനവാസ് ചോദിച്ചു.
ലില്ലി നിറഞ്ഞ കണ്ണോടെ അയാളെ നോക്കി കൈ കൂപ്പുന്നത് കാണെ.. ഫൈസിയും ക്രിസ്റ്റിയും നേർത്തൊരു ചിരിയോടെ പരസ്പരം നോക്കി.
“ഒൻപത് മണിക്ക് സ്റ്റാർട് ചെയ്യുന്ന ബാച്ചിലേക്കാണ് ലില്ലിയെ അപ്പോയിൻമെന്റ് ചെയ്തിരിക്കുന്നത്. ബാക്കി കാര്യങ്ങൾ നാളെ മാനേജർ സംസാരിക്കും. ഒക്കെ..”
ഷാനിക്ക പറഞ്ഞതെല്ലാം ലില്ലി തലയാട്ടി സമ്മതിച്ചു.
അപ്പോഴൊക്കെയും ക്രിസ്റ്റിയുടെ കൈകൾ അവരെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു.
❣️❣️❣️
“ഷാഹിദ് ഒരുകാര്യം ഒരുപാട് പ്രാവശ്യം പറയാറില്ലെന്ന് നിങ്ങൾക്കെല്ലാം അറിയില്ലേ?”
തികച്ചും ശാന്തമായിരുന്നു അവന്റെ സ്വരമെങ്കിലും അത് കൊടുംങ്കാറ്റിനു മുൻപേയുള്ള ശാന്തതയായിട്ടാണ് അവിടുള്ളവർക്കെല്ലാം അനുഭവപ്പെട്ടത്.
അമീൻ വിറച്ചു കിതച്ചും ഇജാസിന്റെ തോളിൽ തൂങ്ങിയിട്ടുണ്ട്.
ഇത്രയും പെട്ടന്ന് ഇങ്ങനൊരു സിറ്റുവേഷൻ അവനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ.
ഇജാസിന്റെയും മുഖം വിളറി വെളുത്തു പോയിരുന്നു.പ്രത്യക്ഷത്തിൽ കുറ്റമൊന്നും താൻ ചെയ്തില്ലെന്ന് അവൻ തന്നെ ഇടയ്ക്കിടെ സ്വന്തം മനസാക്ഷിയെ ഓർപ്പിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും.. അമീനൊപ്പം താൻ കൂടി ഉണ്ടായിരുന്നു എന്നാ യാഥാർഥ്യം അവനെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്.
“എന്തേ.. ആർക്കുമൊന്നും പറയാനില്ലേ?”
ഇരിക്കുന്ന കസേരയിയുടെ പിന്നിലേക്ക് കൈകൾ വിരിച്ചു വെച്ച് ചിരിച്ചു കൊണ്ടിരിക്കുന്ന ഷാഹിദിന്റെ ചിരി മാഞ്ഞത് എത്ര പെട്ടന്നാണ്!!!
പകരമാവിടെ വല്ലാത്തൊരു ഭാവമാണ്.
“ഇതെന്താണ് ഷാദി.. ഇയ്യ്.. ഇങ്ങനൊക്കെ?”
അവനാ ചെയ്തത് ഒട്ടും അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല എങ്കിൽ കൂടിയും.. അവനോട് നേരിട്ട് അതിനെ കുറിച്ച് ചോദിക്കാൻ അവിടെ കൂടിയ ആർക്കും ധൈര്യമില്ലായിരുന്നു.
“കൂടുതൽ ചോദ്യങ്ങൾ ഒന്നും തന്നെ ഇങ്ങോട്ട് വേണ്ട…”
പരുക്കമായ ശബ്ദത്തിൽ അവനത് പറഞ്ഞതും ഹമീദ് മുഖത്തടികിട്ടിയത് പോലെ വിളറി പോയിരുന്നു.
“ഒന്നും കാണാതെ ഷാഹിദ് ഒന്നും ചെയ്യില്ലെന്ന് ഇനിയും ഇവിടാർക്കെങ്കിലും സംശയങ്ങളുണ്ടോ?”
അൽപ്പം പരിഹാസത്തോടെ ആയിരുന്നു അവന്റെയാ ചോദ്യം.
