പത്മകുമാർ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കും; പ്രശ്നം സംഘടനാപരമെന്ന് രാജു എബ്രഹാം

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാക്കാത്തതിൽ പരസ്യമായി പ്രതിഷേധിച്ച സിപിഎം നേതാവ് എ പത്മകുമാറുമായി ജില്ലാ സെക്രട്ടറി രാജു എബ്രഹാം കൂടിക്കാഴ്ച നടത്തി. തിങ്കളാവ്ച ഉച്ചയോടെ പത്മകുമാറിന്റെ വീട്ടിലെത്തിയാണ് രാജു എബ്രഹാം കൂടിക്കാഴ്ച നടത്തിയത്. പത്മകുമാർ ഉന്നയിച്ച പ്രശ്നങ്ങൾ സംഘടനാപരമായി പരിഹരിക്കേണ്ട വിഷയങ്ങളാണെന്നും സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ അധികം താമസിയാതെ വിഷയം പരിശോധിക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം രാജു എബ്രഹാം പറഞ്ഞു
സംഘടനാപരമായ പ്രശ്നമാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ അദ്ദേഹം വ്യക്തിപരമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം പാർട്ടി വേദികളിലാണ് പരിശോധിക്കേണ്ടത്. ജില്ലാ കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന് വേണമെങ്കിൽ അവധി ചോദിക്കാമെന്നും രാജു എബ്രഹാം പറഞ്ഞു
പാർട്ടി സംസ്ഥാന സമിതി അംഗങ്ങൾ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഏത് ജില്ലയിൽ നിന്നും ഏത് ഭാഗത്ത് നിന്നും വരാം. അത് പ്രാദേശികമായ അടിസ്ഥാനത്തിൽ അല്ല. പത്തനംതിട്ട മെമ്പർഷിപ്പ് കുറവുള്ള ജില്ലയാണ്. അത്തരമൊരു ജില്ലയിൽ കൂടുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പ്രതീക്ഷിക്കാനാകില്ലെന്നും രാജു എബ്രഹാം പറഞ്ഞു.