Sports

കിംഗ് നയിച്ചു; രാഹുലും ഹാർദ്ദിക്കും തീർത്തു: ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. 4 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ വീഴ്ത്തിയത്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 265 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഓസ്ട്രേലിയക്കായി 73 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്കായി 84 റൺസ് നേടിയ വിരാട് കോലിയാണ് മികച്ചുനിന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയക്കായി ആദം സാമ്പയും നഥാൻ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്ക – ന്യൂസീലൻഡ് രണ്ടാം സെമിഫൈനലിലെ വിജയികളെയാണ് ഇ നേരിടുക.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യൻ ബൗളിംഗിൽ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. മാത്യു ഷോർട്ടിന് പകരമെത്തിയ കൂപ്പർ കൊണോലിയാണ് ട്രാവിസ് ഹെഡിനൊപ്പം ഓസീസ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, രണ്ടുപേർക്കും ആദ്യ ഓവറുകളിൽ താളം കണ്ടെത്താനായില്ല. ഇതിനിടെ 9 പന്തുകൾ നേരിട്ട് റണ്ണെടുക്കാനാവാതെ കൊണോലി ഷമിയുടെ പന്തിൽ മടങ്ങുകയും ചെയ്തു. കൊണോലി പുറത്തായതിന് ശേഷം ട്രാവിസ് ഹെഡ് ഫോമിലേക്കുയർന്നു. മുഹമ്മദ് ഷമിയെ തുടരെ മൂന്ന് തവണ അതിർത്തികടത്തിയ ഹെഡ് അനായാസ മുന്നോട്ടുപോകവെ വരുൺ ചക്രവർത്തി ഇന്ത്യയുടെ രക്ഷയ്ക്കെത്തി. താൻ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ വരുൺ ഹെഡിനെ പുറത്താക്കി. വരുണിൻ്റേതായി നേരിട്ട ആദ്യ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച ഹെഡിനെ ലോംഗ് ഓഫിൽ ശുഭ്മൻ ഗിൽ പിടികൂടി. സ്റ്റീവ് സ്മിത്തുമൊത്ത് 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് താരം മടങ്ങിയത്.

മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നും മികച്ച രീതിയിൽ ബാറ്റ് വീശി. 56 റൺസ് നീണ്ട ഈ കൂട്ടുകെട്ട് ഒടുവിൽ രവീന്ദ്ര ജഡേജയാണ് തകർത്തത്. 29 റൺസ് നേടിയ ലബുഷെയ്നെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. ജോഷ് ഇംഗ്ലിസ് (11) വേഗം മടങ്ങിയെങ്കിലും അഞ്ചാം വിക്കറ്റിൽ അലക്സ് കാരിയും സ്റ്റീവ് സ്മിത്തും ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തു. സ്റ്റീവ് സ്മിത്തിൻ്റെ കുറ്റി പിഴുത മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. പിന്നീട് ഗ്ലെൻ മാക്സ്‌വൽ (7) അക്സർ പട്ടേലിനും ബെൻ ഡ്വാർഷുയിസ് (19) വരുൺ ചക്രവർത്തിയ്ക്കും മുന്നിൽ വീണു. 61 റൺസ് നേടിയ അലക്സ് കാരിയെ ശ്രേയാസ് അയ്യർ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി. നഥാൻ എല്ലിസ് (10) ഷമിയുടെയും ആദം സാമ്പ (7) ഹാർദിക് പാണ്ഡ്യയുടെയും ഇരയായി മടങ്ങിയതോടെ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കും നല്ല തുടക്കമല്ല ലഭിച്ചത്. 8 റൺസ് മാത്രം നേടിയ ശുഭ്മൻ ഗിൽ ബെൻ ഡ്വാർഷുയിസിൻ്റെ പന്തിൽ പ്ലെയ്ഡ് ഓണായി മടങ്ങി. പതിവുപോലെ ആക്രമിച്ചുകളിച്ച രോഹിത് ശർമ്മ (28) കൂപ്പർ കൊണോലിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. മൂന്നാം വിക്കറ്റിൽ ശ്രേയാസ് അയ്യരും വിരാട് കോലിയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ ആധിപത്യം സമ്മാനിച്ചത്. 91 റൺസ് നീണ്ട ഈ കൂട്ടുകെട്ട് ശ്രേയാസ് അയ്യർ (45) പുറത്തായതോടെ അവസാനിച്ചു. അയ്യരെ ആദം സാമ്പ ബൗൾഡാക്കുകയായിരുന്നു. അഞ്ചാം നമ്പറിലെത്തി ആക്രമിച്ചുകളിച്ച അക്സർ പട്ടേൽ ഇന്ത്യൻ സ്കോറിങ് നിരക്ക് താഴാതെ സൂക്ഷിച്ചു. 27 റൺസ് നേടിയ അക്സറിനെ നഥാൻ എല്ലിസ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ കെഎൽ രാഹുലും ആക്രമിച്ചുകളിച്ചു. രാഹുലും കോലിയും ചേർന്ന് അഞ്ചാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു. സാവധാനം ഇന്ത്യൻ സ്കോർ നിയന്ത്രിച്ച വിരാട് കോലിയെ ഡ്വാർഷുയിസിൻ്റെ കൈകളിലെത്തിച്ച ആദം സാമ്പയാണ് ഈ കൂട്ടുകെട്ട് തകർത്തത്. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ ടൈമിങ് കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടി. എങ്കിലും ആദം സാമ്പ എറിഞ്ഞ 47ആം ഓവറിൽ തുടരെ രണ്ട് സിക്സറുകൾ നേടിയ താരം ഇന്ത്യയെ വിജയത്തിനരികെ എത്തിച്ചു. 24 പന്തിൽ 28 റൺസ് നേടിയ ഹാർദ്ദിക്കിനെ 48ആം ഓവറിൽ നഥാൻ എല്ലിസ് മടക്കിയെങ്കിലും മാക്സ്‌വൽ എറിഞ്ഞ 49ആം ഓവറിലെ ആദ്യ പന്ത് സിക്സറിന് പറത്തി രാഹുൽ ഇന്ത്യയുടെ വിജയം പൂർത്തിയാക്കി. 34 പന്തിൽ 42 റൺസ് നേടിയ രാഹുൽ നോട്ടൗട്ടാണ്.

Related Articles

Back to top button
error: Content is protected !!