ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി; രേഖാ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കുക. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. രേഖ ഗുപ്തക്കൊപ്പം ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി ബിജെപിയിലെ മുതിർന്ന നേതാക്കളും എൻഡിഎയിലെ പ്രധാനപ്പെട്ട നേതാക്കളും ബോളിവുഡ് നടീനടൻമാരും സെലിബ്രിറ്റികളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും
ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖ.
പർവേശ് വർമയാണ് ഉപമുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങ് വൻ ആഘോഷമാക്കാനാണ് ബിജെപിയുടെ നീക്കം. അമ്പതിനായിരത്തിലേറെ പേർ ചടങ്ങിനെത്തും. സുരക്ഷക്കായി മാത്രം 25,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.