Novel

നിലാവിന്റെ തോഴൻ: ഭാഗം 44

[ad_1]

രചന: ജിഫ്‌ന നിസാർ

“ശോ.. എനിക്കവരോട് സംസാരിച്ചു മതിയാവില്ല. എന്ത് നല്ല കുട്ടികളാ രണ്ടും “

ബൈക്കിലേക്ക് കയറും മുന്നേ ഫൈസിയുടെ ആത്മഗതം.
മീരയുടെ കടപ്പല്ലുകൾ ഞെരിഞ്ഞു അത് കേൾക്കെ.
പക്ഷേ അവളൊന്നും മിണ്ടിയില്ല.

“പെൺകുട്ടികളായ അങ്ങനെ വേണം. എന്തൊരു എളിമയാണ്.മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല “
ഹെൽമെറ്റ്‌ തലയിലേക്ക് എടുത്തു വെച്ച് കൊണ്ടവൻ അവരെ വർണിക്കുന്നത് തുടരവേ.. ആ നടുപ്പുറം നോക്കി നല്ലൊരു ഇടി വെച്ച് കൊടുക്കാനാണ് മീരക്ക് തോന്നിയത്.

വളരെ പണിപ്പെട്ടുകൊണ്ടാണ് ആ ആഗ്രഹം അവൾ അടക്കി നിർത്തിയതും.

“എങ്കിൽ ഇയാളോരു കാര്യം ചെയ്തേക്ക്. വീട്ടിൽ ചെന്നു പറഞ്ഞിട്ട് രണ്ടിനേം കൂടി അങ്ങ് കെട്ടിക്കോ. അപ്പൊ പിന്നെ ലൈഫ് ലോങ് വർത്താനം പറയാലോ. അത്ര നല്ല കുട്ടികളെ കൈ വിട്ട് കളഞ്ഞെന്ന് ഒരു കുറ്റബോധവും ഉണ്ടാവില്ല “

മങ്ങിയ ആ വെളിച്ചത്തിൽ മീരയുടെ മുഖത്തുള്ള ഭാവം ശെരിക്കും കാണാൻ കഴിഞ്ഞിരുന്നില്ല.
എന്നിട്ടും ആ പറച്ചില് കേട്ടതും ഫൈസി ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി.

“നല്ല ഐഡിയ ആണല്ലോ അത്.”

അവനും സമ്മതിച്ചു കൊടുത്തതോടെ ആ മുഖത്തിന്റെ കനമേറി.
വീണ്ടും അവിടെ തന്നെ നിന്നിട്ട് അവളെന്തോ പിറുപിറുകുന്നുന്നുണ്ട്.

“ഇപ്പൊ എന്തേ നിന്റെ ഉറക്കമൊക്കെ പോയോ?  വീട്ടിൽ പോണേ ന്ന് നിലവിളച്ചു വന്നിട്ട് ഇനി എന്ത് നോക്കി നിൽക്കുവാ.?കയറിങ്ങോട്ട് “

ചിരി മാറ്റി പിടിച്ചിട്ട് ഫൈസി പെട്ടന്ന് ഒച്ചയിട്ടതും മീരാ ഞെട്ടി പോയി.

“ഇച്ഛാ.. ശെരിക്കും വരില്ലേ?”

വീണ്ടും മീരാ അവനെ നോക്കി ചോദിച്ചു.

“അതിനു നിന്റെ ഇച്ഛാക്കറിയില്ല നീ ഇവിടിങ്ങനെ വടി പോലെ നിൽക്കുന്ന കാര്യം. നിന്നെ വീട്ടിൽ കൊണ്ട് പോയി തട്ടിയിട്ട് വേണം അവനെന്തു പറ്റിയെന്നു പോയി നോക്കാൻ. അത് കൊണ്ട് നിന്ന് താളം ചവിട്ടി കളിക്കാതെ ഇങ്ങോട്ട് കയറിയിരിക്ക് “
ഫൈസി കടുപ്പത്തിൽ അവളോട് പറഞ്ഞു.