ഉണ്ടന്നോ ഇല്ലന്നോ പറയാതെ അവരെല്ലാം മൗനം പാലിച്ചു.
“ഇന്നിവിടെ നടന്ന നാടകത്തിന്റെ പിന്നിൽ പലതുമുണ്ട്. അതാരെയും ബോധ്യപെടുത്താൻ തത്കാലം എനിക്ക് ടൈമില്ല “
അവജ്ഞതയോടെയാണ് അവന്റെ ഓരോ വാക്കുകളും.
അവനെ നോക്കി നിൽക്കുന്ന അറക്കലെ എല്ലാവർക്കും അത് വളരെ വ്യക്തമായി മനസ്സിലായതുമാണ്.
എന്നിട്ടും മിണ്ടിയില്ല.
“ഫാത്തിമ ഇവിടെ നിൽക്കേണ്ടത് എന്റെ ആവിശ്യമാണ്. അതില്ലാതെയാക്കാൻ ആരെങ്കിലും ശ്രമിച്ചെന്ന് എനിക്ക് തോന്നിയ….”
കല്ലിച്ച മുഖത്തോടെ അവനത് പറഞ്ഞതും.. അത് വരെയും അവനെ ആരാധനയോടെ അവനെ നോക്കി നിന്നിരുന്ന പെൺകുട്ടികളുടെ മുഖം.. കടന്നൽ കുത്തിയത് പോലെ വീർത്തു.
അവർക്കെല്ലാം ഉള്ളിൽ ഫാത്തിമയോട് വല്ലാത്ത അമർഷം തോന്നി.
“ഇന്ന് ഈ നിമിഷം വരെയുമുള്ളത് എല്ലാവരും മറന്നേക്ക്. ഇനി.. ഇനി ഫാത്തിമയോട് ഇവിടാരും മോശമായി പെരുമാറില്ല.”
അവസാനവാക്കെന്നോണം അതും പറഞ്ഞിട്ട് അവനൊന്നു ചിരിച്ചു.
അപ്പോഴും അവന്റെ മനസ്സിലെന്താണെന്ന് അവർക്കാർക്കും മനസ്സിലായില്ല.
അവടാരും അതവനോട് ചോദിച്ചതുമില്ല.!!
❣️❣️
“ഹാ.. ഇത്രേം ദൂരെ എത്തിയിട്ടും നിന്റെ ഭയമിനിയും മാറിയില്ലേ മോളെ?”
റോയ്സ് കൈ നീട്ടി ദിലുവിന്റെ കവിളിൽ തൊട്ട് കൊണ്ട് ചോദിച്ചു.
പൊള്ളിയത് പോലെ അവളൊന്നു പിടഞ്ഞു.
കാറിലായിരുന്നു അവരുടെ യാത്ര.
ലോകം കീഴടക്കി കിട്ടിയത് പോലുള്ളൊരു ആവേശം റോയ്സിൽ പ്രകടമായിതന്നെ കാണാൻ കഴിയുന്നുണ്ട്.
പക്ഷേ ദിൽനയപ്പോഴും വിട്ടൊഴിയാത്ത പേടിയോടെ പുറത്തേക്ക് തന്നെയാണ് നോട്ടം.
“ഡീ പൊട്ടി.. നമ്മളിപ്പോ നാട്ടിൽ നിന്നും ഒത്തിരി അകലെയെത്തി. ഇനി ഈ ഭയമെടുത്ത് ദൂരെ കള നീ “
വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ തന്നെ റോയ്സ് അവളെ ചേർത്ത് പിടിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“അയ്യോ.. അപ്പൊ.. സ്കൂൾ ടൈം തീരുന്നതിനു മുന്നേ നമ്മൾ.. നമ്മൾ വീട്ടിലെത്തൂലെ?”
അപ്പോഴുമവൾക്ക് അതോർത്തായിരുന്നു പേടി മുഴുവനും.
“പിന്നല്ലാതെ. എന്റെ കൊച്ചിനോട് റോയിച്ചൻ ഒരു കാര്യം ഏറ്റതല്ലേ? എനിക്ക് ജീവനുണ്ടേൽ അത് സാധിപ്പിച്ചു തരും. എനിക്കത്രേം ഇഷ്ടമാണെടി മുത്തേ നിന്നെ..”
