GulfSaudi Arabia

ലൈലത്തുൽ ഖദർ; റമദാനിലെ ഇരുപത്തിയേഴാം രാവ്: പ്രാർത്ഥനകളോടെ മക്ക മദീന ഹറമുകളിൽ ലക്ഷക്കണക്കിന് വിശ്വാസികളുടെ സംഗമം

ദൈവത്തിന്റെ മാലാഖമാർ ഭൂമിയിലേക്കിറങ്ങിവന്ന് വിശ്വാസികളുടെ കർമങ്ങൾക്ക് സാക്ഷിയാകുമെന്ന് വിശ്വസിക്കുന്ന ലൈലത്തുൽ ഖദർ പ്രതീക്ഷിച്ച് റമദാനിലെ ഇരുപത്തിയേഴാം രാവിൽ മക്ക മദീന ഹറമുകളിൽ ലക്ഷങ്ങൾ സംഗമിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ ഇരുഹറമുകളും പൂർത്തിയാക്കി. ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നു.

റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലെ ഒറ്റയായി വരുന്ന രാവുകളിൽ (റമദാൻ 21,23,25,27,29) ഏറ്റവും പ്രബലമായ രാവിലാണ് വിശുദ്ധ ഖുർആൻ അവതരിച്ചത്. ഇതിൽ 27-ാം രാവിലാണ് ലൈലത്തുൽ ഖദർ അഥവാ വിധിയുടെ രാത്രി എന്ന് വിശേഷണമുള്ള രാവ് എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രാത്രി നമസ്കാരങ്ങളിൽ മുഴുകുന്നവർക്ക് അവരുടെ മുൻകാല പാപങ്ങൾ മുഴുവനായി പൊറുക്കപ്പെടും എന്നുമുണ്ട്.

ഇരുഹറമുകളിലുമായി 30 ലക്ഷത്തിലേറെ വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖരായ ഇമാമുമാരാണ് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. രാവേറെ നീളുന്ന പ്രാർഥനകളുമുണ്ടാകും. നമസ്‌കാരങ്ങളിലെ മനോഹരമായ ഖുർആൻ പാരായണമാണ് ഹറമിലെ ആകർഷണം. മസ്ജിദുൽ ഹറമിലൊരുക്കിയ 8000 സ്പീക്കറുകൾ വഴി ഇത് കേൾക്കാനാവുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാത്രി 9 മണിയോടെ പ്രത്യേക നമസ്കാരങ്ങൾക്ക് തുടക്കമാവും. അതുകഴിഞ്ഞ് 12.30 മുതൽ പ്രത്യേക പുലർച്ച നമസ്കാരങ്ങൾ ആരംഭിക്കും. അതുകഴിഞ്ഞുള്ള പ്രാർത്ഥന പുലരി വരെ നീണ്ടുനിൽക്കും. ഇതിനുള്ള പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുള്ള മക്കാ നഗരം വിവിധ സൈനിക അർദ്ധസൈനിക വിഭാഗങ്ങളുടെ പൂർണ നിയന്ത്രണത്തിലാണ്.

Related Articles

Back to top button
error: Content is protected !!