“ഉറക്കം വന്ന് ബുദ്ധിമുട്ടി നിക്കുവല്ലേ നീ. തത്കാലം ഒറ്റ സൈഡിൽ ഇരിക്കാതെ ഞാനിരിക്കുന്ന പോലിരിക്ക്. അല്ലേൽ ഉറങ്ങി വീണാലോ. എനിക്ക് പണിയാകും “

ഒരു സൈഡിലേക്ക് എങ്ങി വലിഞ്ഞു കയറാൻ നിന്നവൾ അവന്റെ വാക്ക് കേട്ടതും അവിടെ തന്നെ നിന്നു.

അവനെ പിടിക്കാതെ ബൈക്കിലേക്ക് കയറാനുള്ള അവളുടെ പെടാപ്പാട് കണ്ടിട്ട് ഫൈസിക്ക് ചിരി വരുന്നുണ്ട്.
പക്ഷേ ഒന്നും മിണ്ടാതെ അവൻ അതേ ഇരിപ്പ് തുടർന്നു.

ഒടുവിൽ തോറ്റത് പോലെ അവന്റെ തോളിൽ കൈ പിടിച്ചിട്ടാണ് മീരാ കയറിയിരുന്നത്.

ഇരുന്ന നിമിഷം തന്നെ അവളാ കൈ വലിച്ചെടുത്തു.

“പോവാം.. ഒക്കെയല്ലേ?

തല ചെരിച്ചു കൊണ്ട് ഫൈസി ചോദിച്ചതും മീരാ പതിയെ മൂളി.

“പിടിച്ചിരിക്കണം. താഴെ വീഴരുത്.”

വണ്ടി മുന്നോട്ടെടുക്കവേ അവൻ ഓർമ്മിപ്പിച്ചു.

സൈഡിലും ബൈക്കിന്റെ പിന്നിലും പിടിച്ചിരിക്കാനൊരിടം തേടി അവളുടെ കൈകൾ പരതി.

ഒടുവിലാ കൈകൾ ഫൈസിയുടെ തോളിൽ അമർന്നു.

ഹൃദയമൊന്നാകെ കുളിർന്നത് പോലെ.. അവനൊന്നു വിറച്ചു.
ചുണ്ടിലെ ചിരിയോടെ അവനുള്ളിലെ സന്തോഷം പുറത്തേക്ക് ഒഴുകി.

“എന്റെ.. നമ്പർ നിനക്കെങ്ങനെ കിട്ടി?”

പെട്ടന്നാണ് ഫൈസിയത് മീരയോട് ചോദിച്ചത്.

“അത്… പിന്നെ.. ആഹ്.. ഇച്ഛന്റെ ഫോണിൽ.. ഫോണിൽ നിന്നും കിട്ടിയതാ “

അവളാ പറഞ്ഞതിന് അവനൊന്നു മൂളുക മാത്രം ചെയ്തു.

“വിശക്കുന്നുണ്ടോ?”

മുഖം ചെരിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ.. കടുപ്പമോ മുറുക്കാമോ ഇല്ലാതെ അങ്ങേയറ്റം മൃദുവായിരുന്നു ആ സ്വരം.

“ഇല്ല.. പോരും വഴി  കഴിച്ചു.”

മീരയുടെ പതിഞ്ഞ ശബ്ദം.. തന്റെ ഇടനെഞ്ചിൽ തുടിക്കുന്നത്.
അത്രയുമരികെ അവൾ ആദ്യമായാണ്.

“എങ്ങനെയുണ്ടായിരുന്നു യാത്ര..? എൻജോയ് ചെയ്‌തോ?”

“മ്മ്..”

പിന്നെയൊന്നും ചോദിച്ചില്ലയെങ്കിലും ഹൃദയം വല്ലാത്തൊരു നിർവൃതിയെ പേറുന്നുണ്ടായിരുന്നു.

തുറന്നു പറയാത്തൊരു പ്രണയത്തിന്റെ ഭാരം കൊണ്ടവന് ശ്വാസം മുട്ടുന്നുണ്ട്.

തൊട്ടരികിൽ അവളുണ്ടെന്ന ഓർമയവന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നുണ്ട്.

ആളും ബഹളങ്ങളും ഒഴിഞ്ഞ… സ്ട്രീറ്റ് ലൈറ്റ് പ്രകാശം പരത്തി നിൽക്കുന്ന നഗരവഴികളിൽ കൂടി പതിയെ ആണവൻ ബൈക്ക് ഓടിക്കുന്നത്.

