Sports

തകർച്ചയിൽ നിന്നും വമ്പൻ തിരിച്ചുവരവുമായി കേരളം; രണ്ടാം ദിനം 3ന് 131 റൺസ്

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ ബാറ്റ് ചെയ്യുന്ന കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിൽ. 14 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീണ് പതറിയ കേരളത്തെ ആദിത്യ സർവതെയും അഹമ്മദ് ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ടാണ് 100 കടത്തിയത്. വിദർഭ ഒന്നാമിന്നിംഗ്‌സിൽ 379 റൺസിന് ഓൾ ഔട്ടായിരുന്നു

കേരളം ഇപ്പോഴും വിദർഭയുടെ സ്‌കോറിനേക്കാൾ 248 റൺസ് പിന്നിലാണ്. സച്ചിൻ ബേബിയും ആദിത്യ സർവതെയുമാണ് ക്രീസിൽ നിൽക്കുന്നത്. 120 പന്തിൽ 10 ഫോറുകൾ സഹിതം 66 റൺസുമായി സർവതെയും ഏഴ് റൺസുമായി സച്ചിനും നാളെ ബാറ്റിംഗ് തുടരും.

ആദ്യ ഓവറിലെ അഞ്ചാം പന്തിൽ രോഹൻ കുന്നുമ്മലിനെ ക്ലീൻ ബൗൾഡ് ചെയ്താണ് വിദർഭ കേരളത്തെ ഞെട്ടിച്ചത്. സ്‌കോർ 14ൽ നിൽക്കെ 14 റൺസെടുത്ത അക്ഷയ് ചന്ദ്രനും പുറത്തായി. സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയ സർവതെയും അഹമ്മദ് ഇമ്രാന്റെയും പ്രതിരോധമാണ് പിന്നീട് കണ്ടത്. സർവതെ ക്ലാസിക് ഷോട്ടുകളുമായി കളം പിടിച്ചപ്പോൾ മറുവശത്ത് ഇമ്രാൻ മികച്ച പിന്തുണയും നൽകി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്

സ്‌കോർ 107ൽ നിൽക്കെ യാഷ് താക്കൂറിനെ ബൗണ്ടറി കടത്താനുള്ള ശ്രമം പിഴച്ച് ക്യാച്ച് നൽകി ഇമ്രാൻ പുറത്താകുകയായിരുന്നു. 83 പന്തുകൾ നേരിട്ട ഇമ്രാൻ 3 ഫോറുകൾ സഹിതം 37 റൺസെടുത്തു. പിന്നീടെത്തിയ സച്ചിനെ കൂട്ടുപിടിച്ച് സർവതെ രണ്ടാം ദിനം അവസാനിക്കുമ്പോൾ സ്‌കോർ 131 വരെ എത്തിച്ചു. നാളെ മുഴുവൻ ദിനവും ബാറ്റ് ചെയ്യാനായാൽ കേരളത്തിന് ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാം. മൂന്നാം ദിനത്തിലെ ആദ്യ സെഷനാകും മത്സരത്തിന്റെ ഗതി നിർണയിക്കുക.

Related Articles

Back to top button
error: Content is protected !!