ശ്വാസം മുട്ടൽ ബാധിച്ച് മമ്മൂട്ടി ആശുപത്രിയിൽ; മഹേഷ് നാരായണൻ മൾട്ടിസ്റ്റാറർ ചിത്രത്തിൻ്റെ ഷൂട്ടിങ് മുടങ്ങിയെന്ന് അഭ്യൂഹം

ശ്വാസം മുട്ടൽ ബാധിച്ച് മമ്മൂട്ടി ആശുപത്രിയിലെന്ന് അഭ്യൂഹം. ചെന്നൈയിലെ ഒരു ആശുപത്രിയിൽ മമ്മൂട്ടി അഡ്മിറ്റാണെന്നാണ് വിവരം. അതുകൊണ്ട് തന്നെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മഹേഷ് നാരായണൻ മൾട്ടിസ്റ്റാറർ ചിത്രത്തിൻ്റെ ഷൂട്ടിങ് മുടങ്ങിയെന്നും സൂചനകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ചില ട്വിറ്റർ ഹാൻഡിലുകളാണ് മമ്മൂട്ടി ആശുപത്രിയിലാണെന്ന വിവരം പുറത്തറിയിച്ചത്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ അഭിനയിക്കുന്ന, മഹേഷ് നാരായണൻ്റെ സംവിധാനത്തിലൊരുങ്ങുന്ന മൾട്ടി സ്റ്റാറർ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് മമ്മൂട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമയുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണെന്നും മമ്മൂട്ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുന്ന മുറയ്ക്ക് ഷൂട്ടിങ് തുടരുമെന്നും സൂചനയുണ്ട്.
സിനിമ ഇതുവരെ കാണാത്തൊരു ദൃശ്യവിസ്മയമാവുമെന്ന് നേരത്തെ കുഞ്ചാക്കോ ബോബൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിലുള്ളത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയാണ് ഒരുങ്ങുന്നത്. തുടക്കത്തിൽ മമ്മൂട്ടിയെ നായകനാക്കി ആലോചിച്ച സിനിമയിലേക്ക് പിന്നീട് മറ്റ് താരങ്ങൾ എത്തുകയായിരുന്നു. ഇവർക്കൊക്കെ കരുത്തുറ്റ വേഷങ്ങളാണ് ഉള്ളതെന്ന് മഹേഷ് നാരായണൻ പറഞ്ഞിരുന്നു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി- മോഹൻലാൽ കോംബോ ബിഗ് സ്ക്രീനിൽ തിരികെയെത്തുന്ന എന്ന പ്രത്യേകതയാണ് സിനിമയ്ക്കുള്ളത്. 1988ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ – കുഞ്ചാക്കോ ബോബൻ എന്നിവർ ഒരുമിക്കുന്ന സിനിമ കൂടിയാണിത്.
ശ്രീലങ്ക, ലണ്ടൻ, ഷാർജ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഡങ്കി, തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മാനുഷ് നന്ദൻ ആണ് ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ബജറ്റ് 80 കോടി രൂപയാണെന്നാണ് സൂചനകൾ.