വേഗത കൊണ്ട് തോൽപ്പിക്കാൻ ഇഷ്ടപെടാത്ത കുറേ നല്ല നിമിഷങ്ങളെയും താലോലിച്ചു കൊണ്ട്.

“ഉറക്കം വരുന്നുണ്ടെങ്കിൽ പറയണേ?”
ഒരിക്കൽ കൂടി പിന്നിലേക്ക് മുഖം ചെരിച്ചു കൊണ്ടവൻ പറഞ്ഞു.

“മ്മ് “
കാറ്റിൽ പാറി കളിക്കുന്ന മുടിയിഴകളെ ഒതുക്കി കൊണ്ടവൾ മൂളി.

ഇരുപതു മിനിറ്റ് നേരത്തെ പ്രണയാർദ്ര നിമിഷങ്ങൾക്കൊടുവിൽ മീരയുടെ വീടിന്റെ മുന്നിൽ ഫൈസി ബൈക്ക് നിർത്തി.

“ഇറങ്ങുന്നില്ലേ?”
വണ്ടി ഓഫ് ചെയ്തു ഹെൽമെറ്റ്‌ അഴിച്ചിട്ടും പിന്നിലിരിക്കുന്നവൾ അനങ്ങുന്നില്ലെന്ന് കണ്ടതും വീണ്ടും മുഖം ചെരിച്ചു കൊണ്ടവൻ ചോദിച്ചു.

ഇടതു സൈഡിൽ അവന്റെ തോളിൽ പിടിച്ച മീരയുടെ കൈകളിൽ ഫൈസിയുടെ കവിൾ ചേർന്നു.

ഞെട്ടി കൊണ്ടവൾ കൈകൾ വലിച്ചു.

അവന്റെ മുഖത്തുള്ള ചിരി അവൾ കാണാതിരിക്കാൻ ഫൈസി മുന്നോട്ടു നോക്കിയിരുന്നു.

അവനെ പിടിക്കാതെ ഇറങ്ങുകയെന്നതും റിസ്ക് ആണെന്ന് മനസ്സിലാക്കി വീണ്ടും ആ തോളിലേക്ക് മീരയുടെ കൈകൾ ചേർന്നു.

താഴെയിറങ്ങി തല കുനിച്ചു നിൽക്കുന്നവളെ ഫൈസി കണ്ണിൽ നിറക്കും പോലെ നോക്കി.

തോളിൽ കിടക്കുന്ന ബാക്ക് ബാഗിന്റെ തൂങ്ങി കിടക്കുന്ന വള്ളിയിൽ ഞെരടി കൊണ്ടവൾ അവന് മുന്നിൽ നിന്നു.

മുന്നിലെ ലൈറ്റ് കത്തി കിടക്കുന്നുണ്ട്.
വണ്ടിയുടെ ശബ്ദം കേട്ടതും വാതിൽ തുറന്നു കൊണ്ട് ശാരി പുറത്തേക് വന്നിരുന്നു.

“മീരേ…”
ആധിയോടെ അവരുടെ ശബ്ദം.

“ആഹ് അമ്മാ “
നിന്നിടത്ത് നിന്നും മീരയും വിളി കേട്ടു.

“ക്രിസ്റ്റി അല്ലേ അത്?”
ബൈക്കിൽ തന്നെ ഇരിക്കുന്ന ഫൈസിയെ ആ വെളിച്ചത്തിൽ ക്ലിയർ ആയിട്ട് കാണുന്നുണ്ടായിരുന്നില്ല.

“അല്ല ആന്റി. ഞാൻ ഫൈസിയാ. ക്രിസ്റ്റി എന്നോട് പറഞ്ഞിരുന്നു മീരയെ പിക്ക് ചെയ്യാൻ.”
ശാരിയോട് വിളിച്ചു പറയുന്നവനെ നോക്കി മീരാ.

“ചുമ്മാ..”ആ നോട്ടം കണ്ടതും അവനൊന്നു കണ്ണടച്ച് കൊണ്ട് പറഞ്ഞു.

“ആഹ്.. ഞാനോർത്തു ക്രിസ്റ്റി ആണെന്ന്. കയറുന്നില്ലേ നീ “
ശാരി വീണ്ടും ചോദിച്ചു.

