പരീക്ഷയ്ക്ക് വരുന്ന ചോദ്യം ഉറപ്പ്; ഓഫറില്‍ പിന്നോട്ടില്ലാതെ എംഎസ് സൊലൂഷന്‍സ്

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് വീണ്ടും വമ്പിച്ച ഓഫറുമായി എംഎസ് സൊലൂഷന്‍സ്. ചോദ്യക്കടലാസ് ചോര്‍ത്തിയതിന് തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ക്ക് ഓഫറുമായി മുഹമ്മദ് ഷുഹൈബ് രംഗത്തെത്തിയത്. 199 രൂപയ്ക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് ഉറപ്പിക്കാം എന്നാണ് വാഗ്ദാനം.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കുമെന്നും ഓഫര്‍ വെളിപ്പെടുത്തികൊണ്ട് പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നു. മുഹമ്മദ് ഷുഹൈബിന്റെ ചിത്രം ഉള്‍പ്പെടെ വെച്ചുകൊണ്ടാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫിസിക്‌സ്, ഗണിതം, ബയോളജി, കെമിസ്ട്രി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളും സ്ഥാപനം പിഡിഎഫ് രൂപത്തില്‍ വിതരണം ചെയ്യും. ചോദ്യങ്ങളും ഉത്തരങ്ങളും ലഭിക്കുന്നതിനായി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അയക്കണം. ഇതിനോടൊപ്പം മെയില്‍ ഐഡി, കോണ്‍ടാക്ട് നമ്പര്‍ എന്നിവയും നല്‍കണം.
മൂവായിരത്തോളം പേര്‍ അംഗങ്ങളായിട്ടുള്ള എംഎസ് സൊലൂഷന്‍സിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ് എംഎസ് സൊലൂഷന്‍സിന്റെ ഉടമ മുഹമ്മദ് ഷുഹൈബ്. ഇയാളെ കൊടുവള്ളിയിലെ ഓഫീസിലും കുന്നമംഗലത്തുള്ള ബന്ധു വീട്ടിലും എത്തിച്ച് പരിശോധന നടത്തിയിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ പ്യൂണ്‍ അബ്ദുള്‍ നാസറിനെയും അറസ്റ്റ് ചെയ്തു.
പിന്നാലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. പ്യൂണിനെയും ഷുഹൈബിനെയും കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിവരികയാണ്.
പ്ലസ് വണിലെ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ ചോര്‍ന്ന കേസിലാണ് ഷുഹൈബ് അന്വേഷണം നേരിടുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ വകുപ്പ് തല നടപടികള്‍ തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശവും നല്‍കി. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ചോദ്യങ്ങള്‍ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്ന ഷുഹൈബ് നേരത്തെ പറഞ്ഞിരുന്നത്.