ലോകത്തെ സന്തോഷകരമായ രാജ്യങ്ങളിലൊന്ന് ട്രംപിന്‍റെ യാത്രാ വിലക്ക് പട്ടികയില്‍

ലോകത്തെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളിലൊന്നാണു ഭൂട്ടാന്‍. എന്നാല്‍ കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടം യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച 43 രാജ്യങ്ങളില്‍ ദക്ഷിണേഷ്യന്‍ രാജ്യമായ ഭൂട്ടാനും ഇടം പിടിച്ചത് ഏവരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലാണു ഭൂട്ടാന്‍ സ്ഥിതി ചെയ്യുന്നത്. വെറും എട്ട് ലക്ഷത്തില്‍ താഴെ മാത്രമാണു ഭൂട്ടാനിലെ ജനസംഖ്യ. ഓക്‌സ്‌ഫഡ് സര്‍വകലാശാലയും ഐക്യരാഷ്ട്രസഭയും വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഭൂട്ടാന്‍ പതിവായി മുന്‍നിര സ്ഥാനം അലങ്കരിച്ചുവരുന്നു. ഭൂട്ടാന്‍ ഒരു ബുദ്ധമത രാജ്യമാണ്. ആത്മീയതയും മതവും വളരെ ശക്തമായ സ്വാധീനം ചെലുത്തുന്നുമുണ്ട് ഇവിടെ. ഇത്തരത്തില്‍ ഒട്ടേറെ പ്രത്യേകത നിറഞ്ഞൊരു രാജ്യമാണ് ഇപ്പോള്‍ ട്രംപിന്‍റെ യാത്രാ വിലക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
എന്താണ് കാരണം?
ട്രംപിന്‍റെ രോഷത്തിന് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്, നിരവധി ഭൂട്ടാന്‍ പൗരന്മാര്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന കാലയളവിനപ്പുറം യുഎസില്‍ വിസാ നിയമങ്ങള്‍ ലംഘിച്ച് തങ്ങുന്നു എന്നതാണ്. ഇത് അമെരിക്കയെ സംബന്ധിച്ച് സുരക്ഷാതലത്തില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.
ഇതിനു പുറമേ, നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ യുഎസിലേക്ക് പ്രവേശിക്കുന്ന ഭൂട്ടാന്‍ വംശജരുടെ എണ്ണത്തില്‍ സമീപകാലത്തായി വന്‍ വര്‍ധനയാണുണ്ടായത്. ഇതും യുഎസ് ഭരണകൂടത്തിന്‍റെ ആശങ്കയ്ക്കു കാരണമായി.
യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഭൂട്ടാനില്‍നിന്ന് യുഎസ് സന്ദര്‍ശിക്കാനെത്തിയവരില്‍ 37% പേരും വിസ ചട്ടങ്ങള്‍ ലംഘിച്ചതായാണു കണ്ടെത്തിയിരിക്കുന്നത്. ഡിഎച്ച്എസ് ഡേറ്റ പ്രകാരം 2013നും 2022നുമിടയില്‍ യുഎസില്‍ അനധികൃതമായി താമസിച്ചതിന് 200 ഭൂട്ടാന്‍ പൗരന്മാരെ പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ട്രംപിന്‍റെ വിലക്ക്
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം 43 രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത്. യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വിലക്ക്. ഇതില്‍ റെഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളെയായിരിക്കും വിലക്ക് ഏറ്റവുമധികം ബാധിക്കുക. ഈ രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്ക് യുഎസിലേക്ക് യാതൊരു തരത്തിലുള്ള യാത്രകളും അനുവദിക്കില്ല. ഇത്തരം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതും യുഎസ് പൂര്‍ണമായും നിര്‍ത്തലാക്കും. 11 രാജ്യങ്ങളെയാണു റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂട്ടാന്‍ റെഡ് ലിസ്റ്റിലാണ് ഇപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്‍, ക്യൂബ, ഇറാന്‍, ലിബിയ, നോര്‍ത്ത് കൊറിയ, സൊമാലിയ, സുഡാന്‍, സിറിയ, വെനസ്വേല, യെമന്‍ എന്നീ രാജ്യങ്ങളും റെഡ് ലിസ്റ്റിലുണ്ട്.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, മ്യാന്‍മാര്‍ എന്നിവ ഓറഞ്ച് ലിസ്റ്റിലാണു സ്ഥാനം പിടിച്ചിരിക്കുന്നത്. ഓറഞ്ച് ലിസ്റ്റില്‍ 10 രാജ്യങ്ങളും യെല്ലോ ലിസ്റ്റില്‍ 22 രാജ്യങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
യുഎസ്-ഭൂട്ടാന്‍ ബന്ധത്തെ ബാധിക്കും
ഏറെക്കുറെ നല്ല രീതിയില്‍ മുന്നോട്ടുപോയിരുന്ന യുഎസ്-ഭൂട്ടാന്‍ ബന്ധത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം സാരമായി ബാധിക്കും. തീരുമാനം പുനപരിശോധിക്കണമെന്നു ഭൂട്ടാന്‍റെ വിദേശകാര്യ മന്ത്രാലയം യുഎസ്സിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.