“ഇല്ലാന്റി. എനിക്കൊരിടം കൂടി പോവാനുണ്ട്. “അതും പറഞ്ഞു കൊണ്ടവൻ ഹെൽമെറ്റ്‌ തിരിച്ചു വെച്ചു.

“പോയിക്കോ..”
അകത്തേക്ക് പോവാതെ തന്നെ നോക്കി നിൽക്കുന്ന മീരയോട് ഫൈസി പറഞ്ഞു.

“ഇച്ഛക്ക്… എന്തെങ്കിലും..”
അത് പറയാൻ പോലും ഭയന്നിട്ട് അവളുടെ സ്വരം വിറച്ചു പോയി.

“ഒന്നുമില്ല. അവന്റെ ഫോണിനു എന്തേലും പ്രോബ്ലം കാണും. ഇത്തിരി മുന്നേ കൂടി എന്നോടൊപ്പം ഉണ്ടായിരുന്നു “
ഫൈസി പറഞ്ഞു.

“ഞാൻ അവന്റെ അരികിലേക്കാണ് പോണത്. അവിടെത്തിയിട്ട് നിന്നെ വിളിക്കാൻ പറയാം. പോരെ “

വീണ്ടും അവിടെ തന്നെ നിൽക്കുന്നവളോട് ഫൈസി ചിരിച്ചു കൊണ്ട് പറഞ്ഞതും ആ മുഖം തെളിഞ്ഞു.

അവന്റെ നേരെ നോക്കി തലയാട്ടി കൊണ്ടവളും ചിരിച്ചു.

“പോയി കിടക്ക്.. നിനക്കുറക്കം വരുന്നില്ലേ?”

കള്ളചിരിയോടെ അതും പറഞ്ഞിട്ട് അവനാ ബൈക്ക് സ്റ്റാർട് ചെയ്തു.

മീരയുടെ അരികിലിട്ട തന്നെ അവനത് തിരിച്ചു.

“ബൈ…”
മുഖം ചെരിച്ചു കൊണ്ടവൻ വീണ്ടും യാത്ര പറഞ്ഞു.

                         ❣️❣️❣️❣️

ബെഡിൽ കിടക്കുന്ന ദിൽനയുടെ അപ്പോഴത്തെ അവസ്ഥ പോലും ഓർക്കാതെ അവളെ അടിക്കുന്ന വർക്കിയേ ക്രിസ്റ്റി തള്ളി മാറ്റി.

“നിങ്ങക്കെന്താ ഭ്രാന്ത് പിടിച്ചോ? അവൾക്കൊട്ടും വയ്യ “

ദേഷ്യത്തോടെ ക്രിസ്റ്റി അയാളെ നോക്കി.

അവന്റെ നേരെയൊന്ന് തുറിച്ചു നോക്കിയിട്ട് വീണ്ടും വർക്കിയുടെ കണ്ണുകൾ കിടക്കയിൽ ചൂളി ചുരുങ്ങിയിരിക്കുന്ന ദിൽനയുടെ നേരെയായി.

“ഭ്രാന്ത് എനിക്കല്ല.. ദേ ഇവൾക്കാണ്. കാമഭ്രാന്ത് “

പല്ല് കടിച്ചു പിടിച്ചു കൊണ്ടായാൾ പറഞ്ഞത് കേട്ടാണ് ഡെയ്സി വാതിൽ തുറന്നു കൊണ്ടങ്ങോട്ട് കടന്നു വന്നത്.

കിടക്കയിൽ തല ഒടിഞ്ഞത് പോലെ കുനിഞ്ഞിരിക്കുന്ന മകളെ നോക്കി മരവിച്ചത് പോലെ അവരാ ചുവരിൽ ചാരി.

കരച്ചിലൊന്നുമില്ല.
നിർജീവമായ കണ്ണുകളിൽ ഒരായിരം ചോദ്യങ്ങളുണ്ട്.

ഒറ്റ നോട്ടത്തിൽ തന്നെ ക്രിസ്റ്റിക്കത് മനസ്സിലായി.

ദിൽനയുടെ മുടിയെല്ലാം അഴിഞ്ഞു പോയിരുന്നു.
കണ്ണീർ കൊണ്ടവളുടെ മുഖം മുഴുവനും നനഞ്ഞു കുതിർന്നു.

