തണൽ തേടി: ഭാഗം 60

എഴുത്തുകാരി: റിൻസി പ്രിൻസ്
അവനൊന്നും കണ്ണ് ചിമ്മി കാണിച്ചു. ചെരുപ്പൂരി രണ്ടുപേരും അമ്പലത്തിനകത്തേക്ക് കയറിയപ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയവാൻ പറഞ്ഞു
എനിക്ക് ഈ അമ്പലത്തിൽ ഒന്നും പോയി പരിചയമില്ല. ആകെ സപ്തദാഹത്തിനും ഉത്സവത്തിനും ആണ് പോയിട്ടുള്ളത്. ഇവിടുത്തെ കീഴ്വഴക്കങ്ങൾ ഒന്നും എനിക്ക് അറിയില്ല. അതുകൊണ്ട് എല്ലാം പറഞ്ഞു തരണം. അവള് ചിരിച്ചുകൊണ്ട് അവനോട് ഒപ്പം അമ്പലത്തിനുള്ളിലേക്ക് കയറി.
ശ്രീ കോവിലിന്റെ മുൻപിൽ നിന്ന് കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുമ്പോൾ തനിക്ക് ലഭിച്ച ഈ മനോഹരമായ ജീവിതത്തിന് നന്ദി പറയുകയായിരുന്നു ലക്ഷ്മി. അത്രമേൽ മികച്ച ഒരു ജീവിതം തന്നെയായിരിക്കും ഇത് എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.
സെബാസ്റ്റ്യന് പണത്തിന് മാത്രമാണ് കുറവുള്ളത്. ബാക്കിയെല്ലാം കൊണ്ടും അവൻ സമ്പന്നനാണ്. ബന്ധങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും. അങ്ങനെ എല്ലാംകൊണ്ടും അവൻ സമ്പന്നൻ ആണെന്ന് അവൾ ഓർത്തു.
തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങി നെറ്റിയിൽ തൊട്ടു. ഒപ്പം അത് അവന്റെ നെറ്റിയിലും ഒരല്പം തൊട്ടു കൊടുത്തിരുന്നു അവൾ. അവൻ ചിരിയോടെ അത് സ്വീകരിച്ചു.
പുറത്തേക്ക് ഇറങ്ങിയതും ബൈക്കിലേക്ക് കയറാൻ തുടങ്ങിയവളുടെ കയ്യിൽ പിടിച്ച് ഒന്നുകൂടി അവൻ ചോദിച്ചു.
ശരിക്കും ഇന്നലെ എന്താ നടന്നത്..?
അവന്റെ മുഖത്തെ ചമ്മൽ അവൾക്ക് വ്യക്തമായി കാണാമായിരുന്നു. അവൾക്ക് ചിരി വന്നു പോയി..
അത്രയ്ക്കൊന്നും ഇല്ല ഇദ്ദേഹം ഇന്നലെ എനിക്ക് ഒരു ഫ്ലയിങ് കിസ്സ് തന്നു അത്രേയുള്ളൂ
മടിയോടെ ആണെങ്കിലും അവൾ പറഞ്ഞു
അയ്യേ അത്രേ ഉള്ളോ, ഞാൻ വിചാരിച്ചു…
അവൻ പെട്ടെന്ന് ആശ്വാസത്തോടെ പറഞ്ഞു
എന്ത് വിചാരിച്ചു..?
അവളൊന്ന് അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..
ഒന്നും വിചാരിച്ചില്ലേ..?
അവൻ കൈ തൊഴുതു കൊണ്ട് പറഞ്ഞു..
പിന്നെ ഈ അതെ, ഇതെ എന്നല്ലാതെ ഇതുവരെ എന്നെ കാര്യമായിട്ട് ഒന്നും വിളിച്ചിട്ടില്ലല്ലോ.
അവൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ ചോദിച്ചു.
ഒരുപാട് വട്ടം ഞാനും ആലോചിച്ചു ആ കാര്യം എന്താ ഞാൻ വിളിക്കുന്നെ.?
അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു..
തനിക്ക് ഇഷ്ടമുള്ളത് എന്തും വിളിക്കാം, സെബാനെന്ന് വിളിച്ചോ എല്ലാരും എന്നെ അങ്ങനെയാ വിളിക്കുന്നേ.
പേരോ.?
എന്നെക്കാളും മുതിർന്നതല്ലേ എനിക്ക് മടിയാ
എങ്കിൽ പിന്നെ ഇച്ചായാന്ന് വിളിക്കുമോ..?
അല്പം ചമ്മലോടെ അവളുടെ മുഖത്തേക്ക് നോക്കിയാണ് ചോദ്യം
അത് കേൾക്കാൻ ഒരു സുഖമുണ്ട് അത് തന്റെ നാവിൽ നിന്ന് കേൾക്കണം എനിക്ക് വല്യ ആഗ്രഹമുണ്ട്.
അവൾ അവന്റെ മുഖത്തേക്ക് നോക്കി, അവൾ തലയാട്ടി
ശരി…
ചിരിയോടെ പറഞ്ഞു
എങ്കിൽ പിന്നെ കേറിക്കോ, ഇനി താമസിച്ചാൽ അമ്മച്ചി വാക്കത്തി എടുക്കും.
സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോൾ ചിരിയോടെ അവളും കയറിയിരുന്നു..
