കളമശ്ശേരി ഗവ. പോളിടെക്നിക്കിൽ വൻ കഞ്ചാവ് വേട്ട; ഹോസ്റ്റലിൽ നിന്ന് പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി കളമശേരി ഗവ. പോളിടെക്നിക്കിൽ വൻ കഞ്ചാവ് വേട്ട. കോളജ് ഹോസ്റ്റലിൽ രാത്രിയാണ് റെയ്ഡ് നടന്നത്. പത്ത് കിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങൾക്കായി കോളേജ് ഹോസ്റ്റലിനുള്ളിൽ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. വെയിറ്റിംഗ് മെഷീൻ അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളിൽ ആക്കുന്നതിനിടെയായിരുന്നു പോലീസ് പരിശോധന.
പോലീസിന്റെയും ഡാൻസാഫിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് മൂന്ന് പേർ കളമശേരി പോലീസ് സ്റ്റേഷനിലാണ്. കൂടുതൽ പ്രതികൾ കേസിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. ഇന്നലെ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർഥികൾക്കായുള്ള തിരച്ചിലും നടത്തുന്നുണ്ട്.
ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മറ്റൊരു വിദ്യാർഥി ആകാശിന്റെ മുറിയിൽ നിന്ന് 1.9 കിലോ കഞ്ചാവും പിടികൂടി. രാത്രി തുടങ്ങിയ പരിശോധന പുലർച്ചെ നാല് മണി വരെ നീണ്ടു.