തേങ്ങലിനൊപ്പം വെട്ടി വിറക്കുന്ന ആ ശരീരം.

പനി അൽപ്പം ഒന്നയഞ്ഞിട്ടുണ്ട്.

“മതിയായില്ലേ.. തള്ളക്കും മോൾക്കുമിപ്പോ തൃപ്തിയായില്ലേ. എന്നെ നാണം കെടുത്തിയപ്പോ?”

അലറും പോലെ ചോദിച്ചു കൊണ്ടയാൾ വീണ്ടും അവൾക്ക് നേരെ തിരിച്ചെത്തും ക്രിസ്റ്റി തടഞ്ഞു.

“ഇതൊരു ഹോസ്പിറ്റലിൽ ആണ്. പതിയെ അലറി പൊളിക്ക് “

കനമേറിയ അവന്റെ വാക്കുകൾ.

ഗൗരവം നിറഞ്ഞ മുഖം.

അവനു മുന്നിൽ താൻ തോറ്റു പോയെന്ന് തോന്നിയ വർക്കിയുടെ സമനില തെറ്റുന്നുണ്ടായിരുന്നു.

ദിൽനയെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു ആ മുഖം നിറയെ.

“തള്ളയെ കണ്ടല്ലേ മക്കൾ പഠിക്കുന്നത്.”
അവസാനം… ഏറ്റവും അവസാനം ഒരമ്മ കേൾക്കേണ്ടി വരുന്ന ആ ആരോപണം കൂടി ഡെയ്സിക്ക് നേരെ ചീറിയെത്തി.

ഒരക്ഷരം മിണ്ടാതെ കിടക്കയിൽ ഇരിക്കുന്ന ദിൽനയുടെ നേരെയാണ് ആ കണ്ണുകൾ അപ്പോഴും.
“ദിൽനക്ക് പറ്റിയ തെറ്റിന്റെ പൂർണ്ണ ഉത്തരവാദി.. അത് അവളുടെ അപ്പനായ നിങ്ങൾക്കാണ് “

ക്രിസ്റ്റിയുടെ വിരൽ വർക്കിക്ക് നേരെ നീണ്ടു.

അയാൾ അവനെ തുറിച്ചു നോക്കി.

“അത് പറയാൻ നീ ആരാടാ ചെറ്റേ?”
അവന്റെ നേരെ ചീറി വന്നെങ്കിലും ക്രിസ്റ്റിയുടെ നോട്ടത്തിന് മുന്നിൽ പതറി പോയ വർക്കി സഡൻ ബ്രേക്ക്‌ ഇട്ടത് പോലെ നിന്ന് പോയി.

“ഞാൻ ആരാണെന്നും… എനിക്കെന്താ കാര്യമെന്തെന്നും പിന്നെ തീരുമാനിക്കാം. ഇപ്പൊ.. ഇവളുടെ പ്രശ്നം തീർക്കാൻ നോക്ക് നിങ്ങളാദ്യം.”

പുച്ഛത്തോടെ ക്രിസ്റ്റി പറഞ്ഞതും വർക്കിയുടെ മുഖം കൂടുതൽ ഇരുണ്ടു.

ക്രൂരത നിറഞ്ഞ അയാളുടെ കണ്ണുകൾ ദിൽനയുടെ നേരെ വീണ്ടും ചെന്നു.
ഒരുപക്ഷെ ക്രിസ്റ്റി അവൾക്കൊരു മറയായി അവിടില്ലായിരുന്നുവെങ്കിൽ അയാൾ അവിടെയിട്ട് തന്നെ അവളെ തല്ലി കൊന്നേനെ.

അത്രയും ദേഷ്യമുണ്ട് അയാൾക്ക്.

അതവൾക്ക് തെറ്റ് പറ്റിയെന്ന് മാത്രം ഓർത്തിട്ടല്ല.
ക്രിസ്റ്റിക്ക് മുന്നിൽ താൻ തോറ്റു പോകുമോ എന്നാ ഭയമാണ് ഏറെയും.

“ആ ഡോക്ടറെ പോയെന്നു കാണ്. അയാൾ പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുന്നേ.”