അവളുടെ കയ്യിൽ വിരൽ കോർത്തു പിടിച്ചു കൊണ്ട് അവനത് പറഞ്ഞതും അവളുടെ മുഖം ഇച്ചിരിയൊന്ന് അയഞ്ഞു.
“ഉറപ്പല്ലേ?”
അവൾ ഒന്നൂടെ അവനെ നോക്കി ചോദിച്ചു.
“സെറ്റ് “
അവളുടെ കൈ പുടിച്ചുയർത്തി അതിലൊന്ന് പതിയെ ഉമ്മ വെച്ച് കൊണ്ടവൻ കണ്ണടച്ച് കാണിച്ചു.
ദിൽന നാണം കൊണ്ട് ചുവന്നു തുടങ്ങിയെന്ന് കണ്ടതും ഗൂഡമായൊരു ചിരിയോടെ അവൻ അവളിൽ താളമിട്ട് തുടങ്ങി.
പതിഞ്ഞ സ്വരത്തിൽ കാറിനുള്ളിൽ കേൾക്കുന്ന പ്രണയഗാനത്തിന്റെ ഈരടികൾ.
അപ്പോഴൊക്കെയും.. റോയ്സിന്റെ കണ്ണുകൾ കാതരയായി ദിൽനയെ തഴുകി തലോടി കടന്നു പോകുന്നുണ്ട്.
അതിലെല്ലാമവൾ പൂത്തുലയുന്നുമുണ്ട്.
അതിവേഗത്തിൽ വഴികളെ പിന്നില്ലാക്കി കൊണ്ടവന്റെ കാർ അവളെയും കൊണ്ട് മുന്നോട്ടു കുതിച്ചു.
വ്യക്തമായ ഉദ്ദേശത്തോടെ തന്നെ..
❣️❣️❣️
“ഇനിയുമെന്താടാ നിന്റെ മോന്തയിങ്ങനെ? “
കോളേജിൽ എത്തിയിട്ടും തെളിയാത്ത ക്രിസ്റ്റിയുടെ മുഖത്തേക്ക് നോക്കി ഫൈസി ചോദിച്ചു.
“എനിക്കെന്തൊക്കെയോ നെഗറ്റീവ് വൈബ് “
വാകമരത്തിനു കീഴിലെ സിമന്റ് ബെഞ്ചിൽ ഇരുന്ന് കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
ആ പറഞ്ഞ അതേ ഒരു നെഗറ്റീവ് ഫീൽ അവന്റെ മുഖത്തു തന്നെ അറിയാൻ കഴിഞ്ഞിരുന്നു.
“അതല്ലേ നിന്നോട് ഞാൻ മലയാളത്തിൽ ചോദിച്ചത്.. എന്താണാവോ ആ നെഗറ്റീവെന്ന്?”
അവനരികിലേക്ക് തന്നെയിരുന്നു കൊണ്ട് ഫൈസി വീണ്ടും ചോദിച്ചു.
“എനിക്കറിയില്ലെടാ.. രാവിലെ മുതൽ.. ഞാനൊട്ടും ഒക്കെയല്ല “
കുനിഞ്ഞിരുന്നു മുഖം കൈകൾ കൊണ്ട് താങ്ങി ക്രിസ്റ്റി പറഞ്ഞത് കേട്ട് പിന്നൊന്നും ചോദിക്കാതെ ഫൈസി ദൂരെ ഗൗണ്ടിലേക്ക് നോക്കിയിരുന്നു.
ദിൽനയുടെ മുഖത്തു കണ്ട പതർച്ചയപ്പോഴും ക്രിസ്റ്റിയുടെ ഉള്ളിൽ കൊളുത്തി വലിക്കുന്നുണ്ട്.
അത് തന്റെ തോന്നൽ മാത്രമാണെങ്കിലോ എന്നുള്ള സംശയം കൊണ്ടാണ് അവനത് ഫൈസിയോട് പറയാഞ്ഞതും.
