Kerala
മുംബൈയിൽ കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് താനൂരിലെത്തിക്കും; ഒപ്പം പോയ റഹീം അസ്ലം കസ്റ്റഡിയിൽ

താനൂരിൽ നിന്ന് നാട് വിട്ട് മുംബൈയിൽ കണ്ടെത്തിയ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെ ഇന്നുച്ചയോടെ നാട്ടിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർഥിനികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവത്കരണവും നൽകും.
പെൺകുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത എടവണ്ണ സ്വദേശി റഹീം അസ്ലമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുംബൈയിൽ നിന്ന് രാവിലെയാണ് നാട്ടിലെത്തിയത്. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ റഹീമിനെ അറസ്റ്റ് ചെയ്യും
കുട്ടികൾ ഉല്ലാസത്തിന് വേണ്ടിയാണ് മുംബൈയിൽ വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനമെന്ന് പോലീസ് അറിയിച്ചു. പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. തിരൂരിലിറങ്ങിയ ശേഷമാകും താനൂരിലേക്ക് പോകുക.