വർക്കിയേ നോക്കാതെ ക്രിസ്റ്റി ആവിശ്യപ്പെട്ടു.

“അങ്ങോട്ട്‌ ചെയ്യട്ടെ ടാ. എന്തായാലും നിനക്കെന്താ.? നിന്റെ ആരാണ് ഇവൾ.? നിനക്കിപ്പോ സന്തോഷമല്ലേ? എന്റെ നാശം ആഗ്രഹിച്ചു നടക്കുന്ന നിനക്ക് കിട്ടിയ നല്ലൊരു അവസരമായില്ലേ?ആഘോഷിക്ക് നീ. നന്നായി ആഘോഷിക്ക്.”
ക്രിസ്റ്റിയെ നോക്കി അപ്പോഴും അയാൾ പറഞ്ഞത് അതാണ്.

അയാളെ നോക്കി അവനൊന്നു നെടുവീർപ്പിട്ടു.

“എന്റെ പേര് വർക്കി ചെറിയാൻ എന്നല്ല. ക്രിസ്റ്റിയാണ് ഞാൻ. എന്റപ്പൻ ഫിലിപ്പാണ്. മറ്റുള്ളവരെ വീഴ്ച്ചകളിൽ കൂടുതൽ ചവിട്ടി താഴ്ത്തി രസിക്കാൻ പഠിച്ചിട്ടില്ല ഞാൻ.. എന്നും.”
കടുപ്പമേറിയ അവന്റെ വാക്കുകൾ..

ഡെയ്സിയുടെ കണ്ണുകൾ അവന് നേരെ നീണ്ടു.

പെടുന്നനെ ആ കണ്ണുകൾ നിറഞ്ഞു.
മകളെ ഓർത്തായിരുന്നില്ല അത്.

അവസരം കിട്ടുമ്പോഴൊക്കെ ആ മകൾ പുച്ഛത്തോടെ കണ്ടിരുന്ന ആ മകൻ അവൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്നായോർമയിലാണത്.

“ഇനി കുറേ കണ്ണീരൊലിപ്പിച്ചിട്ട് എന്താടി കാര്യം?  പെണ്മക്കളെ പെറ്റു കൂട്ടിയ പോരാ. അവരെ നല്ല രീതിയിൽ വളർത്താൻ അറിയണം നിനക്കതിനുള്ള കഴിവില്ല. ഏതു നേരവും കുത്തിയിരുന്ന് കരഞ്ഞോളും അതിന് കൊള്ളാം നിന്നെ. ശവം. നിന്നെ കണ്ട് പഠിച്ചിട്ടാ നിന്റെ മകളും ഇങ്ങനെ പിഴച്ചു പോയത്. കെട്ട്യോൻ ചത്തിട്ടു ഒരാണ്ട് തികയും മുന്നേ എന്റെ പിടലിയിൽ കയറി തൂങ്ങിയ നീയല്ലേ. നിന്റെ മകൾക്കും നിന്റെ…”

അത് പറഞ്ഞു കൊണ്ടയാൾ ഡെയ്സി ക്ക് മുന്നിലേക്ക് കയറി നിന്നു.
ഡെയ്സിയുടെ കണ്ണുകൾ ക്രിസ്റ്റിക്ക് നേരെയാണ്.
അവന് മുന്നിൽ ഇത്രയും നീചമായി അയാൾ ആദ്യമായിട്ടാണ് സംസാരിക്കുന്നത്.
അസഹിഷ്ണുത നിറഞ്ഞ അവന്റെ മുഖത്തേക്ക് ഡെയ്സി വിങ്ങലോടെ നോക്കി.

ക്രിസ്റ്റിയെ തോൽപ്പിക്കാൻ എളുപ്പത്തിൽ കഴിയുന്ന രീതി.. അത് ഡെയ്സിയുടെ നേരെ തിരിയുകയാണെന്നത് അയാൾ മുന്നേ മനഡിലാക്കിയതാണ്.

നിന്റെ മകൾ..

അന്ന് മുതൽ… ആ നിമിഷം മുതൽ ദിൽന തന്റെ മാത്രം മകളായി എന്ന് ഡെയ്സി ഓർത്തു.