അങ്ങനെയൊരു ചിന്തയുണ്ടെങ്കിലും.. അതൊരിക്കലും അങ്ങനെയല്ലെന്ന് അതിദ്രുതം മിടിച്ചു കൊണ്ട് ഹൃദയമവന് മുന്നറിയിപ്പ് കൊടുത്തു.
പറഞ്ഞറിയിക്കാൻ കഴിയാത്തൊരു നോവവനെ ശ്വാസം മുട്ടിച്ചു.
ലില്ലിക്ക് വീട്ടിൽ പോകാൻ ഒരു ഓട്ടോ ഏല്പിച്ചു കൊടുത്തു കൊണ്ടാണ് അവൻ കോളേജിലേക്ക് എത്തിയത്.
വീട്ടിൽ നിന്നിറങ്ങിയത് മുതൽ വിടാതെ പിന്തുടരുന്ന ആ അസ്വസ്ഥതയുടെ ഭാരവും പേറിയാണ് ക്രിസ്റ്റി ക്ലാസ്സിലിരുന്നത് മുഴുവനും.
ക്ലാസ് എടുക്കുന്നതിലൊന്നും ഒരല്പം പോലും ശ്രദ്ധ കൊടുക്കാനാവാത്ത ചിന്തയുടെ ഭാരവും പേറി അലയുന്ന അവനെ ഫൈസി വന്നത് മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്.
ഉച്ചക്ക് ശേഷമുള്ള പിരീഡിൽ ക്രിസ്റ്റിയെയും വിളിച്ചു കൊണ്ട് ഫൈസി ക്ലാസ് വിട്ടിറങ്ങിയത് അവനൊട്ടും ഓക്കേയല്ലെന്നു തോന്നിയിട്ട് തന്നെയാണ്.
ആര്യൻ ഉച്ചക്ക് ശേഷം ലീവെടുത്തു കൊണ്ട് പോയിരുന്നു.
“വീട്ടിൽ.. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോടാ?”
അവന്റെയാ മുഖവും മൗനവും ഒട്ടും സഹിക്കാൻ വയ്യെന്നത് പോലെയാണ് ഫൈസി വീണ്ടും ചോദിച്ചത്.
“ഏയ്.. അവിടെന്തു പ്രശ്നം ഒന്നുമില്ല “
അതും പറഞ്ഞു കൊണ്ട് ക്രിസ്റ്റി എഴുന്നേറ്റു.
“വാ പോകാം.”
വാച്ചിലേക്ക് നോക്കി കൊണ്ട് ക്രിസ്റ്റി ഫൈസിയോട് പറഞ്ഞു.
“വൈകുന്നേരം മറിയാമ്മച്ചിയുടെ കെട്ട്യോനൊരു അപ്പോയിൻമെന്റ് എടുത്തിട്ടുണ്ട്. കൊണ്ട് പോയി കാണിക്കണം. ഇല്ലെങ്കിൽ പിന്നെ അത് മതിയാവും. ഇന്നലെ മുതൽ ആൾക്ക് ഭയങ്കര മിസ്സിംഗാണ് മൂപ്പരെ “
ചെറുചിരിയോടെ ക്രിസ്റ്റി പറഞ്ഞത് കേട്ട് ഫൈസിയപ്പോഴും തെളിയാത്ത മുഖത്തോടെ എഴുന്നേറ്റു.
“നാളെയല്ലേ.. നിന്റെ പുന്നാര പെങ്ങൾ ടൂർ പോണ ഡേറ്റ്?”
ബൈക്കിന്റെ അരികിലേക്ക് നടക്കുന്നതിനിടെ ഫൈസി ക്രിസ്റ്റിയെ നോക്കി ചോദിച്ചു.
“കർത്താവെ…”
നെഞ്ചിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി നടത്തം നിർത്തി.
“എന്തേ… ആങ്ങള മറന്നു പോയിരുന്നോ?”
നേർത്ത ചിരിയോടെ ഫൈസി അവനെ നോക്കി.
“ആഹ് .. എന്റെ ഓർമയിൽ നിന്ന് തന്നെ അത് പോയി. അവൾക്ക് ഡ്രസ്സ് വേണമെന്നൊക്ക പറഞ്ഞിരുന്നു. ശോ..”
