കളമശ്ശേരി പോളി കഞ്ചാവ് കേസ്: അനുരാജ് കഞ്ചാവ് വാങ്ങാൻ ഗൂഗിൾ പേ വഴി കൈമാറിയത് 16,000 രൂപ

കളമശ്ശേരി പോളി ടെക്നിക് കഞ്ചാവ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് വാങ്ങാനായി അനുരാജ് 16,000 രൂപ ഗൂഗിൾ പേ വഴി കൈമാറിയെന്ന് പിടിയിലായ ഷാലിക് മൊഴി നൽകി. കഞ്ചാവ് വാങ്ങാൻ കുറച്ച് പണം നേരിട്ടും കൈമാറിയിരുന്നു. അനുരാജ് ഇനിയും പണം നൽകാനുണ്ടെന്ന് ഷാലിക്ക് പറഞ്ഞു
അനുരാജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന ആരംഭിച്ചിട്ട് ആറ് മാസമായെന്നും മൊഴിയിൽ പറയുന്നു. നിലവിൽ ഹോസ്റ്റലിൽ നിന്ന് കണ്ടെത്തിയ രണ്ട് കിലോ അടക്കം നാല് കിലോ കഞ്ചാവ് അനുരാജിന് കൈമാറിയിട്ടുണ്ടെന്നാണ് ആഷിക്കും ഷാലിക്കും മൊഴി നൽകിയത്. ബാക്കിയുള്ള രണ്ട് കിലോ കഞ്ചാവിന് വേണ്ടി പോലീസ് തെരച്ചിൽ നടത്തുകയാണ്
ഇന്നലെയാണ് പോളിയിലെ മൂന്നാം വർഷ വിദ്യാർഥി അനുരാജിനെ പോലീസ് പിടികൂടിയത്. മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനുരാജിനെ പിടികൂടിയത്. വിദ്യാർഥിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.