അത് വരെയും അവൾക്ക് എന്ത് ചെയ്യാനും കൂടെ നിന്ന പപ്പയുടെ മകൾ.. അന്ന് മുതൽ മമ്മയുടേത് മാത്രമാണ്. ഇനിയാ തെറ്റിന്റെ പഴി മമ്മക്ക് മാത്രം അവകാശപെട്ടതാണ്!

“ഞാനല്ല.. നിങ്ങളാണ്. അവളെ ഇന്നീ രീതിയിൽ കാണേണ്ടി വന്നത് നിങ്ങൾ കാരണമാണ് “

കണ്ണിൽ കനാലുണ്ടായിരുന്നു ഡെയ്സി അത് പറയുമ്പോൾ.

വർക്കി കോപം കൊണ്ട് ജ്വലിക്കുന്ന പോലായി. ക്രിസ്റ്റിക്ക് മുന്നിൽ വെച്ചാണ് ആ വെളിപ്പെടുത്തൽ എന്നതും അയാളെ തീർത്തും തളർത്തി കളഞ്ഞു.

“എല്ലാത്തിനും കുട പിടിച്ചിട്ട്.. ഇനി നിന്ന് ചെലക്കുന്നോടി നാശമേ..”
കൈ ഉയർത്തി കൊണ്ടയാൾ അവർക്ക് നേരെ തിരിഞ്ഞു.

പക്ഷേ ക്രിസ്റ്റിയുടെ കരുത്തുള്ള കൈക്കുള്ളിൽ അയാളുടെ ഉയർത്തിയ കൈ ഞെരിഞ്ഞമർന്നു.

“ആ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. ദിൽന ചെയ്തു പോയ തെറ്റിന്റെ മുഴുവനും ഉത്തരവാദിത്തം നിങ്ങൾക്ക് അർഹിക്കുന്നതാണ്. അത് ഏറ്റെടുത്തെ പറ്റൂ “

മുറുകിയ അവന്റെ മുഖം.. വാക്കുകൾ.

വർക്കിയുടെ രോഷം പതിയെ കേട്ടടങ്ങി.

ഇത് വരെയും ഇത് പോലൊരു  മുഖം അവനിൽ കണ്ടിട്ടില്ല അയാൾ.

ഡെയ്സിയുടെ കണ്ണുകളും ക്രിസ്റ്റിയിലാണ്‌.

“ഇത് നിങ്ങളുടെ കുടുംബമായിരിക്കാം സമ്മതിച്ചു. എനിക്കവിടെ യാതൊരു റോളുമില്ല. അതും സമ്മതിച്ചു ഞാൻ. പക്ഷേ.. ആ കിടക്കുന്നതിനും ജീവനുണ്ട്. അതിന്റെ മനസും വേദനിക്കുന്നുണ്ട് ചെയ്തു പോയ തെറ്റിനെ ഓർത്തു കൊണ്ട്.”

ദിൽനയുടെ നേരെ ക്രിസ്റ്റിയുടെ വിരൽ നീണ്ടു. ശബ്ദം ഉയർന്നു.

അവളുടെ തേങ്ങൽ കുറച്ചു കൂടി ഉച്ചത്തിൽ കേൾക്കാൻ കഴിഞ്ഞു ആ നിശബ്‍ദയിൽ.
മുഖം കുനിഞ്ഞ് തന്നെയാണ് ഇരിക്കുന്നത് അപ്പോഴും.

“ഇനിയെങ്കിലും ഞാൻ പറയുന്നതൊന്നു കേൾക്ക്. എന്നോടുള്ള സ്നേഹം കൊണ്ടൊന്നും ചെയ്യേണ്ട. തമ്മിൽ തല്ലി തീർക്കാനുള്ള സമയമില്ല. പോലീസ് കേസായ പേരും പെരുമായും പോവുന്നെങ്കിൽ അങ്ങ് പോട്ടെ പുല്ലെന്ന്  കരുതാം. പറയാൻ വേറൊരു വിഷയം കിട്ടുമെങ്കിൽ ആൾക്കാർ മറക്കും. പക്ഷേ.. അത് പോലല്ല.. അവളെ ലോകം കാണാൻ പോണത് പിന്നെ.. അവളിൽ അത് നൽകുന്ന ഷോക്ക്  ചെറുതാവില്ല.”

ദിൽനയെ നോക്കിയിട്ടാണ് ക്രിസ്റ്റി പറയുന്നത്.