ക്രിസ്റ്റി അതും പറഞ്ഞു കൊണ്ട് നെറ്റിയിലിടിച്ചു.
“അതിനിപ്പോ എന്താ.. ഇത്രേം ടെൻഷനടിക്കാൻ. ചെന്നങ് വാങ്ങി കൊടുക്ക് പുന്നാര ചേട്ടൻ “
ഫൈസി ഒരാക്കി ചിരിയോടെ അവനെ നോക്കി.
‘ശാരിയാന്റി തടഞ്ഞു കാണും. ഇല്ലെങ്കിൽ അവളെന്നെ വിളിക്കേണ്ടതാണ് “
ക്രിസ്റ്റി വീണ്ടും നടക്കുന്നതിനിടെ പറഞ്ഞു.
“ആഹ്.. ആ ആന്റിക്ക് അൽപ്പം ബുദ്ധിയുണ്ട്. നിങ്ങള് ആങ്ങളയെയും പെങ്ങളെയും പോലല്ല “
“ഓഓഓ… നിനക്കൊരു കാരണം കിട്ടിയല്ലോ അവളെ ചൊറിയാൻ. മാക്സിമം മുതലാക്കിക്കോ ..തെണ്ടി…”
ക്രിസ്റ്റി പല്ല് കടിച്ചു കൊണ്ട് പറയുമ്പോൾ ഫൈസി ഊറി ചിരിച്ചു കൊണ്ട് അവനൊപ്പം നടന്നു.
“ശോ.. ഇനിയിപ്പോ എന്തോ ചെയ്യും.?ഞാനാണേൽ മറിയാമ്മച്ചിക്ക് വാക്കും കൊടുത്തു.. വൈകുന്നേരം നേരത്തെ വന്നിട്ട് കെട്ട്യോനെ കാണിക്കാൻ കൊണ്ട് പോകാമെന്ന് . അവര് പ്രതീക്ഷിക്കുന്നുണ്ടാവും എന്നെ. ഇന്നിനി മീരയെ കൊണ്ട് വന്നു ഡ്രസ്സ് എടുക്കാനൊട്ട് സമയവുമില്ല. നാളെ വെളുപ്പിനെ അവൾക്ക് പോണ്ടതല്ലേ?”
ബൈക്കിലേക്ക് ഇരുന്നു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
ഫൈസി അതെല്ലാം അവന് തീരുമാനിക്കാൻ വിട്ടു കൊടുത്തുവെന്നത് പോലെ… ഒന്നും മിണ്ടാതെ അവനരികിൽ തന്നെ നിന്നു.
“കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ എന്തെങ്കിലുമൊരു ഐഡിയ പറഞ്ഞു താടാ”
എത്രയൊക്കെ തലങ്ങും വിലങ്ങും ആലോചിച്ചു നോക്കിയിട്ടും.. ഒരിഞ്ചു പോലും മുന്നോട്ടു പോകാനാവാത്ത തടസ്സങ്ങൾ മുന്നിൽ കണ്ടതും.. ക്രിസ്റ്റി ഫൈസിയെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.
“ഐആം സോറി അളിയാ.. ഇത് നിങ്ങളുടെ ആങ്ങളയുടെയും പെങ്ങളുടെയും മാത്രം പ്രശ്നമാണ്. സൊ… നമ്മളില്ലേ.. യ് “
ഫൈസി ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി.
“മറിയാമ്മച്ചിയെ പറഞ്ഞു പറ്റിച്ചു എന്നവർക്ക് തോന്നരുത്. കർത്താവ് പോലും പൊറുകേലയത്. അവർക്ക് വേറെരുമില്ല “
ക്രിസ്റ്റി പറഞ്ഞത് കേട്ട് ഫൈസി വെറുതെയൊന്ന് മൂളി.
“മീരയുടെ കാര്യവും വിട്ട് കളയാൻ വയ്യ. പറഞ്ഞില്ലേലും ഞാനോർത്തു ചെയ്യുമെന്ന് അവളും കരുതുന്നുണ്ടാവും.”
ക്രിസ്റ്റി ധർമ്മസങ്കടതിലായത് പോലെ ഫൈസിയെ നോക്കി.
