ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അർജന്റീന; ലോകകപ്പ് യോഗ്യത നേടി

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീനയുടെ തകർപ്പൻ ജയം. മെസിയും ലൗട്ടാര മാർട്ടിനസും ഇല്ലാതെയാണ് അർജന്റീന മത്സരത്തിനിറങ്ങിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന 3-1ന് മുന്നിലായിരുന്നു
നാലാം മിനിറ്റിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ച് അർജന്റീന സ്‌കോറിംഗ് ആരംഭിച്ചു. ജൂലിയൻ അൽവാരസാണ് ഗോൾ നേടിയത്. 12ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ലീഡ് രണ്ടായി ഉയർത്തി. 26ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയിലൂടെ ബ്രസീൽ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ 37ാം മിനിറ്റിൽ അലക്‌സിസ് മാക് അലിസ്റ്റർ സ്‌കോർ നേടിയതോടെ അർജന്റീന 3-1ന് മുന്നിൽ
രണ്ടാം പകുതിയിൽ 71ാം മിനിറ്റിൽ സിമിയോണിയിലൂടെ അർജന്റീന നാലാം ഗോളും നേടിയതോടെ ബ്രസീൽ തോൽവി സമ്മതിച്ചു. ജയത്തോടെ അർജന്റീന ലോകകപ്പ് യോഗ്യതയും സ്വന്തമാക്കി. 14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണ് അർജന്റീനക്കുള്ളത്. 21 പോയിന്റുള്ള ബ്രസീൽ നാലാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യത നേടാൻ ബ്രസീൽ ഇനിയും കാത്തിരിക്കണം.