“ആദ്യം നിങ്ങൾ ഡോക്ടറെ പോയെന്നു കണ്ടിട്ട് പോലിസിൽ അറിയിക്കരുത് എന്നൊന്നു റിക്വസ്റ്റ് ചെയ്തു നോക്ക്. അത് കഴിഞ്ഞിട്ട്.. സ്വന്തം മകളോടൊന്ന് ചോദിക്ക്.. നിങ്ങളാണ് അത് ചോദിക്കാൻ ഏറ്റവും ഉത്തമൻ.അവളെ ആ തെറ്റിലേക്ക് നയിച്ച ഒരാളുണ്ടാവുമല്ലോ? അവനെ കണ്ട് പിടിക്കണം. ശിക്ഷ കൊടുക്കേണ്ടത് അവന് കൂടിയാണ്. ഇനിയെങ്കിലും അവളുടെ അച്ഛനായി അതെങ്കിലും ചെയ്യ് “
പരുഷമായി അതും പറഞ്ഞിട്ട് ആ വാതിൽ തുറന്നു കൊണ്ടവൻ പുറത്തേക്കിറങ്ങി പോയി…

രാത്രി അപ്പോഴേക്കും ഒരുപാട് വളർന്നു പോയിരുന്നു.

                             ❣️❣️❣️

കണ്ണടച്ചു കിടന്നിട്ടും ഉറക്കം തിരിഞ്ഞു നോക്കാത്ത കലിപ്പോടെ പാത്തു എഴുന്നേറ്റിരുന്നു.

വാതിൽ തുറന്നു പുറത്തേക്കിറങ്ങാനിപ്പോ യാതൊരു ഭയവുമില്ല.

ഷാഹിദ് ഒരുക്കിയ സംരക്ഷണകവചം പൊട്ടിക്കാനുള്ള ധൈര്യമൊന്നും അറക്കലുള്ള ആർക്കുമില്ലെന്ന് അവൾക് മനസ്സിലായതാണ്.

ഇഷ്ടമുള്ളത് കഴിക്കാം.. ഇഷ്ടമുള്ളടത്തിരിക്കാം. ഇഷ്ടമുള്ളത് ചെയ്യാം.

ആരുമില്ല ചട്ടങ്ങളുടെ ചങ്ങല കണ്ണികൾ പഠിപ്പിച്ചു ഭയപ്പെടുത്താൻ.

ആരുമില്ല ശകാരങ്ങൾ കൊണ്ട് മനസ്സ് മടുപ്പിക്കാൻ.
എന്നിട്ടും എന്തേ പൊതിഞ്ഞു നിൽക്കുന്ന ശൂന്യതകിത്ര കട്ടി…

അതാണവളെ അസ്വസ്ത്ഥതപ്പെടുത്തുന്നത്.

കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടൊരുവൻ ഉറക്കം പോലും കവർന്നിരിക്കുന്നു.

അവനെ ഓർക്കുമ്പോൾ പൊതിയുന്ന കുളിര്…
ചിലപ്പോൾ ശ്വാസം കിട്ടാതെയുള്ള പിടച്ചിൽ..

ഇതെല്ലാം ഇന്നോളം അനുഭവിച്ചിട്ടില്ലാത്തവളുടെ മനസ്സിലെ ആകുലത ഏറെയായിരുന്നു.

ഒരിക്കൽ കൂടി അവനോയൊന്ന് കണ്ടാൽ ശാന്തമായികൊള്ളാം എന്നൊരു വാശിയുണ്ടോ ഹൃദയത്തിന്?

ഒരിക്കൽ കൂടി അവനെയൊന്ന് കാണിച്ചു തന്നാൽ പിടച്ചിലൊതുക്കി കൊള്ളാം എന്നുള്ള കൊഞ്ചലുണ്ടോ കണ്ണുകൾക്.

നീളൻ ഇടനാഴിയിലെ മരപ്പടിയിൽ പിടിച്ചു പുറത്തെ ഇരുട്ടിലേക്ക് നോക്കി നിക്കുമ്പോൾ അവൾക്കവനെയൊന്ന് കാണാനുള്ള ആഗ്രഹം അത്രമേൽ ശക്തമാവുകയായിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button