“ഒരു കാര്യം ചെയ്യ്. ആദ്യം നീ നിന്റെ പെങ്ങളെ വിളിച്ചൊന്നു ചോദിക്ക്. എന്തെല്ലാം വേണമെന്ന് “
ഫൈസി അവനോട് ആവിശ്യപ്പെട്ടു.
“അതെന്തിനാ ഡാ.. അതവൾക്ക് കൂടുതൽ പ്രതീക്ഷ നൽകുകയല്ലേ ചെയ്യുന്നത്?”
“ആദ്യം നീ പറഞ്ഞത് അനുസരിക്കെടാ. വഴിയുണ്ടാക്കാം “
ഫൈസി വീണ്ടും പറഞ്ഞിട്ടും ഒന്ന് കൂടി സംശയിച്ചു നിന്നതിനു ശേഷമാണ് ക്രിസ്റ്റി അവളെ ഫോണിൽ വിളിച്ചത്.
“ഒരു കാര്യം ഞാൻ ആദ്യം തന്നെ പറഞ്ഞേക്കാം. ഒലിപ്പിച്ചു നിക്കാൻ മുന്നിലൊട്ടും ടൈമില്ല. അത് കൊണ്ട് കൊഞ്ചി കൊണ്ട് നില്കാതെ പെട്ടന്ന് കാര്യം പറഞ്ഞു തീർത്തോണം “
ഫൈസി പറഞ്ഞത് കേട്ടതും ക്രിസ്റ്റി അവനെ നോക്കിയൊന്ന് കണ്ണുരുട്ടി…
“മോളെ.. ഇച്ഛയാണ് “
ഫോണിൽ ക്രിസ്റ്റി പറയുന്നത് കേട്ടതും ഫൈസി തിരിഞ്ഞു നിന്ന് കൊണ്ട് ചിരിയമർത്തി.
“തൊടങ്ങി….”
ഫൈസി പറഞ്ഞത് നല്ല വെടിപ്പായി ക്രിസ്റ്റി കേട്ടത് കൊണ്ട് തന്നെ പെട്ടന്ന് അവനാ സംസാരം അവസാനിപ്പിച്ചു.
മീര.. ആദ്യം ഒന്നും വേണ്ടന്ന് പറഞ്ഞെങ്കിലും ക്രിസ്റ്റി നിർബന്ധിച്ചു ചോദിച്ചപ്പോൾ.. അത്യാവശ്യം വേണ്ടുന്ന സാധനങ്ങളുടെ ഒരു കുഞ്ഞു ലിസ്റ്റ് അവനോട് പറഞ്ഞു കൊടുത്തു.
പിന്നെ വിളിക്കാമെന്ന് പറഞ്ഞു കൊണ്ടവൻ ആ സംസാരം അവസാനിപ്പിച്ചു തിരിഞ്ഞതും ഫൈസി ക്രിസ്റ്റിയുടെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തിരുന്നു.
“കയറ് “
അപ്പോഴും ഒന്നും മനസ്സിലാവാതെ നിൽക്കുന്ന ക്രിസ്റ്റീയോട് അവൻ പറഞ്ഞു.
“എങ്ങോട്ടാ ഡാ..?”
“ഇപ്പൊ കിട്ടിയ ലിസ്റ്റിലുള്ള സാധനങ്ങൾ വാങ്ങിക്കണ്ടേ?”
ഫൈസി തിരിച്ചു ചോദിച്ചു.
“അതെങ്ങനെ അവളിൽ എത്തിക്കും? ഇപ്പൊ തന്നെ ലേറ്റായി. മറിയാമ്മച്ചി കാത്തിരിക്കും “
ക്രിസ്റ്റി ഫൈസിയെ നോക്കി.
“മീരക്ക് വേണ്ടത് വാങ്ങി താ. ഞാൻ കൊണ്ട് പോയി കൊടുക്കാം “
ക്രിസ്റ്റിയെ നോക്കി ഫൈസി പറയുമ്പോൾ… അതെങ്ങനെ അവനോട് പറയും എന്നോർത്ത് ടെൻഷനോടെ നിന്നിരുന്ന ക്രിസ്റ്റിയുടെ മുഖം തെളിഞ്ഞു………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]