രണ്ടുപേരും വീട്ടിലേക്ക് ചെന്നപ്പോഴേക്കും അവിടെ തിരക്ക് തുടങ്ങിയിരുന്നു..
പിന്നെ ബ്യൂട്ടീഷന്റെ വരവായി ബ്യൂട്ടീഷൻ എത്തിയതും സെബാസ്റ്റ്യൻ നേരെ മുറിയിലേക്ക് പോയി. അവനെ ഒരുക്കാൻ ഒരു ആകെ എത്തിയത് സുഹൃത്തുക്കൾ മാത്രമായിരുന്നു. കുളികഴിഞ്ഞ് നന്നായി ഒന്ന് ഷേവ് ചെയ്ത് ഒരു ക്രീമും കൂടി ഇട്ടതോടെ സെബാസ്റ്റ്യന്റെ ഒരുക്കം കഴിഞ്ഞു. സെബാസ്റ്റ്യൻ പറഞ്ഞതുകൊണ്ട് തന്നെ വന്ന ബ്യൂട്ടീഷനോട് വളരെ നാച്ചുറൽ ആയിട്ടുള്ള മേക്കപ്പ് മതി എന്ന് പ്രത്യേകം പറഞ്ഞിരുന്നു ലക്ഷ്മി.
സാരിയുടുത്ത് മേക്കപ്പ് എല്ലാം കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് തൃപ്തികരമായിരുന്നു. മുടി പൊക്കി കെട്ടി വെച്ചിരിക്കുകയാണ്. തങ്ങളുടെ രീതിയിലുള്ള കല്യാണമാണെങ്കിൽ മുടി പിന്നിയിടുകയാണ് ചെയ്യുന്നത്. ഇത് നെറ്റ് കൂടി വച്ചിട്ടുണ്ട്. എങ്കിലും അവൾക്ക് അത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു.
ബന്ധുക്കളിൽ ചിലർക്കും അയൽവക്കത്തുള്ളവർക്കും ഒക്കെ രാവിലെ ഭക്ഷണവും കരുതിയിട്ടുണ്ടായിരുന്നു. ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ ബ്യൂട്ടീഷൻ സമ്മതിച്ചില്ല. അതോടെ അർച്ചന വന്നു വാരി തരുകയായിരുന്നു ചെയ്തത്. എങ്കിലും ഭക്ഷണം കഴിച്ചു. രണ്ടുപേർക്കും വേണ്ടി ഒരു വണ്ടിയാണ് ഒരുക്കിയിരുന്നത്. വണ്ടിയിലേക്ക് കയറി സെബാസ്റ്റ്യന്റെ അരികിൽ ഇരിക്കുമ്പോൾ അതുവരെ ഇല്ലാത്ത ഒരു നാണം തന്നെ പൊതിയുന്നതുപോലെ അവൾക്ക് തോന്നിയിരുന്നു…
ഡ്രൈവിംഗ് സീറ്റിൽ ശിവനാണ്.. മുൻപിൽ സിനിയും കയറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വണ്ടിയിലിരുന്ന് ഒന്നും സംസാരിക്കാൻ നിന്നില്ല. എങ്കിലും അവളുടെ കൈകൾക്ക് മുകളിൽ അവൻ കൈകൾ എടുത്ത് വെച്ചിരുന്നു. ശേഷം അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു..
ഗ്രേ നിറത്തിലുള്ള ഒരു സ്യൂട്ട് ആണ് അവന്റെ വേഷം. പള്ളിയിലേക്ക് ചെന്നപ്പോൾ തന്നെ ആളുകളൊക്കെ വന്നു തുടങ്ങി എന്ന് മനസ്സിലായിരുന്നു.. നിരവധി ആളുകൾ പള്ളിയിൽ എത്തിയിട്ടുണ്ട്. ക്യാമറാമാൻ പല പോസിൽ നിൽക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ പറയുന്നുണ്ട്. സെബാസ്റ്റ്യന്റെ അരികിൽ ചേർന്നു നിന്നും, അവനവളുടെ തോളത്തു കൂടി കയ്യിട്ടുമൊക്കെ ഒരുപാട് ചിത്രങ്ങൾ എടുക്കുന്നുണ്ട്. എല്ലാത്തിനും നിന്നു കൊടുത്തിരുന്നു.
അകത്തേക്ക് കയറി ആശിർവാദ പ്രാർത്ഥനയും താലി വാഴത്തലും ഒക്കെയായി കുറച്ച് അധികം നേരം എടുത്തു. അവസാനം ഏഴു നൂലിൽ ചാർത്തിയ മിന്നു അവളുടെ കഴുത്തിലേക്ക് അച്ഛൻ വച്ചുനീട്ടുമ്പോൾ സെബാസ്റ്റ്യൻ സ്വതവേ തന്റെ ചുണ്ടിൽ വിരിയുന്ന ചിരിയോടെ അത് സ്വീകരിച്ച് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. സിമി അത് ഒന്നുകൂടി മുറുക്കി കെട്ടുകയും ചെയ്തു..നിറകണ്ണുകളോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് അവൾ നോക്കി. അവൻ കുസൃതിയോടെ അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു. കണ്ണുകൾ അടച്ച് അവൾ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഇനിയുള്ള ജീവിതം സുന്ദരം ആവണം എന്ന്….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…