ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ റമദാനില്‍ 16 ലക്ഷം സീറ്റുകള്‍ ഉറപ്പാക്കും

റിയാദ്: റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ 16 ലക്ഷം സീറ്റുകള്‍ ഉറപ്പാക്കുമെന്ന് സൗദി റെയില്‍വേസ് കമ്പനി വെളിപ്പെടുത്തി. കോച്ചുകളുടെളുടെയും സര്‍വീസുകളുടെയും എണ്ണം കൂട്ടിയാണ് 16 ലക്ഷം ഇരിപ്പിടങ്ങള്‍ ട്രെയിനില്‍ റമദാന്‍ മാസത്തില്‍ സജ്ജമാക്കുക. മക്കക്കും മദീനക്കും ഇടയില്‍ സഞ്ചരിക്കുന്ന ദൈവത്തിന്റെ അതിഥികളായ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ചതും സുഖപ്രദവുമായ യാത്രാനുഭവം ഒരുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഓപ്പറേറ്റര്‍മാരായ സ്പാനിഷ് റെയില്‍വേ പ്രോജക്ട് കമ്പനിയുമായി സഹകരിച്ചാണ് സൗദി റെയില്‍വേസ് കമ്പനി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. ഈ വര്‍ഷം സര്‍വീസുകളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. ട്രിപ്പുകളുടെകളുടെ എണ്ണം 3,410 ആയി വര്‍ദ്ധിക്കും. സീറ്റുകളുടെ എണ്ണമെടുത്താല്‍ 2024നെ അപേക്ഷിച്ച് 18 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. റമദാന്‍ മാസത്തില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ ഉണ്ടാകുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് നടപടി.
റമദാന്റെ ആദ്യ ആഴ്ചയില്‍ ദിനേന 100 ട്രിപ്പുകള്‍ നടത്തുകയാണ് ലക്ഷ്യം. പിന്നീടുള്ള ആഴ്ചകളില്‍ ട്രിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് രണ്ടാമത്തെ ആഴ്ചയില്‍ 120 ട്രിപ്പുകള്‍വരെയാക്കും. ഏറ്റവും തിരക്കുള്ള ദിനങ്ങളില്‍ 130 ട്രിപ്പുകള്‍വരെ നടത്താനാണ് പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ 10 അതിവേഗ റെയില്‍വേ സംവിധാനങ്ങളില്‍ ഒന്നാണ് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ്. 453 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാതയില്‍ മണിക്കൂറില്‍ ശരാശരി 300 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്. മക്ക, ജിദ്ദ, കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട്, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവയെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ ഓടുന്നത്.